ബിസിനസുകാര്‍ പറയുന്നു; കോവിഡ് കാലം അതിജീവിക്കാന്‍, വേണം സര്‍ക്കാരിന്റെ പിന്തുണ

Update: 2020-04-07 10:17 GMT

ഇന്നേ വരെ കണ്ടിട്ടില്ലാത്ത സാമൂഹ്യ സാമ്പത്തിക അവസ്ഥയിലൂടെയാണ് ലോകം കടന്നു പോകുന്നത്. വര്‍ഷങ്ങളുടെ അധ്വാനത്തിലൂടെ കെട്ടിപ്പടുത്ത ബിസിനസുകളും മറ്റും ഇനി എങ്ങോട്ടെന്നറിയാതെ പകച്ചു നില്‍ക്കുന്നു. സര്‍ക്കാരും ബിനിസുകാരും ജീവനക്കാരും തൊഴിലാളി യൂണിയനുകളും സമൂഹവും എല്ലാം ഒന്നിച്ചു കൈകോര്‍ത്തു നിന്നാല്‍ മാത്രമേ ഇനി ഒരു മുന്നോട്ടുപോക്കുണ്ടാകൂ. ലോക്ക് ഡൗണ്‍ കഴിഞ്ഞ് വീണ്ടും ബിസിനസുകള്‍ പഴയ സ്ഥിതിയാലാകണമെങ്കില്‍ സര്‍ക്കാര്‍ എന്താണ് ചെയ്യേണ്ടത്? കേരളത്തിലങ്ങോളമിങ്ങോളമുള്ള ബിസിനസുകാര്‍ പങ്കുവച്ച ആശയങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ വയ്ക്കുകയാണ് ധനം ഓണ്‍ലൈന്‍.

വ്യാപാര സ്ഥാപനങ്ങളും ചെറുകിട വ്യവസായ ശാലകളും അടഞ്ഞു കിടക്കുന്നതിനാല്‍ വില്‍പ്പനയും ഉല്‍പ്പാദനവും ഇല്ലാത്ത അവസ്ഥയില്‍ വൈദ്യുതി ചാര്‍ജിലും വായ്പയിലും വാടകയിലും നികുതികളിലും ഉള്‍പ്പെടെ ഇളവുകള്‍ വേണമെന്നാണ് വ്യാപാര വ്യവസായ മേഖലയിലെ സംരംഭകര്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരിക്കും ചെറുകിട വ്യവസായ അസോസിയേഷന്‍ നിവേദനം നല്‍കിയിട്ടുമുണ്ട്. സംരംഭകരുടെ വാക്കുകളിലേക്ക്…

വിവിധ മേഖലകള്‍ക്ക് സഹായകമാകുന്ന പദ്ധതികള്‍ വരണം

തോമസ് ജോര്‍ജ് മുത്തൂറ്റ്, ഡയറക്റ്റര്‍, മുത്തൂറ്റ് ഫിന്‍കോര്‍പ്

കേരളത്തിലെ എല്ലാ സംരംഭകരും ഒരു പോലെ പ്രശ്‌നത്തിലായി പോയ ഒരു അവസ്ഥയാണ് ഇന്ന് നിലനില്‍ക്കുന്നത്. എല്ലാ പ്രവര്‍ത്തനമേഖലയും സ്തംഭിച്ചിരിക്കുകയാണ്. പ്രശ്‌നങ്ങളെല്ലാവരും അഭിമുഖീകരിക്കുകയാണെങ്കിലും മറ്റു സംരംഭകരെ പോലെയല്ല, ചെറുകിട ഇടത്തരം മേഖലയിലുള്ളവരുടെ കാര്യം. ശമ്പളം, വായ്പാ പലിശകള്‍ പോലുള്ള പല ചെലവുകളും ഇവര്‍ക്ക് വലിയ ബാധ്യതയാകും. ഈ അവസരത്തില്‍ നികുതി ഇളവുകള്‍ ലഭിക്കുന്നത് അവരുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായകമാകും. മോറട്ടോറിയം നല്‍കിയിട്ടുണ്ടെങ്കിലും തിരികെ സംരംഭങ്ങള്‍ പഴയതു പോലെ പ്രവര്‍ത്തിച്ചു തുടങ്ങാന്‍ സമയം വേണ്ടി വരുമെന്നതിനാല്‍ കേന്ദ്ര ധനകാര്യമന്ത്രാലയം ഇടപെട്ട് സംരംഭകര്‍ക്കായുള്ള ഇളവുകള്‍ നേടിക്കൊടുക്കേണ്ടിയിരിക്കുന്നു. 'ഇന്‍കം ടാക്‌സ് ഹോളിഡേ' പോലുള്ളവ വരണം.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ സര്‍ക്കാര്‍ കൊറോണയെ ചെറുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ജനങ്ങളുടെ ക്ഷേമ പരിപാടികള്‍ക്കും ഏറെ മുന്നിലാണ്. തൊഴിലില്ലാതെയായവര്‍ക്ക് ജീവിത മാര്‍ഗം കണ്ടെത്താനും വിവിധ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായും പുതിയ പദ്ധതികള്‍ സര്‍ക്കാര്‍ കൊണ്ടുവരിക കൂടി ചെയ്യുമെന്നാണ് പ്രതീക്ഷ. ജനങ്ങളുടെ കയ്യിലേക്ക് പണമെത്തിയാലേ എല്ലാ മേഖലയിലെയും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടൂ. ഇതിനായുള്ള പദ്ധതികള്‍ വിഭാവനം ചെയ്യണം. ഈ സാഹചര്യം കടന്നു പോകും. സര്‍ക്കാര്‍ കൂടെയുണ്ടെന്നത് വലിയ ആശ്വാസകരമാണ്.

അനുമതികള്‍ എളുപ്പത്തിലാക്കണം

അനില്‍ വര്‍മ, ചെയര്‍മാന്‍ & എംഡി, വര്‍മ ഹോംസ്

കഴിഞ്ഞ കുറെ നാളുകളായി സാമ്പത്തികമാന്ദ്യം അനുഭവിക്കുന്ന വിവിധ മേഖലകളെ തളര്‍ത്തുന്നതാണ് ഇപ്പോഴത്തെ ഈ മഹാമാരി. സാമ്പത്തിക മാന്ദ്യത്തിലും കുടുംബങ്ങളിലെ ഡിസ്‌പോസബ്ള്‍ ഇന്‍കത്തില്‍ നേരിയ ഉയര്‍ച്ച വന്നത് റിയല്‍ എസ്റ്റേറ്റ് മേഖലയെ കാര്യമായി രക്ഷിച്ചിരുന്നു. മെല്ലെ ഉണര്‍വു പ്രകടമായിരുന്ന മേഖല വീണ്ടും പ്രതിസന്ധിയിലേക്ക് ചെന്നു വീഴുന്ന അവസ്ഥയാണ് കോവിഡ് സമ്മാനിച്ചത്. സര്‍ക്കാര്‍ രോഗം ചെറുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ സംരംഭകര്‍ക്ക് വേണ്ടത് ഒരു പരിധി വരെ അതു തന്നെയാണ്. ഉപഭോക്താക്കള്‍ ആരോഗ്യവാന്മാരായിരിക്കുക, എങ്കില്‍ മാത്രമേ അവര്‍ക്ക് പര്‍ച്ചേസിംഗ് കപ്പാസിറ്റിയുണ്ടാകൂ. കൊറോണയ്‌ക്കൊരു അന്ത്യമായിത്തുടങ്ങുമ്പോള്‍ തിരികെ സാമ്പത്തിക മേഖലയെ ശാക്തീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കൂടെ കൊണ്ടുവരേണ്ടിയിരിക്കുന്നു.

ക്യാഷ് ഫ്‌ളോ വന്നു കഴിഞ്ഞാലേ ആളുകള്‍ നിക്ഷേപത്തിലേക്കിറങ്ങുകയുള്ളു. അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആണ് വേണ്ടത്. നികുതി ഇളവുകളും ഫീസുകളില്‍ വെട്ടിക്കുറയ്ക്കലുകളും പ്രായോഗികമായി എത്രമാത്രം സാധ്യമാകും എന്നു പരിശോധിക്കണം. പൂര്‍ണമായും നികുതി എടുത്തു മാറ്റലോ വേണ്ടെന്നു വയ്ക്കലോ എളുപ്പമല്ല. ആറു മാസത്തേക്കെങ്കിലും നികുതി ഇളവോ നികുതി അടവ് നീട്ടലോ നല്‍കിയാല്‍ വളരെ ആശ്വാസജനകമാകും. റിയല്‍ എസ്റ്റേറ്റ് മാത്രമല്ല, റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന മറ്റനുബന്ധ മേഖലകളെക്കൂടി കണക്കിലെടുത്തുള്ള പദ്ധതികള്‍ വരണം.

അനുമതികള്‍ വൈകാതെ നടപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വരണം. റെറ പോലുള്ളവയുടെ പ്രവര്‍ത്തനങ്ങള്‍ പലതും ഇപ്പോഴും ജനങ്ങളിലേക്ക് വ്യക്തതയോടെ എത്തിയിട്ടില്ല. ജനങ്ങളെ ബോധവാന്മാരാക്കാനും പുതിയ നിയമങ്ങളെയും നടപടികളെയും കുറിച്ച് അവരിലേക്ക് അറിവ് പകരാനും കഴിയണം. പല അനുമതികളും മുടങ്ങിക്കിടക്കുന്നത് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിലവിലുള്ള പ്രശ്‌നമാണ്. കൊറോണ കഴിഞ്ഞ് ഇനി തിരികെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുമ്പോള്‍ തടസ്സങ്ങളുണ്ടായാല്‍ പലരും കടക്കെണിയിലാകും. അനുമതികളിലെ ദീര്‍ഘിപ്പിക്കല്‍ ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണം. കേരളത്തിലെ 60 ശതമാനം പേര്‍ക്കും വര്‍ക്ക് ഫ്രം ഹോം പോലുള്ളവ സാധ്യമല്ല എന്നിരിക്കെ എല്ലാവരിലേക്കും പണമെത്തുന്ന തരത്തില്‍ മറ്റ് സംരംഭങ്ങളുടെ അനുമതികള്‍ക്ക് കൂടെ നടപടികളുണ്ടാകണം. വിവിധ മേഖലകളിലെ സഹായ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.

ടൂറിസം രംഗത്തിന് പ്രത്യേക കരുതല്‍ നല്‍കണം

ജോസ് ഡൊമ്നിക്, സ്ഥാപകന്‍, സിജിഎച്ച് എര്‍ത്ത്

സോഷ്യല്‍ കണക്ടിവിറ്റിയുള്ള ഒരു ബിസിനസ് എന്ന നിലയില്‍ ടൂറിംസ് ആന്‍ഡ് ഹോസ്പിറ്റാലിറ്റി മേഖല പഴയ നിലയിലേക്ക് തിരിച്ചു വരാന്‍ കുറഞ്ഞത് 12 മുതല്‍ 24 മാസം വരെയെടുക്കും. ഗവണ്‍മെന്റിന്റെ സപ്പോര്‍ട്ടില്ലാതെ ചെറുകിട മേഖലയിലുള്ളവര്‍ക്ക് മുന്നോട്ടു പോകാനാകില്ല. ജീവനക്കാരെ നിലനിര്‍ത്തണമെങ്കില്‍ അവര്‍ക്ക് ശമ്പളം നല്‍കേണ്ടതുണ്ട്. ബാങ്കുകള്‍ മൊറട്ടോറിയമല്ലാതെ മറ്റ് സ്‌കീമുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. ടൂറിസം രംഗത്തെ സംബന്ധിച്ച് വര്‍ക്കിംഗ് കാപിറ്റലിനേക്കാള്‍ മൂലധന ചെലവാണ് കൂടുതല്‍. അതിനാല്‍ കുറേ നാളത്തേക്ക് ഗവണ്‍മെന്റ് സപ്പോര്‍ട്ട് ചെയ്താല്‍ മാത്രമേ ഇന്‍ഡസ്ട്രിയെ ഉണര്‍വോടെ നിര്‍ത്താനാകൂ.

സാഹര്യങ്ങള്‍ മനസിലാക്കിയുള്ള ഇടപെടലുകള്‍ വേണം

മുഹമ്മദ് അഫ്‌സല്‍, മാനേജിംഗ് ഡയറക്റ്റര്‍, വെര്‍ട്ട് കിച്ചന്‍സ്, കണ്ണൂര്‍

വ്യവസായങ്ങളുടെ നിലവിലെ സാഹചര്യം നല്ല പോലെ മനസ്സിലാക്കുക എന്നതാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. സര്‍ക്കാരിന്റെ കൈയില്‍ പണമില്ല. അതുകൊണ്ടു തന്നെ അത്തരത്തിലുള്ള സഹായങ്ങള്‍ക്ക് പരിമിതിയുണ്ട്. എന്നാല്‍ ഇതു വരെ നടന്നതില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ ഏളുപ്പത്തിലും വേഗത്തിലും ബിസിനസ് നടത്തിക്കൊണ്ടു പോകാനുള്ള സാഹചര്യം ഇവിടെ ഉണ്ടാക്കിയെടുക്കാന്‍ സര്‍ക്കാരിനാവും. ഓരോ കാര്യത്തിനായി അനവധി തവണ വിവിധ ഓഫീസുകള്‍ കയറിയിറങ്ങുന്നതടക്കമുള്ള കാര്യങ്ങള്‍ ഒഴിവാക്കണം. സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലായാല്‍ സംരംഭങ്ങള്‍ക്ക് പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും വിജയം നേടാനും കഴിയും. ഇനി മറ്റു കാര്യങ്ങള്‍ക്കായി ചെലവഴിക്കാന്‍ സംരംഭകര്‍ക്ക് സമയമില്ല. എത്രയും വേഗത്തില്‍ ലോക്ക് ഡൗണില്‍ നഷ്ടപ്പെട്ട ബിസിനസ് തിരിച്ചു പിടിക്കുകയാണ് വേണ്ടത്. അതിലൂടെ സര്‍ക്കാരിനും നികുതി വരുമാനം ലഭിക്കുന്നതിനാല്‍ നേട്ടമാണ്.

ജിഎസ്ടി, ഐടി റിട്ടേണുകളിലെ പലിശ ഒഴിവാക്കണം


ടോമി പുലിക്കാട്ടില്‍, പ്രസിഡന്റ്, ഫര്‍ണിച്ചര്‍ മാനുഫാക്ചറേഴ്‌സ് ആന്റ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

തകര്‍ന്നു തരിപ്പണമായിക്കിടക്കുകയാണ് ഫര്‍ണിച്ചര്‍ മേഖല. അതിനെ പുനരുജ്ജീവിപ്പിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് സഹായം കൂടിയേ തീരൂ. വലിയ സാമ്പത്തിക പാക്കേജ് അനുവദിക്കണം. വെറുതെ തരികയല്ല, പലിശ കുറഞ്ഞ വായ്പകള്‍ ധാരാളമായി അനുവദിക്കണം. നിലവില്‍ കോടിക്കണക്കിന് രൂപയുടെ ഉല്‍പ്പന്നങ്ങള്‍ ഓരോ സംരംഭങ്ങളിലും കെട്ടിക്കിടക്കുന്നുണ്ട്. അത് വിറ്റു പോകാത്തതിനാല്‍ അടുത്ത നിക്ഷേപത്തിന് പണം കണ്ടെത്താനാവുന്നില്ല. പ്രളയ സമയത്ത് സര്‍ക്കാര്‍ 20 കോടി രൂപയുടെ സഹായം ഫര്‍ണിച്ചര്‍ മേഖലയ്ക്ക് പ്രഖ്യാപിച്ചതാണെങ്കിലും സര്‍ക്കാരിന്റെ കൈയില്‍ പണമില്ലാത്തതിനാല്‍ ലഭിച്ചില്ല. ഫര്‍ണിച്ചര്‍ മേഖലയില്‍ ഒരു വര്‍ഷത്തേക്ക് വായ്പകളിന്മേല്‍ മൊറട്ടോറിയം പ്രഖ്യാപിക്കണം. പലിശയും ഒഴിവാക്കണം. മറ്റൊന്ന്, സര്‍ക്കാര്‍ ഓഫീസുകളിലേക്കും മറ്റും വാങ്ങുന്ന ഫര്‍ണിച്ചറുകള്‍ അസോസിയേഷന്‍ മുഖേന വാങ്ങാനുള്ള നടപടിയുണ്ടാവണം. അത് ഇവിടെയുള്ള ഫര്‍ണിച്ചര്‍ കമ്പനികളുടെ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന ഉറപ്പു വരുത്തും. ജിഎസ്ടിയും ഐറ്റി റിട്ടേണ്‍ സമര്‍പ്പിക്കലും വൈകുമെന്നതിനാല്‍ ആറുമാസത്തേക്കെങ്കിലും അതിന്മേലുള്ള പലിശ ഒഴിവാക്കാനുള്ള നടപടിയുണ്ടാവണം.

പലിശ രഹിത വായ്പകള്‍ ലഭ്യമാക്കണം

പി നടരാജന്‍, മാനേജിംഗ് ഡയറക്റ്റര്‍ , ടോപ് ഇന്‍ ടൗണ്‍ പ്രൊഫഷണല്‍ കാറ്ററേഴ്‌സ്, പാലക്കാട്

കാറ്ററിംഗ് മേഖലയെ സംബന്ധിച്ച് വന്‍ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വിവാഹത്തിന്റെ സീസണാണിത്. എന്നാല്‍ ഞങ്ങളുടെ എല്ലാ ഓഡിറ്റോറിയങ്ങളിലും നടത്താനിരുന്ന വിവാഹങ്ങളും മാറ്റിവെച്ചു. മേയ് 15 വരെയുള്ള ബുക്കിംഗ് കാന്‍സല്‍ ചെയ്ത് അഡ്വാന്‍സ് തുക തിരിച്ചു കൊടുക്കേണ്ടി വന്നു. ഏകദേശം 35 ലക്ഷം രൂപ ഇത്തരത്തില്‍ അഡ്വാന്‍സ് തിരിച്ചു കൊടുക്കേണ്ടി വന്നു. 400 ലേറെ വരുന്ന ജീവനക്കാരുടെ ശമ്പളമടക്കമുള്ള കാര്യങ്ങള്‍ക്കായി വിനിയോഗിച്ചിരുന്നതായിരുന്നു ആ പണം. വലിയ ബാധ്യതയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാരില്‍ നിന്ന് മാത്രമാണ് സഹായം പ്രതീക്ഷിക്കാവുന്നത്. സര്‍ക്കാര്‍ പലിശ രഹിത വായ്പ നിശ്ചിത സമയത്തേക്ക് നല്‍കാന്‍ തയാറാകണം. അതല്ലെങ്കില്‍ കൂട്ടത്തകര്‍ച്ചയിലേക്കും വന്‍ തൊഴില്‍ നഷ്ടങ്ങളിലേക്കും ഈ മേഖല കൂപ്പുകുത്തും.

പ്രളയ സെസ് പിന്‍വലിക്കണം

അബ്ദുല്‍ കബീര്‍ പി, മാനേജിംഗ് ഡയറക്റ്റര്‍, ജാംജൂം ഗ്രൂപ്പ്, മലപ്പുറം

സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് വലിയ സഹായം ലഭിച്ചില്ലെങ്കില്‍ കേരളത്തിലെ വ്യാപാരികളുടെ സ്ഥിതി പരുങ്ങലിലാകും. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രളയ സെസ് പിന്‍വലിക്കുക എന്നതാണ് സര്‍ക്കാര്‍ ചെയ്യേണ്ട ഒരു കാര്യം. മാത്രമല്ല, വായ്പകള്‍ക്ക് ആറുമാസത്തേക്കെങ്കിലും മൊറട്ടോറിയം പ്രഖ്യാപിക്കുകയും അതിനെ പലിശയില്‍ നിന്ന് ഒഴിവാക്കുകയും വേണം. നികുതിയില്‍ ഇളവുകളും പ്രഖ്യാപിക്കണം. സിവില്‍ സപ്ലൈസ് വകുപ്പ് ഇപ്പോള്‍ നിശ്ചിയിക്കുന്ന മിനിമം വില യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്ന തരത്തിലാക്കുകയെന്നതാണ് ഉടനടി ചെയ്യേണ്ടത്. വിലവിവരപ്പട്ടിക തയാറാക്കുമ്പോള്‍ വ്യാപാരികളോട് കൂടി അന്വേഷിക്കണം. പലപ്പോഴും അവര്‍ നിശ്ചയിക്കുന്ന വിലയില്‍ വില്‍ക്കുന്നത് വന്‍ നഷ്ടത്തിലേക്കാണ് നയിക്കുന്നത്.

മോറട്ടോറിയം ഒരു വര്‍ഷമാക്കണം

എം ഖാലിദ് , സംസ്ഥാന പ്രസിഡന്റ്, കെഎസ്എസ്ഐഎ

ചെറുകിട സംരംഭങ്ങളുടെ നിലനില്‍പ്പ് സാധ്യമാകണമെങ്കില്‍ സര്‍ക്കാര്‍ നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള വായ്പകള്‍ക്കുള്ള മോറട്ടോറിയം ഒരു വര്‍ഷത്തേക്കെങ്കിലും നീട്ടണം. സംരംഭങ്ങള്‍ നേരിടുന്ന ഒരു പ്രധാന പ്രതിസന്ധി മൂലധന ലഭ്യതയാണ്. ഇതിനായി അധിക സെക്യൂരിറ്റി ഇല്ലാതെ അധിക പ്രവര്‍ത്തന മൂലധനം ലഭ്യമാക്കണം. ഇപ്പോള്‍ വായ്പയ്ക്കായി നല്‍കിയിരിക്കുന്ന സെക്യുരിറ്റിക്കു മേല്‍ തന്നെ കൂടുതല്‍ ഫണ്ട് നല്‍കാനുള്ള പ്രൊവിഷനുണ്ടാക്കിയാല്‍ മതിയാകും. കൂടാതെ അധിക വായ്പയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ പലിശ സബ്സിഡിയും നല്‍കണം. ഗവണ്‍മെന്റില്‍ നിന്ന് ലഭിക്കാനുള്ള കുടിശിക തുകകള്‍ പെട്ടെന്ന് നല്‍കാനുള്ള നടപടികളും കൈക്കൊള്ളണം. പ്ലൈവുഡ്, സിമന്റ് തുടങ്ങിയ പ്രോസസിംഗ് ഇന്‍ഡസ്ട്രികള്‍ക്ക് പെട്ടെന്നുള്ള ക്ലോസിംഗ് മൂലം ഉല്‍പ്പന്നങ്ങള്‍ വേസ്റ്റായി പോയിട്ടുണ്ട്. അത്തരം വ്യവസായങ്ങളെ ലോക്ക് ഡൗണില്‍ നിന്ന് ഒഴിവാക്കി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയും വേണം.

കെഎസ്ഇബി ചാര്‍ജ് കുറയ്ക്കണം

സജി മുഹമ്മദ് , മാനേജിംഗ് ഡയറക്ടര്‍, സണ്‍പാക്ക് ഇന്‍ഡസ്ട്രീസ്

കഴിഞ്ഞ മാസം മുതല്‍ കമ്പനിയുടെ പ്രവര്‍ത്തനമൊന്നും നടക്കുന്നില്ലെങ്കിലും ജീവനക്കാരുടെ ശമ്പളം, താമസം, കറന്റ് ചാര്‍ജ് തുടങ്ങിയ ഫിക്സഡ് ചാര്‍ജുകള്‍ അങ്ങനെ തന്നെ നില്‍ക്കുകയാണ്. കെഎസ്ഇബി ഈടാക്കുന്ന ഫിക്സഡ് ചാര്‍ജ് ഒഴിവാക്കി നല്‍കിയാല്‍ കുറച്ച് ആശ്വാസമാകും. മൂന്നു മാസത്തേക്കെങ്കിലും ഇലക്ട്രിസിറ്റി ചാര്‍ജുകള്‍ ഒഴിവാക്കണമെന്നാണ് ആഗ്രഹിക്കുന്നത്. കൂടാതെ ജിഎസ്ടി ഇന്‍പുട്ട് ടാക്സ് റീഫണ്ട് വേഗത്തില്‍ നല്‍കുകയും വേണം. ബിസിനസുകള്‍ക്ക് ആവശ്യമായ വര്‍ക്കിംഗ് കാപിറ്റല്‍ ലഭ്യമാക്കാന്‍ ഇത് സഹായിക്കും.

സര്‍ക്കാര്‍ കെട്ടിടങ്ങളുടെ വാടകയില്‍ ഇളവ്

വിജയകുമാര്‍, ഐടി സംരംഭകന്‍

കേരളത്തിലെ ഐടി കമ്പനികളില്‍ 75 ശതമാനത്തിലധികം എംഎസ്എംഇ മേഖലയിലാണ്. കാഷ് ഫ്ളോയിലെ പ്രശ്നങ്ങള്‍ അവരെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. പലരും ഐടി പാര്‍ക്കുകള്‍ക്ക് പുറത്തുള്ള സ്വകാര്യ കെട്ടിടങ്ങളിലും മറ്റുമാണ് പ്രവര്‍ത്തിക്കുന്നത്. സ്വകാര്യ കൊമേഴ്സ്യല്‍ സ്പേസ് ഉടമകള്‍ മിക്കവരും വാടക കൂടുതല്‍ വേണമെന്ന ആവശ്യമുന്നയിച്ചിട്ടുണ്ട്. ഈ സാഹര്യത്തില്‍ അത് അത്ര എളുപ്പമല്ല. അതിലും ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നും ഇടപെടലുകള്‍ ആവശ്യമാണ്. സര്‍ക്കാര്‍ കെട്ടിടങ്ങളുടെ വാടക മൂന്നു മാസമാസത്തേക്ക് ഒഴിവാക്കിയിരുന്നു. അത് ആറു മാസമാക്കി വര്‍ധിപ്പിക്കണം.

കൂടുതല്‍ ഉല്‍പ്പന്നങ്ങളെ ലിബറലൈസ് ചെയ്യണം

കൃഷ്ണകുമാര്‍ , മാനേജിംഗ് ഡയറക്ടര്‍, റബ്ഫില

പല സെക്ടറിലും തൊഴില്‍ ചെയ്യാന്‍ അനുമതി ലിബറലൈസ് ചെയ്തിട്ടുണ്ട്. അതു കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കണം. മാനുഫാക്ചറിംഗ് മേഖലയിലെ കൂടുതല്‍ ഉല്‍പ്പന്നങ്ങളെ ലിബറലൈസ് ചെയ്യണം. വിദേശ വിപണികളും ലോക്ക് ഡൗണില്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ ഭാഗികമായി മാത്രമേ ഉല്‍പ്പാദനം സാധ്യമാകൂ. ലോക്ക് ഡൗണ്‍ മാറിയാലും പൂര്‍ണ ശേഷിയില്‍ പ്രവര്‍ത്തനം തുടരണമെങ്കില്‍ ഇനിയും സമയമെടുക്കും. അവിടെയും സര്‍ക്കാരിന്റെ സപ്പോര്‍ട്ട് ആവശ്യമാണ്. ട്രേഡ് യൂണിയനുകള്‍ ശമ്പള പരിഷ്‌കരണം ആവശ്യപ്പെടുന്നുണ്ട്. ഇപ്പോഴത്തെ സാഹര്യത്തില്‍ ശമ്പള പരിഷ്‌കരണവും മറ്റും ഒഴിവാക്കാന്‍ വേണ്ട ഇടപെടലുകള്‍ നടത്തണം.

ഉടന്‍ വേണ്ടത് :

ചെറുകിട ഇടത്തരം വ്യവസായികളും വന്‍കിട വ്യവസായങ്ങളും ഒരേപോലെ ആവശ്യപ്പെടുന്ന കാര്യങ്ങളാണ് താഴെ പറയുന്നത്.

ഗവണ്‍മെന്റ് വേഗത്തില്‍ നടപടികള്‍ കൈക്കൊണ്ട് വ്യവസായികളേയും വ്യാപാരികളേയും പിന്തുണച്ചില്ലെങ്കില്‍ കേരളത്തിലെ സാമ്പത്തിക നില പരുങ്ങലിലാകുകയും പല ബിസിനസുകളും പൂട്ടിപ്പോകുകയും ചെയ്യും.

കൂടുതല്‍ പ്രവര്‍ത്തന മൂലധന വായ്പ അനുവദിക്കണം.

തിരിച്ചടവിന് 12 മുതല്‍ 24 മാസം വരെയെങ്കിലും സമയപരിധിയും നല്‍കണം

അധിക വായ്പയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ പലിശ സബ്സിഡിയും നല്‍കണം

വായ്പകള്‍ക്കുള്ള മോറട്ടോറിയം ഒരു വര്‍ഷത്തേക്കെങ്കിലും നീട്ടണം.

ജിഎസ്ടി റീഫണ്ട് വേഗത്തില്‍ അനുവദിക്കണം

പോര്‍ട്ടിലും മറ്റും കസ്റ്റംസ് ക്ലിയറന്‍സ് ലഭിക്കാനുള്ള നടപടികള്‍ എളുപ്പത്തിലാക്കണം

സ്റ്റാംപ് ഡ്യൂട്ടികളില്‍ ഇളവ് നല്‍കണം.

ജീവനക്കാര്‍ക്കുള്ള ശമ്പളം കൊടുക്കാന്‍ ഇഎസ്ഐ കോര്‍പ്പറേഷന്റെ ഫണ്ട് പ്രയോജനപ്പെടുത്തണം.

കെഎസ്ഇബി ഈടാക്കുന്ന ഫിക്സഡ് ചാര്‍ജ് ഒഴിവാക്കി നല്‍കണം

സര്‍ക്കാര്‍, സ്വകാര്യ മേഖലയിലുള്ള കൊമേഴ്സ്യല്‍ സ്പേസുകളുടെ വാട്ക ഇളവ് നല്‍കണം.

വ്യാപാര വ്യവസായ സ്ഥാപനങ്ങളുടൈ വിവിധ ലൈസന്‍സുകള്‍ പുതുക്കാനുള്ള തീയതി നീട്ടണം, പിഴ ഒഴിവാക്കണം

ചരക്കുകള്‍ക്കായി മറ്റു സ്ംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നതിനാല്‍ ചരക്കു നീക്കം അനുവദിക്കണം.

ഗവണ്‍മെന്റിന് സാധനങ്ങള്‍ സപ്ലൈ ചെയ്തതിന്റഎ കുടിശികകള്‍ വേഗത്തില്‍ നല്‍കണം

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News