ആധുനിക മാര്‍ക്കറ്റിംഗില്‍ നിര്‍മ്മിത ബുദ്ധിയും ചിലതൊക്കെ ചെയ്യുന്നുണ്ട്
ഓരോരുത്തരുടെയും താല്‍പ്പര്യങ്ങള്‍ കണക്കിലെടുത്ത് എ.ഐ സ്വയം ശുപാര്‍ശകള്‍ നല്‍കുന്നു
നിങ്ങള്‍ കോസ്‌മെറ്റിക്‌സ് വാങ്ങാന്‍ തീരുമാനിക്കുന്നു. നോക്കൂ, വാങ്ങാന്‍ തീരുമാനിക്കുന്നത് എളുപ്പവും എന്നാല്‍ അത് വാങ്ങുന്നത് അത്ര എളുപ്പമല്ലാത്തതുമായ പ്രവൃത്തിയാണ്. കാരണം നിങ്ങളുടെ വ്യക്ത്വിത്വത്തിനും സ്‌കിന്‍ ടോണിനും ചേരുന്ന മേക്കപ്പ് സാമഗ്രികള്‍ കണ്ടെത്തുകയും തിരഞ്ഞെടുക്കുകയും വേണം. നൂറു കണക്കിന് ഉല്‍പ്പന്നങ്ങള്‍ക്കിടയില്‍ നിന്നും യോജിച്ച നിറങ്ങള്‍ കണ്ടെത്തണം, തലവേദന പിടിച്ച കാര്യമാണ്. നിങ്ങള്‍ക്ക് മാത്രമല്ല ഈ ചിന്താക്കുഴപ്പം കോസ്‌മെറ്റിക്‌സ് വാങ്ങുന്ന എല്ലാവര്‍ക്കുമുണ്ട്.
ഓണ്‍ലൈന്‍ സ്റ്റോറില്‍ നിന്നും വാങ്ങാമെന്ന് നിങ്ങള്‍ നിശ്ചയിക്കുന്നു. അതിനായി ഇഷ്ടപ്പെട്ട ബ്രാന്‍ഡിന്റെ വെബ്‌സൈറ്റില്‍ നിങ്ങള്‍ പ്രവേശിക്കുന്നു. ആകെ മൊത്തം കണ്‍ഫ്യൂഷന്‍ ആയി. ഏത് നിറം വേണം? ആ നിറം തനിക്ക് ഇണങ്ങുമോ? ചര്‍മ്മത്തിന് എന്തെങ്കിലും പ്രശ്‌നം വരുമോ? നിങ്ങളാകെ ആശങ്കയിലാകുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് അതാ മുന്നിലൊരു വിന്‍ഡോ പ്രത്യക്ഷപ്പെടുന്നു. ''ഞാന്‍ നിങ്ങളെ സഹായിക്കണോ?'' ചാറ്റ്‌ബോട്ട് (Chatbot) എന്ന ആ ഭൂതം ചോദിക്കുന്നു.
ചാറ്റ്‌ബോട്ട് നിങ്ങളുമായി സംസാരിക്കാന്‍ തുടങ്ങുന്നു. അത് ചോദ്യങ്ങള്‍ ചോദിക്കുകയാണ്. നിങ്ങള്‍ ഉത്തരങ്ങള്‍ നല്‍കുന്നു. നിങ്ങളുടെ ആവശ്യങ്ങള്‍ ചാറ്റ്‌ബോട്ട് കൃത്യമായി മനസ്സിലാക്കുന്നു. നിങ്ങളുടെ സ്‌കിന്‍ ടോണും മറ്റ് വിശദാംശങ്ങളും പഠിച്ച ചാറ്റ്‌ബോട്ട് നിങ്ങള്‍ക്ക് ഏറ്റവും യോജിച്ച കോസ്‌മെറ്റിക്‌സ് ശുപാര്‍ശ (Recommend) ചെയ്യുന്നു. എത്ര വേഗമാണ് നിങ്ങളുടെ കണ്‍ഫ്യൂഷനുകള്‍ക്ക് അന്ത്യം സംഭവിച്ചത്. ഉടന്‍ തന്നെ നിങ്ങള്‍ ഉല്‍പ്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നു.
ഇനി ചാറ്റ്‌ബോട്ട് കഷ്ടപ്പെട്ട് ശുപാര്‍ശ നല്‍കിയിട്ടും നിങ്ങള്‍ ഉല്‍പ്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യാതെ വെബ്‌സൈറ്റില്‍ നിന്നും മടങ്ങിയെന്ന് വിചാരിക്കുക. അതാ വരുന്നു നിങ്ങളെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ഇമെയില്‍ അല്ലെങ്കില്‍ മെസ്സേജ്. അതെ, അവര്‍ നിങ്ങളെ പിന്തുടരുകയാണ്. ഒരു കസ്റ്റമറെപ്പോലും വിട്ടുകളയാന്‍ അവര്‍ ഒരുക്കമല്ല. നിങ്ങളുടെ ഇഷ്ടങ്ങള്‍ അവര്‍ മനസ്സിലാക്കിക്കഴിഞ്ഞു. നിങ്ങള്‍ക്ക് യോജിച്ച ഉല്‍പ്പന്നങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും തുടര്‍ച്ചയായ ഇടവേളകളില്‍ നിങ്ങളെ തേടിയെത്തിക്കൊണ്ടിരിക്കും.
മാര്‍ക്കറ്റിംഗ് മാറുകയാണ്. മുന്‍പൊരിക്കലും ഇത്തരം കാര്യങ്ങള്‍ ഇത്ര സുഗമമായിരുന്നില്ല. ഇന്ന് ലക്ഷക്കണക്കിന് വരുന്ന ഉപഭോക്താക്കളുടെ ഡേറ്റ വിശകലനം ചെയ്ത് ഓരോരുത്തരുടേയും താല്‍പ്പര്യങ്ങള്‍ മനസ്സിലാക്കി അവര്‍ക്കാവശ്യമുള്ളവ കൃത്യമായി നല്‍കാന്‍ ബിസിനസുകള്‍ക്ക് സാധിക്കുന്നു. ഒരിക്കലും ഇത് മനുഷ്യസാധ്യമായ പ്രവൃത്തിയല്ല. അതെ, നിര്‍മ്മിത ബുദ്ധി (Artificial Intelligence - AI) മാര്‍ക്കറ്റിംഗിന്റെ അലകും പിടിയും മാറ്റുകയാണ്.
''നിങ്ങളുടെ ആവശ്യങ്ങള്‍ പറയൂ, ഞാന്‍ നിങ്ങളെ സഹായിക്കാം''
നിങ്ങളുമായി വെബ്‌സൈറ്റില്‍ ചാറ്റ് ചെയ്ത ചാറ്റ്‌ബോട്ട് (Chatbot) നിര്‍മ്മിത ബുദ്ധിയാണ് (AI). ഒരേ സമയം ആയിരക്കണക്കിന് ഉപഭോക്താക്കളുമായി അത് ആശയവിനിമയം നടത്തുന്നു. അവരുടെ താല്‍പ്പര്യങ്ങള്‍ അറിയുന്നു, അത് വിശകലനം ചെയ്യുന്നു, ഉല്‍പ്പന്നങ്ങള്‍ ശുപാര്‍ശ ചെയ്യുന്നു, അവ തിരഞ്ഞെടുക്കാന്‍ അവരെ സഹായിക്കുന്നു. അനേകം ഉല്‍പ്പന്നങ്ങള്‍ക്കിടയില്‍ നിന്നും നിങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന ഉല്‍പ്പന്നങ്ങള്‍ അത് തിരഞ്ഞെടുക്കുന്നു. നമുക്ക് ചിന്തിക്കാന്‍ പോലുമാകാത്ത അസാമാന്യ വൈഭവം നിര്‍മ്മിത ബുദ്ധി പ്രകടിപ്പിക്കുന്നു. അതും ഇമചിമ്മുന്ന വേഗത്തില്‍.
നിര്‍മ്മിത ബുദ്ധിയുടെ കൂര്‍മ്മ ബുദ്ധി
മാധ്യമ രംഗത്തെ മുന്‍നിരക്കാരായ 'The Economist' തങ്ങളുടെ സര്‍ക്കുലേഷന്‍ കൂട്ടാന്‍ കൂട്ടുപിടിച്ചത് നിര്‍മ്മിത ബുദ്ധിയെയായിരുന്നു. നിര്‍മ്മിത ബുദ്ധി വെബ്‌സൈറ്റുകളും ആപ്‌ളിക്കേഷനുകളും മുങ്ങിത്തപ്പി വായനക്കാരുടെ വ്യക്തിഗത താല്‍പ്പര്യങ്ങള്‍ നിരീക്ഷിച്ചു. അവരുടെ വായനാശീലം എന്താണ്? എന്തൊക്കെയാണ് അവര്‍ തേടുന്നത്? അവരുടെ താല്‍പ്പര്യങ്ങളും ഇഷ്ടങ്ങളും എന്തൊക്കെയാണ്? എത്ര സമയം അവര്‍ വായനക്കായി ചെലവിടുന്നു? നിര്‍മ്മിത ബുദ്ധി ഡാറ്റയുടെ അക്ഷയഖനിയാണ് തുറന്നത്. ഡേറ്റ വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ 'The Economist' സമഗ്രമായ പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കി. ഏകദേശം 36 ലക്ഷം പുതിയ വായനക്കാരെയാണ് ഇതിലൂടെ അവര്‍ക്ക് ലഭിച്ചത്.
ഡേറ്റ = പണം
എ.ഐ വിപണിയിലെ മത്സരത്തിന്റെ താളം തന്നെ മാറ്റുകയാണ്. സാവധാനം കാര്യങ്ങള്‍ മനസ്സിലാക്കി മെല്ലെ മെല്ലെ ബിസിനസ് വിപണിയില്‍ ചുവടുറപ്പിക്കുക എന്ന പഴയ കളി അപ്രസക്തമായിക്കഴിഞ്ഞു. എത്രയും വേഗത്തില്‍ വിപണിയില്‍ കടന്നു കയറുക, വിപണി പിടിച്ചെടുക്കുക, അത് നിലനിറുത്തുകയും വളര്‍ത്തുകയും ചെയ്യുക എന്നതായി ആധുനിക സാങ്കേതിക യുഗത്തിലെ മാര്‍ക്കറ്റിംഗ് ലക്ഷ്യം.
ഓരോ കസ്റ്റമര്‍ ഡേറ്റയും പ്രാധാന്യമുള്ളതാണെന്ന് ബിസിനസുകള്‍ പഠിച്ചിരിക്കുന്നു. ബിസിനസുകളുടെ മൂലമന്ത്രം ഡേറ്റ = പണം എന്നതാണ്. ഓരോ കസ്റ്റമറുടേയും താല്‍പ്പര്യങ്ങള്‍ അതീവ പ്രാധാന്യത്തോടെ വീക്ഷിക്കുന്നു. അവരെ പരമാവധി സേവിക്കാന്‍ പരിശ്രമിക്കുന്നു. അവരെ നിലനിര്‍ത്തുകയും അവരെക്കൊണ്ട് കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങിപ്പിക്കുകയും ചെയ്യാന്‍ ബിസിനസുകള്‍ ശ്രമിക്കുന്നു. ആരെങ്കിലും വരട്ടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങട്ടെ എന്ന കാഴ്ചപ്പാടില്‍ നിന്നും വരുന്ന ഓരോ വ്യക്തിയേയും അടുത്തറിയാന്‍ ബിസിനസുകള്‍ ടെക്‌നോളജി ഉപയോഗിക്കുന്നു.
ആധുനിക മാര്‍ക്കറ്റിംഗില്‍ നിര്‍മ്മിത ബുദ്ധി ചെയ്യുന്ന ചില കാര്യങ്ങള്‍ എന്തൊക്കെയെന്ന് ഒന്ന് നോക്കിയാലോ
1.ഡീപ് ലേണിംഗ് (Deep Learning)
കംപ്യൂട്ടറുകളെ വ്യത്യസ്ത നിപുണതകള്‍ (Skills) പരിശീലിപ്പിക്കുകയാണ് ഡീപ് ലേണിംഗ് ചെയ്യുന്നത്. ടെക്സ്റ്റ്, ഫോട്ടോ, ശബ്ദം എന്നിവയെ എങ്ങനെ മനസ്സിലാക്കാമെന്നും അത്തരത്തില്‍ മനസ്സിലാക്കിയവയെ അടിസ്ഥാനമാക്കി എങ്ങനെ ഉത്തരങ്ങളും നിര്‍ദ്ദേശങ്ങളും ശുപാര്‍ശകളും സൃഷ്ടിക്കാമെന്നും ഡീപ് ലേണിംഗ് കമ്പ്യൂട്ടറുകളെ പഠിപ്പിക്കുന്നു.
2.ഡേറ്റയുടെ ആഴത്തിലുള്ള വിശകലനം
ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ ഉല്‍പ്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ നമ്മോട് അവര്‍ പറയും ''ഈ ഉല്‍പ്പന്നം ഓര്‍ഡര്‍ ചെയ്ത മറ്റ് കസ്റ്റമേഴ്‌സ് അതിനൊപ്പം ഓര്‍ഡര്‍ ചെയ്ത ചില ഉല്‍പ്പന്നങ്ങള്‍ കൂടി കാണൂ.'' അല്ലെങ്കില്‍ പറയും ''ഇതിഷ്ടപ്പെട്ട നിങ്ങള്‍ക്ക് ഈ ഉല്‍പ്പന്നങ്ങള്‍ കൂടി ഇഷ്ടപ്പെടാം.'' അതായത് നിര്‍മ്മിത ബുദ്ധി ഉപഭോക്താക്കളുടെ ശീലങ്ങളെ ആഴത്തില്‍ പഠിക്കുന്നു, ഡേറ്റ നിരന്തരം വിശകലനത്തിന് വിധേയമാക്കുന്നു. ഓരോരുത്തരുടെയും താല്‍പ്പര്യങ്ങള്‍ കണക്കിലെടുത്ത് എ.ഐ സ്വയം ശുപാര്‍ശകള്‍ നല്‍കുന്നു.
3.ശബ്ദം തിരിച്ചറിയുകയും പ്രതികരിക്കുകയും ചെയ്യുക
ഇന്ന് മൊബൈലില്‍ ഉപയോഗിക്കുന്ന സിരി, കോര്‍ട്ടാന തുടങ്ങിയ അപ്ലിക്കേഷനുകള്‍ക്കൊക്കെ ശബ്ദത്തെ തിരിച്ചറിയുകയും നിങ്ങളുടെ ആവശ്യങ്ങളോട് പ്രതികരിക്കുകയും ചെയ്യും. ഒരു കാര്യം നടപ്പിലാക്കാന്‍ ഒന്നും ടൈപ്പ് ചെയ്യേണ്ട ആവശ്യമില്ല എന്നര്‍ത്ഥം. നിങ്ങളുടെ ശബ്ദം മാത്രം മതി എ.ഐക്ക് പ്രവര്‍ത്തനനിരതമാകാന്‍.
4.ശരിയായ ഉപഭോക്താക്കളെ കണ്ടെത്തുകയും അവരെ ടാര്‍ഗറ്റ് ചെയ്യുകയും ചെയ്യുക
നിങ്ങള്‍ ഉല്‍പ്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ ഏതെങ്കിലും വെബ്‌സൈറ്റ് സന്ദര്‍ശിച്ചു എന്നു കരുതുക. പിന്നീട് നിങ്ങള്‍ ഫേസ്ബുക്ക് തുറക്കുമ്പോഴും ഗൂഗിള്‍ സെര്‍ച്ച് ചെയ്യുമ്പോഴുമൊക്കെ അത് പോലുള്ളതോ അതിനോട് സാദൃശ്യമുള്ളതോ ആയ ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങള്‍ നിങ്ങളെ തേടിയെത്തുന്നു. ഫേസ്ബുക്കും ഗൂഗിളുമൊക്കെ നിങ്ങള്‍ ഏതൊക്കെ വെബ്‌സൈറ്റുകളാണ് സന്ദര്‍ശിക്കുന്നത്. നിങ്ങളുടെ താല്‍പ്പര്യങ്ങള്‍ എന്താണ് എന്നൊക്കെ മനസ്സിലാക്കി അതുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ നിങ്ങളിലേക്ക് എത്തിക്കുന്നു.
5.ചാറ്റ്‌ബോട്ട് (Chatbot)
ഉപഭോക്താക്കളുമായി സംവദിക്കാന്‍ ചാറ്റ്‌ബോട്ടുകള്‍ക്ക് സാധിക്കുന്നു. ഉല്‍പ്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനും ട്രാക്ക് ചെയ്യാനും സംശയങ്ങള്‍ ദുരീകരിക്കാനുമൊക്കെ ചാറ്റ്‌ബോട്ട് സഹായിക്കും.
6.ഡൈനാമിക് പ്രൈസിംഗ്
വിപണിയിലെ ആവശ്യകതയും (Demand) ലഭ്യതയും (Availability) കണക്കിലെടുത്ത് ഉല്‍പ്പന്നങ്ങളുടെ വിലനിര്‍ണ്ണയിക്കാന്‍ നിര്‍മ്മിത ബുദ്ധി സഹായിക്കുന്നു. ആവശ്യകതയുടെ വ്യതിയാനങ്ങള്‍ക്കനുസരിച്ച് വിമാന യാത്രാ നിരക്കില്‍ വരുന്ന വ്യത്യാസങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലേ? ഓണ്‍ലൈന്‍ പോര്‍ട്ടലുകളും ഡൈനാമിക് പ്രൈസിംഗിനായി എ.ഐ ഉപയോഗപ്പെടുത്തുന്നു.