ആപ്പിളും ആമസോണും പയറ്റുന്ന തന്ത്രം നിങ്ങള്‍ക്കും പരീക്ഷിക്കാം!

ഉപോല്‍പ്പന്നങ്ങളുടെ കച്ചവടം കൂട്ടാന്‍ സഹായിക്കുന്ന ഒരു ശൈലി

Update:2022-04-04 13:19 IST

പ്രാഥമിക ഉല്‍പ്പന്നം സൗജന്യമായോ കുറഞ്ഞ വിലയിലോ നല്‍കുകയും അതില്‍ ഉപയോഗിക്കുന്ന കണ്‍സ്യൂമബിളുകള്‍ക്ക് ഉയര്ന്ന വില ഈടാക്കുകയും ചെയ്യുന്ന 'റേസര്‍ ആന്‍ഡ് ബ്ലേഡ്'' (Razor and Blade) തന്ത്രം നാം കണ്ടതാണ്. ജില്ലെറ്റ് (Gillette) തങ്ങളുടെ ഷേവിംഗ് റേസറുകള്‍ ഉപഭോക്താക്കള്‍ക്ക് താങ്ങാവുന്ന (Affordable) കുറഞ്ഞ വിലയില്‍ നല്‍കുകയും അതില്‍ ഉപയോഗിക്കുന്ന ബ്ലേഡുകള്‍ക്ക് പ്രീമിയം വില ചുമത്തുകയും ചെയ്യുന്നത് ഉദാഹരണം.

എന്നാല്‍ നിങ്ങള്‍ ആപ്പിളിന്റെ (Apple) ബിസിനസ് തന്ത്രത്തിലേക്ക് ചുഴിഞ്ഞു നോക്കുക. ആപ്പിളിന്റെ എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും കത്തി വിലയാണ്. ഡിസ്‌കൗണ്ട് നല്‍കുകയോ വില കുറച്ചു നല്‍കുകയോ ആപ്പിള്‍ ചെയ്യുന്നില്ല. ഐ ഫോണ്‍, ഐ പോഡ് അതുപോലെ മാക് ഉല്‍പ്പന്നങ്ങള്‍ എല്ലാം പ്രീമിയം വിലയിലാണ് ഉപഭോക്താക്കളിലേക്ക് എത്തുന്നത്. അതേസമയം തന്നെ ഈ ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിക്കുവാന്‍ പറ്റുന്ന പല ആപ്ലിക്കേഷനുകളും പ്രോഗ്രാമുകളും കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നു.

നിങ്ങളൊരു സംഗീതപ്രേമിയാണെങ്കില്‍ നിങ്ങള്‍ക്കിഷ്ടമുള്ള ഗാനം ആപ്പിള്‍ ഐ ട്യൂണില്‍ നിന്ന് നിസ്സാര വിലയ്ക്ക് വാങ്ങാം. ഒരു ആല്‍ബത്തിലെ എല്ലാ ഗാനങ്ങളും നിങ്ങള്‍ക്ക് ഇഷ്ടമാകണമെന്നില്ല. അപ്പോള്‍ ആ ആല്‍ബം മൊത്തമായി വാങ്ങാന്‍ പണം ചെലവഴിക്കണമെന്നില്ല. ഇഷ്ടമുള്ള ഗാനങ്ങള്‍ മാത്രം പോക്കറ്റിന് താങ്ങാവുന്ന വിലയില്‍ കിട്ടും. നിങ്ങള്‍ക്ക് താല്‍പ്പര്യമുള്ള ആപ്ലിക്കേഷനുകള്‍, ടി വി സീരീസുകള്‍, ചലച്ചിത്രങ്ങള്‍ എന്നിങ്ങനെ കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന ഉല്‍പ്പന്നങ്ങള്‍ നിരവധിയാണ്. മാക് തങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം (OS), ഐ വര്‍ക്ക് (iWork) എന്നിവ സൗജന്യമായി നല്‍കുന്നു. പക്ഷേ ഇതൊക്കെ ലഭിക്കാന്‍ പ്രീമിയം വില നല്‍കി പ്രാഥമിക ഉല്‍പ്പന്നം വാങ്ങിയേ തീരൂ.

ഇതാണ് റിവേഴ്‌സ് റേസര്‍ ആന്‍ഡ് ബ്ലേഡ് (Reverse Razor & Blade) തന്ത്രം. ജില്ലെറ്റ് (Gillette) റേസര്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കുകയും ബ്ലേഡുകള്‍ക്ക് ഉയര്‍ന്ന വില ഈടാക്കുകയും ചെയ്യുന്ന തന്ത്രത്തിന്റെ നേരെ വിപരീത തന്ത്രം. ആപ്പിള്‍ തങ്ങളുടെ പ്രധാനപ്പെട്ട ഉല്‍പ്പന്നങ്ങള്‍ക്ക് പ്രീമിയം വില ചുമത്തുന്നു. അതില്‍ ഉപയോഗിക്കാന്‍ സാധ്യമായ മറ്റ് ആഡംബര (Luxurious) ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുകയും ചെയ്യുന്നു. രണ്ടും വിജയിച്ച തന്ത്രങ്ങള്‍ തന്നെ എന്ന് നിങ്ങള്‍ക്ക് കാണാം.

ആമസോണ്‍ ചെയ്യുന്നത് ശ്രദ്ധിക്കുക. നിങ്ങള്‍ക്ക് ഇ ബുക്കുകള്‍ വാങ്ങുകയും വായിക്കുകയും ചെയ്യണം. എന്നാല്‍ അതിനായി കിന്‍ഡില്‍ (Kindle) എന്ന ഉല്‍പ്പന്നം വാങ്ങേണ്ടതുണ്ട്. ആമസോണ്‍ കിന്‍ഡില്‍ പ്രീമിയം വിലയ്ക്ക് നിങ്ങള്‍ വാങ്ങുന്നു. അപ്പോഴോ ആമസോണിന്റെ ലക്ഷക്കണക്കിന് ഇ ബുക്കുകള്‍ നിങ്ങള്‍ക്ക് സൗജന്യമായി ലഭിക്കുന്നു. ഇനി നിങ്ങള്‍ക്ക് ഇ ബുക്ക് വാങ്ങണോ? ആ സൗകര്യവും ചെറിയ വിലയ്ക്ക് അത് ആമസോണ്‍ ലഭ്യമാക്കുന്നു.

റിവേഴ്‌സ് റേസര്‍ ആന്‍ഡ് ബ്ലേഡ് (Reverse Razor & Blade) തന്ത്രത്തില്‍ ശ്രദ്ധിക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു സംഗതിയുണ്ട്. പ്രാഥമിക ഉല്‍പ്പന്നത്തിന്റെ ഉയര്‍ന്ന വില ഉപഭോക്താക്കളെ ഉല്‍പ്പന്നത്തില്‍ നിന്നും പുറംതിരിഞ്ഞു നില്‍ക്കാന്‍ പ്രേരിപ്പിച്ചേക്കാം. ''റേസര്‍ ആന്‍ഡ് ബ്ലേഡ്'' (Razor and Blade) തന്ത്രത്തില്‍ ഉല്‍പ്പന്നത്തിലേക്ക് ഉപഭോക്താക്കള്‍ പെട്ടെന്ന് ആകര്‍ഷിക്കപ്പെടാം. വിലക്കുറവുള്ള പ്രാഥമിക ഉല്‍പ്പന്നം നല്ലൊരു ഇരയാണ്. അതില്‍ ഉപഭോക്താക്കള്‍ പെട്ടെന്ന് കുടുങ്ങും. നിങ്ങളുടെ ഉല്‍പ്പന്നത്തിന്റെ മേന്മയും ആവശ്യകതയും ഏത് തരം ഉപഭോക്താക്കളെയാണ് നിങ്ങള്‍ ലക്ഷ്യം വെയ്ക്കുന്നത് എന്നതും റിവേഴ്‌സ് റേസര്‍ ആന്‍ഡ് ബ്ലേഡ് തന്ത്രം സ്വീകരിക്കുമ്പോള്‍ നിര്‍ണ്ണായകമാണ്.

Tags:    

Similar News