കോവിഡ് മരണവും രോഗികളും കേരളത്തില്‍ കൂടുന്നു; പഠനം നടത്താനുള്ള കേന്ദ്ര നിര്‍ദേശത്തോട് അവഗണന ?
ഏറ്റവും ഉയര്‍ന്ന മരണനിരക്കിലാണ് കേരളം നില്‍ക്കുന്നത്. പ്രതിരോധമാര്‍ഗങ്ങള്‍ കടുപ്പിച്ചിട്ടും നിരക്ക് ഉയരുന്നു.
കോവിഡിന്റെ പിടിയിലമര്‍ന്ന് കേരളം. അയല്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കോവിഡ് കണക്കുകള്‍ ഉയരുന്നു. വ്യാഴാഴ്ച രാജ്യത്തു കോവിഡ് സ്ഥിരീകരിച്ച 15,786 പേരില്‍ 8733 പേരും കേരളത്തിലായിരുന്നു. രാജ്യത്തെ പ്രതിദിന കോവിഡ് മരണത്തില്‍ 40 % കേരളത്തിലാണ്. കേരളത്തിലെ മരണനിരക്കും രോഗികളുടെ നിരക്കും കുറയാത്തതിന്റെ കാരണങ്ങള്‍ കണ്ടെത്തുന്നതിനായുള്ള പഠനം വേണമെന്ന് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിച്ചിട്ടും കേരളത്തില്‍ നിന്നുള്ള മറുപടി ഇതുവരെ പുറത്തുവന്നിട്ടില്ല.
കേരളത്തില്‍ പോസിറ്റീവായവരില്‍ 9.9% പേരെ മാത്രമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടിവന്നത്. അതിനാല്‍ ഭീതിജനകമായ സാഹചര്യമില്ലെന്നുമാത്രം. എന്നാല്‍ സ്ഥിതി അതിനെക്കാള്‍ രൂക്ഷമാകുന്നത് കോവിഡ് ടെസ്റ്റ് നിരക്ക് അന്യ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവായിട്ടും പോസിറ്റീവാകുന്നവരുടെ എണ്ണം ഉയരുന്നതാണ്.
ഐസിഎംആര്‍ സിറോ സര്‍വേ പ്രകാരം ഇവിടെ 44% പേരില്‍ മാത്രമേ ആന്റിബോഡിയായിട്ടുള്ളൂവെന്നും അതിനാലാണു കേസുകള്‍ വര്‍ധിക്കുന്നതെന്നും ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ വ്യാപനത്തിനു കാരണമായി മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു. സംസ്ഥാനം സ്വന്തം നിലയ്ക്ക് നടത്തിയ സര്‍വേയില്‍ 82 % പേരില്‍ ആന്റിബോഡി സാന്നിധ്യം കണ്ടെത്തി. 18 വയസിന് മുകളിലുള്ള വാക്‌സീന്‍ സ്വീകരിക്കാത്ത 70% പേരിലും ആന്റിബോഡിയുണ്ടെന്നും വ്യക്തമായി. പക്ഷെ കേരളത്തിന്റെ രോഗനിരക്കും മരണനിരക്കും ഉയര്‍ന്നു തന്നെ.
കണക്കുകള്‍ ഞെട്ടിക്കുന്നത്
വാക്സിന്‍ ഒറ്റ ഡോസ് പോലും സ്വീകരിക്കാത്തവരുടെ എണ്ണം വളരെ കൂടുതലാണ് തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ ഉള്‍പ്രദേശങ്ങളില്‍. എന്നിരുന്നാലും കേരളത്തിലെ 94.17 % പേര്‍ക്ക് ആദ്യ ഡോസും 47.03 % പേര്‍ക്ക് രണ്ടാം ഡോസ് ലഭിച്ചിട്ടും ഇവിടുത്തെ നില ഗുരുതരമായി തുടരുന്നു. തമിഴ്‌നാട്ടില്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ചത്തെ കണക്ക് പ്രകാരം 1164 പേര്‍ക്കാണ് പോസിറ്റീവ് ആയത്. 1.29 ലക്ഷം പേരില്‍ പരിശോധന നടത്തിയിട്ടാണിത്. എന്നാല്‍ കേരളത്തില്‍ 86,303 പേരില്‍ പരിശോധന നടത്തിയിട്ടും ഫലം 8733 പേരില്‍ പോസിറ്റീവ് ആയി എന്നതാണ്. കര്‍ണാടകത്തിലാണ് ഏറ്റവും കുറവ് രോഗികള്‍. 1.17 പേരില്‍ വ്യാഴാഴ്ച പരിശോധന നടത്തിയെങ്കിലും 365 പേരില്‍ മാത്രമാണ് കോവിഡ് കണ്ടെത്താനായത്.
കോവിഡ് വന്നവര്‍ക്കും വാക്‌സ്ന്‍ എടുത്തവര്‍ക്കും വീണ്ടും വൈറസ് ബാധ ഉണ്ടാകുന്നതായാണ് ഇവിടുത്തെ അവസ്ഥ. കേരളത്തില്‍ വൈറസുകള്‍ക്കു രൂപാന്തരം സംഭവിച്ചോയെന്നു പരിശോധിക്കണമെന്നും കാരണം കണ്ടെത്തി പ്രതിരോധ തന്ത്രം മാറ്റിയില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. ഇത് സംബന്ധിച്ചു ജനിതക പഠനം നടത്തണമെന്ന് ഓഗസ്റ്റ് 21നാണ് കേന്ദ്ര സര്‍ക്കാര്‍ ചീഫ് സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയത്. എന്നാല്‍ പഠനം നടന്നതായോ റിപ്പോര്‍ട്ട് എന്താമെന്നോ സക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല.
വേണ്ടതെന്ത്?
സീറോ സര്‍വേ മാത്രമോ രോഗികളുടെ എണ്ണം സംബന്ധിച്ചോ രോഗവ്യാപനം സംബന്ധിച്ചോ മാത്രം പഠനം നടത്താതെ ജനിതകമാറ്റം വന്നോ, ഏത് തരത്തിലാണ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നത്, ആഘോഷങ്ങള്‍ക്ക് നിയന്ത്രണം വരുത്തോണം, മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പോലുള്ളവ വീണ്ടും രൂപീകരിക്കണോ തുടങ്ങിയ പ്രാഥമിക നടപടികള്‍ കേരളം ഉടന്‍ സ്വീകരിക്കണമെന്നാണ് ആരോഗ്യ വിദ്ഗധര്‍ പറയുന്നത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ ജനങ്ങള്‍ക്കിടയിലേക്ക് രോഗതീവ്രതയുടെ സന്ദേശമെത്താത്തതും കാരണമായേക്കാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നടപടിയെടുത്തില്ലെങ്കില്‍ അതീവ ഗുരുതരമായിട്ടായിരിക്കും സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുക.