എച്ച് -1 ബി വിസ നല്‍കാന്‍ മടിച്ച് യു.എസ് ഭരണകൂടം; ഐ.ടി കമ്പനികള്‍ക്ക് ആശങ്ക

Update: 2019-10-30 10:52 GMT

പുതിയ എച്ച് -1 ബി വിസ നല്‍കുന്നതില്‍ യു.എസ് ഭരണകൂടം ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണത്തില്‍ വലഞ്ഞ് ഐ. ടി കമ്പനികള്‍. 2018-19 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ (ഒക്ടോബര്‍ മുതല്‍ ജൂണ്‍ വരെ) വന്ന പുതിയ എച്ച് -1 ബി അപേക്ഷകളില്‍ നാലിലൊന്നും നിരസിക്കപ്പെട്ടു.

എച്ച് 1 ബി വിസയിലൂടെ അമേരിക്കയില്‍ താമസിച്ച് ജോലി ചെയ്യുന്നവരില്‍ 70 ശതമാനവും ഇന്ത്യന്‍ പൗരന്മാരാണ്. യുഎസ്സിഐഎസ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി മാറ്റിക്കൊണ്ടാണ് എച്ച് 1 ബി അപേക്ഷകള്‍ നിരസിക്കുന്നത്. നിലവിലുള്ള ചട്ടങ്ങള്‍ കോണ്‍ഗ്രസ് പരിഷ്‌കരിക്കുകയോ പുതിയ വ്യവസ്ഥകള്‍ കൊണ്ടുവരുകയോ ചെയ്യാതെ തന്നെയാണ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയുള്ള നിരസിക്കല്‍ നടക്കുന്നതെന്ന് നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ അമേരിക്കന്‍ പോളിസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്റ്റുവര്‍ട്ട് ആന്‍ഡേഴ്‌സണ്‍ സമ്മതിച്ചു.

2015 സാമ്പത്തിക വര്‍ഷത്തില്‍ 6% മാത്രം അപേക്ഷകള്‍ തള്ളിപ്പോയ സ്ഥാനത്താണിപ്പോള്‍ 60 ശതമാനത്തിലധികവും നിരസിക്കപ്പെടുന്നത്. ഐടി കമ്പനികള്‍ക്കാണിത് കൂടുതല്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. കോഗ്‌നിസന്റിലെ ജോലിസാധ്യതയുടെ പേരില്‍ ഒക്ടോബര്‍ മുതല്‍ ജൂണ്‍ വരെ സമര്‍പ്പിച്ച അപേക്ഷകളില്‍ 60 ശതമാനത്തിലധികവും തള്ളിപ്പോയതായി യു.എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ്സിഐഎസ്) പ്രസിദ്ധീകരിച്ച ഡാറ്റ വ്യക്തമാക്കുന്നു.കാപ്‌ഗെമിനി, ആക്‌സെഞ്ചര്‍, വിപ്രോ, ഇന്‍ഫോസിസ് എന്നിവയും തുല്യദുഃഖിതരാണ്.

2018 ല്‍, മികച്ച ആറ് ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് വെറും 2,145 എച്ച് -1 ബി വര്‍ക്ക് പെര്‍മിറ്റുകള്‍ ആണ് ലഭിച്ചത്. ആകെ നല്‍കിയതിന്റെ കേവലം 16 ശതമാനം. ഐ.ടി ഇതര മേഖലയ്ക്കു പ്രശ്‌നമില്ല. ഏറ്റവും വലിയ ഓണ്‍ലൈന്‍ റീട്ടെയിലറായ ആമസോണ്‍ മാത്രം അതിന്റെ ജീവനക്കാര്‍ക്കായി നേടിയതാകട്ടെ 2,399 വിസകളും. ആപ്പിള്‍, കമ്മിന്‍സ്, വാള്‍മാര്‍ട്ട് എന്നീ കമ്പനികളും പഴയതുപോലെ തന്നെ എച്ച് -1 ബി വര്‍ക്ക് പെര്‍മിറ്റ് നേടിയെടുക്കുന്നുണ്ട്.

വര്‍ക്ക് പെര്‍മിറ്റ് കിട്ടാനുള്ള ക്‌ളേശം അമേരിക്കയിലേക്കുള്ള പ്രതിഭകളുടെ കടന്നുവരവിനെയും ടെക് സേവന കമ്പനികളുടെ നിലവിലുള്ള ബിസിനസിനെയും ബാധിക്കുമെന്ന് ഇമിഗ്രേഷന്‍ വിദഗ്ധര്‍ പറയുന്നു. ആശങ്ക ജനിപ്പിക്കുന്ന സാഹചര്യമാണുണ്ടായിട്ടുള്ളതെന്ന് ഇമിഗ്രേഷന്‍ നിയമ സ്ഥാപനമായ ലോ ക്വസ്റ്റ് മാനേജിംഗ് പാര്‍ട്ണര്‍ പൂര്‍വി ചോതാനി ചൂണ്ടിക്കാട്ടി.

കുടിയേറ്റ വിരുദ്ധ പരിഷ്‌കാരങ്ങളെക്കുറിച്ചുള്ള തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റാന്‍ പ്രസിഡന്റ് ട്രംപ് സംരക്ഷണവാദത്തിന്റെ തുറുപ്പു ചീട്ടുമായിറങ്ങിയപ്പോള്‍ മുതല്‍ ഇന്ത്യന്‍ ഐ.ടി സ്ഥാപനങ്ങള്‍ വിഷമത്തിലായിരുന്നു. വര്‍ക്ക് പെര്‍മിറ്റിനായി യുഎസ് മാസ്റ്റര്‍ ബിരുദം നിര്‍ബന്ധിതമാക്കുന്ന പുതിയ നിയമ പരിഷ്‌കരണത്തോടെയായിരുന്നു ട്രംപിന്റെ തുടക്കം.

എച്ച് -1 ബി വര്‍ക്ക് പെര്‍മിറ്റ് ഉടമകളുടെ ജീവിത പങ്കാളികളെ യു.എസില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്ന ഒബാമ കാലത്തെ നിയമം റദ്ദാക്കാനും ട്രംപ് ഭരണകൂടത്തിന് പദ്ധതിയുള്ളതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇന്ത്യന്‍ പൗരന്മാര്‍ക്കാണ് ഈ വിസ സമ്പ്രദായത്തിന്റെ ഗുണം കൂടുതലായി കിട്ടിവരുന്നത്. മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ള സ്ത്രീകളാണ് അവരില്‍ ഭൂരിഭാഗവും. 2015 മുതല്‍ ഇത്തരത്തില്‍ ലഭിച്ച 120,000 വിസകളില്‍ 90 ശതമാനത്തിന്റെയും ഗുണഭോക്താക്കളായത് ഇന്ത്യാക്കാര്‍ തന്നെ. 

Similar News