അദാനിക്ക് വായ്പയുമായി മൂന്ന് ജാപ്പനീസ് ബാങ്കുകള്‍

അദാനിയെ വിശ്വാസമെന്ന് നിലവില്‍ വായ്പ നല്‍കിയവര്‍

Update:2023-05-08 10:20 IST

Stock Image

മിത്സുബിഷി യു.എഫ്.ജെ ഫൈനാന്‍ഷ്യല്‍ ഗ്രൂപ്പ്, സുമിറ്റോമോ മിറ്റ്‌സുയി ബാങ്കിംഗ്, മിസുഹോ ഫൈനാന്‍ഷ്യല്‍ ഗ്രൂപ്പ് എന്നീ മൂന്ന് ജാപ്പനീസ് ബാങ്കുകള്‍ അദാനി ഗ്രൂപ്പിന് വായ്പ വാഗ്ദാനം ചെയ്തതായി ഫൈനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. പുതിയ പദ്ധതികള്‍ക്കായുള്ള വായ്പകള്‍ മാത്രമല്ല കടങ്ങളുടെ തിരിച്ചടവും ഈ ധനസഹായത്തില്‍ ഉള്‍പ്പെടും. നിലവില്‍ ഈ മൂന്ന് ബാങ്കുകളും അദാനി ഗ്രൂപ്പിന് വായ്പ നല്‍കുന്നവരല്ല.

2023 മാര്‍ച്ച് 31 വരെയുള്ള ഗ്രൂപ്പിന്റെ കടം 2,27,000 കോടി രൂപയായിരുന്നു. അതില്‍ 39 ശതമാനം ബോണ്ടുകളിലും 29 ശതമാനം അന്താരാഷ്ട്ര ബാങ്കുകളില്‍ നിന്നുള്ള വായ്പയും 32 ശതമാനം ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുമാണ്.

ഗ്രൂപ്പില്‍ വിശ്വാസമുണ്ടെന്ന് ബാങ്കുകള്‍

സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ്, ബാര്‍ക്ലേയ്സ് എന്നിവയുള്‍പ്പെടെ നിലവിലുള്ള വായ്പാ ദാതാക്കള്‍ക്കും ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ വിശ്വാസമുണ്ടെന്ന് അറിയിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. അദാനി എന്റര്‍പ്രൈസസ് (എ.ഇഎ.ല്‍), അദാനി ഗ്രീന്‍ എനര്‍ജി, അദാനി പോര്‍ട്ട്സ്, അദാനി ടോട്ടല്‍ ഗ്യാസ് എന്നിവയില്‍ 15,446 കോടി രൂപയുടെ നിക്ഷേപമുള്ള അദാനി ഗ്രൂപ്പിലെ പ്രധാന നിക്ഷേപകരായ ജി.ക്യു.ജി പാര്‍ട്ണേഴ്സും അദാനി ഗ്രൂപ്പ് കമ്പനികളില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ സാധ്യതയുണ്ടെന്നു റിപ്പോര്‍ട്ട് കൂട്ടിചേര്‍ത്തു.

2023-24 സമ്പത്തിക വര്‍ഷത്തിലും, 2025-26 സമ്പത്തിക വര്‍ഷത്തിലും കാലാവധി പൂര്‍ത്തിയാകുന്ന റീഫിനാന്‍സ് ബോണ്ടുകള്‍ക്കും നിലവിലുള്ളതും പുതിയതുമായ കടങ്ങള്‍ക്കുള്ള പിന്തുണയും എല്ലാ ബാങ്കുകളും വാഗ്ദാനം ചെയ്തിട്ടുണ്ട്. അദാനി ഗ്രൂപ്പിന് ഈ കാലാവധികളില്‍ തീരുന്ന 400 കോടി ഡോളര്‍ ബോണ്ടുകള്‍ ഉണ്ട്.

ഹിന്‍ഡന്‍ബര്‍ഗിന് പിന്നാലെ

വഞ്ചന, അഴിമതി, ഓഹരി കൃത്രിമം, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ ആരോപണങ്ങള്‍ ഹിന്‍ഡന്‍ബര്‍ഗ് ഉന്നയിച്ചതു മുതല്‍ അദാനി ഗ്രൂപ്പ് പ്രതിസന്ധിയിലായിരുന്നു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ ഒരു ഘട്ടത്തില്‍ അദാനി ഗ്രൂപ്പിന്റെ വിപണിമൂല്യത്തില്‍ ഏകദേശം 11,48,000 കോടി രൂപയുടെ (140 ബില്യണ്‍ യുഎസ് ഡോളര്‍) ഇടിവുണ്ടായി. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ ആരോപണങ്ങളെല്ലാം നിഷേധിച്ച അദാനി ഗ്രൂപ്പ് കമ്പനിയുടെ പ്രതിച്ഛായ തിരിച്ചുപിടിക്കുന്നതിനായി വിവിധ മാര്‍ഗങ്ങള്‍ സ്വീകരിച്ചു.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് ശേഷം വിപണി തകര്‍ച്ചയ്ക്കിടയില്‍ നിക്ഷേപകരുടെ വിശ്വാസം വീണ്ടെടുക്കുന്നതിനായി ഗൗതം അദാനി യു.എസ് ക്രൈസിസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ലീഗല്‍ ടീമുകളെ നിയമിച്ചു. തുടര്‍ന്ന് 6970 കോടി രൂപയുടെ കല്‍ക്കരി പ്ലാന്റ് വാങ്ങല്‍ ഒഴിവാക്കി, ചെലവ് ചുരുക്കി, ചില വായ്പകള്‍ മുന്‍കൂട്ടി അടച്ചു തീര്‍ത്തു, മറ്റ് ചില വായ്പകള്‍ വേഗത്തില്‍ തിരിച്ചടയ്ക്കുമെന്ന് വാഗ്ദാനം ചെയ്തു, ഏഷ്യയിലും യൂറോപ്പിലുടനീളവും റോഡ് ഷോകള്‍ നടത്തുകയും മറ്റും ചെയ്തു.

Tags:    

Similar News