അദാനി പോര്‍ട്ടിന് തിരിച്ചടി: സാമ്പത്തികസ്ഥിതിയെ കുറിച്ച് ആശങ്കകള്‍ ഉയര്‍ത്തി ഓഡിറ്റര്‍ പിന്‍വാങ്ങുന്നു

പോര്‍ട്ടിന്റെ അക്കൗണ്ടുകളിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍

Update:2023-08-12 13:10 IST

ഗൗതം അദാനി നേതൃത്വം നല്‍കുന്ന അദാനി പോര്‍ട്‌സ് ആന്റ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണിന്റെ ഓഡിറ്റര്‍ സ്ഥാനത്ത് നിന്ന് ഡിലോയിറ്റ് ഹസ്‌കിന്‍സ് & സെല്‍സ് പിന്‍വാങ്ങുന്നതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്. കണക്കുകളില്‍ കൃതൃമം കാണിക്കുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ ജനുവരിയില്‍ ഹിന്‍ഡന്‍ബെര്‍ഗ് റിസര്‍ച്ച് പുറത്തുവിട്ട റിപ്പോര്‍ട്ടുകളിലെ ആശങ്ക നിലനില്‍ക്കുന്നതിനിടെയുള്ള പുതിയ നീക്കം അദാനി ഗ്രൂപ്പിന് വീണ്ടും തിരിച്ചടിയാകുകയാണ്.

ഓഡിറ്റര്‍ സ്ഥാനം രാജിവയ്ക്കുന്നതായി ഡിലോയിറ്റ് അദാനി പോര്‍ട്ടിനെ അറിയച്ചതായാണ് വിവരം. ഔദ്യോഗികമായ പ്രഖ്യാപനം വരും ദിവസങ്ങളിലുണ്ടാകുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
അക്കൗണ്ടുകളില്‍ പൊരുത്തക്കേട്
അക്കൗണ്ടിംഗ് രംഗത്തെ വമ്പന്മാരായ ഡിലോയിറ്റ് കഴിഞ്ഞ കുറച്ചു നാളുകളായി പോർട്ടിന്റെ അക്കൗണ്ടുകളിലെ പൊരുത്തക്കേടുകളെ കുറിച്ച് ആശങ്ക അറിയിച്ചിരുന്നു. അദാനി പോര്‍ട്ടും മറ്റ് മൂന്ന് സ്ഥാപനങ്ങളും തമ്മിലുള്ള ഇടപാടുകളെ കുറിച്ചുള്ള സംശയവും ഇക്കഴിഞ്ഞ മേയില്‍ ഡിലോയിറ്റ് പ്രകടിച്ചിരുന്നു. ഗ്രൂപ്പുമായി ബന്ധമില്ലാത്തതാണ് മറ്റ് മൂന്ന് കമ്പനികളെന്നാണ് അദാനി വ്യക്തമാക്കിയത്. രാജ്യത്തെ നിയമങ്ങള്‍ക്കനുസൃതമായാണോ ബിസിനസ് എന്നതില്‍ സംശയവും ഓഡിറ്റര്‍ പ്രകടപ്പിച്ചിരുന്നു.
അന്വേഷണം തുടരുന്നു

അദാനി സാമ്രാജ്യത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വീണ്ടും മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതാണ് ഓഡിറ്ററുടെ രാജി നീക്കം. ഹിന്‍ഡന്‍ബര്‍ഗുമായി ബന്ധപ്പെട്ട വിഷയത്തില്‍ സെക്യൂരിറ്റീസ് ആന്റ് എക്‌സചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവരുമെന്നാണ് കരുതുന്നത്. ഓഗസ്റ്റ് 14 വരെ അദാനി-ഹിന്‍ഡന്‍ ബര്‍ഗ് കേസില്‍ അന്വേഷണം തുടരാന്‍ സുപ്രീം കോടതി സെബിക്ക് അനുമതി നല്‍കിയിട്ടുണ്ട്.
ഹിന്‍ഡന്‍ബെര്‍ഗിന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും നിയമപരമായ വീഴ്ചകള്‍ കമ്പനിയുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്നുമാണ് അദാനി ഗ്രൂപ്പ് ആവര്‍ത്തിക്കുന്നത്.
ഓഹരിയില്‍ കൃത്രിമം നടന്നിട്ടില്ലെന്നും നിയന്ത്രണ വീഴ്ചകളുണ്ടായിട്ടില്ലെന്നും കഴിഞ്ഞ മെയില്‍ സുപ്രീം കോടതി നിയമിച്ച വിദഗ്ധ സമിതിയും ഇടക്കാല റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
Tags:    

Similar News