മാധ്യമ ഭീമനാകാന്‍ അദാനി; എന്‍.ഡി.ടിവിക്ക് പിന്നാലെ പുതിയ സ്ഥാപനത്തെ കൂടി സ്വന്തമാക്കി

പുതിയ നീക്കം ഇന്ത്യന്‍ മാധ്യമരംഗത്ത് സാന്നിധ്യം ശക്തമാക്കാന്‍

Update:2023-12-16 16:23 IST

Image : adani.com

ഇന്ത്യന്‍ മാധ്യമരംഗത്ത് സാന്നിധ്യം ശക്തമാക്കാന്‍ എന്‍.ഡി.ടി.വിക്ക് പിന്നാലെ മറ്റൊരു മാധ്യമസ്ഥാപത്തിന്റെ കൂടി ഓഹരികള്‍ സ്വന്താമാക്കി അദാനി ഗ്രൂപ്പ്. വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസിന്റെ (IANS) 50.50 ശതമാനം ഓഹരിയാണ് ശതകോടീശ്വരന്‍ ഗൗതം അദാനിയുടെ എ.എം.ജി മീഡിയ നെറ്റ്‌വര്‍ക്ക് വാങ്ങിയത്. എത്ര തുകയ്ക്കാണ് ഇടപാട് നടത്തിയിരിക്കുന്നതെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

ഐ.എ.എന്‍.എസിന്റെ മാനേജ്‌മെന്റ് ഓപ്പറേഷന്‍ നിയന്ത്രണങ്ങള്‍ ഇനി അദാനിയുടെ ഉടമസ്ഥതയിലുള്ള എ.എം.ജി മീഡിയ നെറ്റ്‌വര്‍ക്കിനായിരിക്കും. 2023 സാമ്പത്തിക വര്‍ഷത്തില്‍ ഐ.എ.എന്‍.എസിന്റെ വരുമാനം 11.86 കോടി രൂപയായിരുന്നു. ഫിനാന്‍ഷ്യല്‍ ന്യൂസ് ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ബി.ക്യു പ്രൈമിന്റെ ഉടമസ്ഥരായിരുന്ന ക്വിന്റില്യണ്‍ ബിസിനസ് മീഡിയയെ സ്വന്തമാക്കിയാണ് മാധ്യമരംഗത്തേക്ക് അദാനി ചുവടുവെക്കുന്നത്.

പിന്നീട് എന്‍.ഡി.ടി.വിയിലെ 65 ശതമാനം ഓഹരികള്‍ അദാനി ഗ്രൂപ്പ് വാങ്ങി. എന്‍.ഡി.ടിവിയുടെ ഓഹരികള്‍ ഏറ്റെടുത്ത് കൃത്യം ഒരു വര്‍ഷം തികയുമ്പോഴാണ് മാധ്യമ സ്ഥാപനത്തെ അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നത്. അതേസമയം, കഴിഞ്ഞ ഒരു വര്‍ഷമായി സാമൂഹിക മാധ്യമങ്ങളില്‍ എന്‍.ഡി.ടിവിയുടെ കാഴ്ചക്കാരുടെ എണ്ണത്തില്‍ 54 ശതമാനത്തോളം കുറവ് സംഭവിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ബി.ജെ.പി-മോദി അനുഭാവമുണ്ടെന്ന് കരുതപ്പെടുന്ന വ്യവസായിയായ ഗൗതം അദാനി എന്‍.ഡി.ടിവിയുടെ ഓഹരികള്‍ ഏറ്റെടുത്തത് നിരവധി വിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു. ഏറ്റെടുക്കലില്‍ പ്രതിഷേധിച്ച് എന്‍.ഡി.ടിവിയില്‍ നിന്ന് നിരവധി മാധ്യമപ്രവര്‍ത്തകര്‍ രാജിവച്ചിരുന്നു

Tags:    

Similar News