മൊബൈല്‍ സേവന പരിശോധന ഊര്‍ജിതമാക്കാന്‍ ട്രായ്

ആദ്യ ഘട്ടത്തില്‍ സംസ്ഥാന തലത്തില്‍ സേവനത്തിന്റെ ഗുണനിലവാരം പരിശോധിക്കും

Update: 2023-02-18 05:28 GMT

image:@trai/fb

സേവനങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച മാനദണ്ഡങ്ങള്‍ പുനഃരവലോകനം ചെയ്യാന്‍ തീരുമാനിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI). കൂടാതെ എല്ലാ സംസ്ഥാനങ്ങളിലെയും നെറ്റ്‌വർക്ക് തകരാറുകള്‍ പോലുള്ള പ്രശ്‌നങ്ങള്‍ ട്രായിയെ അറിയിക്കാന്‍ ടെലികോം ഓപ്പറേറ്റര്‍മാരോട് ആവശ്യപ്പെടുകയും ചെയ്തു.

തകരാറുകള്‍ക്ക് പരിഹാരം

ഇത്തരം തകാരറുകള്‍ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടത് ട്രായുടെ ഉത്തരവാദിത്തമാണെന്ന് ട്രായ് ചെയര്‍മാന്‍ പി ഡി വഗേല പറഞ്ഞു. ആദ്യ ഘട്ടത്തില്‍ സംസ്ഥാന തലത്തില്‍ സേവനത്തിന്റെ ഗുണനിലവാരം പരിശോധിക്കും.  പിന്നീട് അത് വിലയിരുത്തിയ ശേഷം തങ്ങള്‍ ജില്ലാ തലങ്ങളിലെ തകരാറുകള്‍ക്ക് പരിഹാരം കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഗുണനിലവാര നിരീക്ഷണ സംവിധാനം

ഇതിന്റെ ഭാഗമായി ടെലികോം കമ്പനികള്‍ മൂന്ന് മാസത്തെ ശരാശരി സേവന നിലവാരവുമായി ബന്ധപ്പെട്ട പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി സമര്‍പ്പിക്കണം. 5ജി സേവനങ്ങളുമായി ബന്ധപ്പെട്ട് നിര്‍മ്മിത ബുദ്ധിയും (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) മെഷീന്‍ ലേണിംഗും ഉപയോഗിച്ച് കമ്പനിക്കുള്ളില്‍ തന്നെ സേവനം സംബന്ധിച്ച ഗുണനിലവാര നിരീക്ഷണ സംവിധാനങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ട്രായ് ടെലികോം കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അനധികൃതമായവ തടയും

കൂടുതല്‍ നിയന്ത്രണങ്ങളോടെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന് പ്രത്യേക കണ്‍സള്‍ട്ടേഷനുകള്‍ ട്രായ് കൊണ്ടുവരും. മോശം നിലവാരമുള്ള സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകളുടെ വിശദാംശങ്ങള്‍ ട്രായിക്ക് നല്‍കണം. സന്ദേശങ്ങള്‍ക്കായി കമ്പനികള്‍ ഉപയോഗിക്കുന്ന രജിസ്റ്റര്‍ ചെയ്ത എസ്എംഎസ് മാതൃകകള്‍ പുനഃപരിശോധിക്കാനും അനധികൃതമായവ തടയാനും ട്രായ് ടെലികോം ഓപ്പറേറ്റര്‍മാരോട് ആവശ്യപ്പെട്ടു. ഇതിനെല്ലാം പ്രധാനപ്പെട്ട മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, റിസര്‍വ് ബാങ്ക് എന്നിവയുടെ പിന്തുണയും ട്രായ് സ്വീകരിക്കും.

Tags:    

Similar News