ഒറ്റയ്ക്കുള്ള വിമാനയാത്ര: കുട്ടികള്‍ക്കുള്ള ഫീസ് ഇരട്ടിയാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

5നും 12നും ഇടയില്‍ പ്രായമുള്ളവര്‍ക്കുള്ള നിരക്കിളവ് നിറുത്തലാക്കി

Update:2023-10-09 12:49 IST

Image courtesy: canva

മുതിര്‍ന്നവര്‍ കൂടെയില്ലാതെ ഒറ്റയ്ക്ക് വിമാനയാത്ര ചെയ്യുന്ന കുട്ടികള്‍ക്ക് നല്‍കുന്ന സേവനത്തിനുള്ള ചാര്‍ജുകള്‍ ഇരട്ടിയാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ടിക്കറ്റ് നിരക്കിന് പുറമെ നല്‍കുന്ന മൈനര്‍ സര്‍വീസ് ചാര്‍ജുകള്‍ 5,000 രൂപയില്‍ നിന്ന് (221 ദിര്‍ഹം) 10,000 രൂപയായി (442 ദിര്‍ഹം) വര്‍ധിപ്പിച്ചു. ഈ നിരക്ക് വര്‍ധനയ്ക്ക് പുറമേ 5നും 12നും ഇടയില്‍ പ്രായമുള്ളവര്‍ക്കുള്ള നിരക്കിളവ് നിറുത്തലാക്കി. ഇത്തരം നിരക്കുകള്‍ രണ്ട് മാസം മുമ്പേ പരിഷ്‌കരിച്ചിരുന്നുവെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സ്ഥിരീകരിച്ചതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

നിരക്ക് വര്‍ധന ചര്‍ച്ചയായത് ഇപ്പോള്‍

യു.എ.ഇയില്‍ സ്ഥിരതാമസക്കാരനായ ഇന്ത്യന്‍ ബാലതാരം ഇസിന്‍ ഹാഷ് അടുത്തിടെ തന്റെ സോഷ്യല്‍ മീഡിയയിലൂടെ ഈ ചാര്‍ജ് വര്‍ധനയെ കുറിച്ചുള്ള ആശങ്കകള്‍ പങ്കുവച്ചിരുന്നു. മാതാപിതാക്കളില്ലാതെ യാത്ര ചെയ്യുന്ന കുട്ടികള്‍ക്ക് ഈ സേവനം വളരെ സഹായകരമാണെന്നും എന്നാല്‍ നീണ്ട വേനലവധി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഈ വിലക്കയറ്റം ശ്രദ്ധയില്‍പ്പെട്ടതെന്നും ഇസിന്‍ ഹാഷ് പറഞ്ഞു. ഇസിന്‍ ഹാഷ് ഉള്‍പ്പെടെ പലരും സോഷ്യല്‍ മീഡിയയില്‍ ഇതുമായി ബന്ധപ്പെട്ട ആശങ്കകള്‍ പങ്കുവച്ചതോടെയാണ് ഈ നിരക്ക് വര്‍ധന ചര്‍ച്ചയായത്.

2018ലാണ് ദുബൈ എയര്‍പോര്‍ട്ടുകളിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന മുതിര്‍ന്നവര്‍ കൂടെയില്ലാതെ കുട്ടികളെ സഹായിക്കുന്നതിനുള്ള സേവനത്തിന് അധിക ചാര്‍ജ് സംവിധാനം നടപ്പിലാക്കിയത്. യു.എ.ഇയില്‍ 5-18 വയസ് പ്രായമുള്ള കുട്ടികളാണ് ഇതിന് യോഗ്യരായിട്ടുള്ളവര്‍. മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ ഇത് 5നും 16നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ്.

Tags:    

Similar News