ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് സിഇഒ സ്ഥാനം ഒഴിയുന്നു
57 കാരനായ ബെസോസിന് പകരം വെബ് സര്‍വീസ് മേധാവി ആന്‍ഡി ജാസ്സിയായിരിക്കും പുതിയ സിഇഒ
ആഗോള ഇ-കൊമേഷ്യല്‍ രംഗത്തെ വമ്പന്മാരായ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ഈ വര്‍ഷാവസാനത്തോടെ സ്ഥാനമൊഴിയും. തുടര്‍ന്ന് അദ്ദേഹം എക്സിക്യുട്ടീവ് ചെയര്‍മാനായി തുടരുമെന്ന് കമ്പനി വ്യക്തമാക്കി. 57 കാരനായ ബെസോസിന് പകരമായി വെബ് സര്‍വീസ് മേധാവി ആന്‍ഡി ജാസ്സിയായിരിക്കും പുതിയ സിഇഒ. ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തോടെയായിരിക്കും ബെസോസ് എക്സിക്യുട്ടീവ് ചെയര്‍മാന്‍ സ്ഥാനമേറ്റെടുക്കുക.
പുതിയ ഉല്‍പ്പന്നങ്ങളിലും ആമസോണിന്റെ ആദ്യകാല സംരംഭങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ താല്‍പ്പര്യപ്പെടുന്നതായി ഒരു ബ്ലോഗ് പോസ്റ്റില്‍ ബെസോസ് പറഞ്ഞു. സ്ഥാനം ഒഴിയുന്നതോടെ തന്റെ പര്യവേഷണ കമ്പനിയായ ബ്ലൂ ഒറിജിന്‍, തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, തന്റെ ഉടമസ്ഥതയിലുള്ള വാഷിംഗ്ടണ്‍ പോസ്റ്റിന്റെ മേല്‍നോട്ടം എന്നിവ ഉള്‍പ്പെടെയുള്ള സൈഡ് പ്രോജക്ടുകള്‍ക്ക് കൂടുതല്‍ സമയം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'ജെഫ് എവിടെയും പോകുന്നില്ല, ഇതൊരു പുന:സംഘടിപ്പിക്കല്‍ മാത്രമാണ്' ആമസോണിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ബ്രയാന്‍ ഓള്‍സാവ്സ്‌കി പറഞ്ഞു.
അമേരിക്കന്‍ കമ്പനിയായ ആമസോണ്‍ 1995 ലാണ് ബെസോസ് ആരംഭിച്ചത്. വളരെ പെട്ടെന്നുതന്നെ വളര്‍ച്ചനേടുകയും ചെയ്തു. അദ്ദേഹം ആരംഭിച്ച ഇ-റീഡര്‍ ലോകത്തുതന്നെ വലിയ സ്വീകാര്യതയാണ് നേടിയത്.