സാധാരണക്കാര്‍ പെടും, ചൈനീസ് സ്മാര്‍ട്ട്‌ഫോണുകളെ ഒഴിവാക്കുന്നത് അംബാനിക്ക് പോലും ഗുണം ചെയ്‌തേക്കില്ല
കുറഞ്ഞ വിലയില്‍ മികച്ച ഫീച്ചറുകള്‍ നല്‍കുന്ന ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. ബജറ്റ് ഫോണുകളുടെ സെഗ്മെന്റ് വിട്ടുകൊടുത്താല്‍, ഡിമാന്‍ഡിന് അനുസരിച്ച് ഉല്‍പ്പാദനം നടത്താന്‍ ഈ കമ്പനികള്‍ക്കൊന്നും സാധിക്കില്ല
12,000 രൂപയില്‍ താഴെ (150 ഡോളര്‍) വിലയുള്ള സ്മാര്‍ട്ട് ഫോണുകളുടെ വിപണിയില്‍ നിന്ന് ചൈനീസ് കമ്പനികളെ വിലക്കിയേക്കും (Chinese Smartphones) എന്ന വാര്‍ത്ത ഇന്നലെയാണ് പുറത്തുവന്നത്. ഇങ്ങനെ ഒരു തീരുമാനം ഇന്ത്യന്‍ സര്‍ക്കാര്‍ എടുക്കുമോ എന്ന് വ്യക്തമല്ല. ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയാവും ഇത്തരം ഒരു നീക്കം എന്നാണ് വിലയിരുത്തല്‍. എന്നാല്‍ വിലക്ക് വന്നാല്‍, അത് ബാധിക്കുക ഷവോമി, റെഡ്മി തുടങ്ങിയ ചൈനീസ് ബ്രാന്‍ഡുകളെ മാത്രമായിരിക്കില്ല. ഇന്ത്യയിലെ സാധാരണക്കാരെ കൂടിയാവും.
12,000 രൂപയില്‍ താഴെയുള്ള ഫോണുകളുടെ വിപണിയില്‍ 80 ശതമാനം വിഹിതവും ചൈനീസ് കമ്പനികള്‍ക്കാണ്. അതില്‍ പകുതിയോളം കയ്യാളുന്നതാകട്ടെ ഷവോമിയും റിയല്‍മിയും ആണ്. ഇപ്പോഴത്തെ ട്രെന്‍ഡ് അനുസരിച്ച് രാജ്യത്ത് ബജറ്റ് സ്മാര്‍ട്ട്‌ഫോണുകളുടെ ഡിമാന്‍ഡ് കുറഞ്ഞുവരുകയാണ്. ഐഡിസി ഇന്ത്യയുടെ കണക്ക് അനുസരിച്ച് 40 ശതമാനം സ്മാര്‍ട്ട് ഫോണുകളാണ് ഈ വിഭാഗത്തില്‍ വില്‍ക്കപ്പെടുന്നത്.
ഐഡിസിയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം ഇവിടെ വില്‍ക്കുന്ന സ്മാര്‍ട്ട്‌ഫോണുകളുടെ ശരാശരി വില 213 ഡോളര്‍ ( ഏകദേശം 16,957 രൂപ) ആണ്. സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ ഇന്ത്യന്‍ കമ്പനികളുടെ സാന്നിധ്യം കഷ്ടിച്ച് ഒരു ശതമാനത്തില്‍ എത്തിയാല്‍ ആയി. മൈക്രോമാക്‌സ്, ലാവ എന്നിവ മാത്രമാണ് പേരിനെങ്കിലും സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ സാന്നിധ്യമുള്ള ഇന്ത്യന്‍ കമ്പനികള്‍. ഗൂഗിളുമായി ചേര്‍ന്ന് ജിയോയും ഫോണ്‍ പുറത്തിറക്കുന്നുണ്ട്. ഇന്ത്യന്‍ കമ്പനികള്‍ക്ക് മാത്രമായി ബജറ്റ് ഫോണുകളുടെ സെഗ്മെന്റ് വിട്ടുകൊടുത്താല്‍, ഡിമാന്‍ഡിന് അനുസരിച്ചുള്ള ഉല്‍പ്പാദനം നടത്താന്‍ ഈ കമ്പനികള്‍ക്കൊന്നും സാധിക്കില്ല എന്നാണ് മേഖലയിലുള്ളവരുടെ വിലയിരുത്തല്‍.
ബാധിക്കുക സാധാരണക്കാരെ
മൈക്രോ മാക്‌സ്, ലാവ, ലൈഫ്, ജിയോ തുടങ്ങിയവയുടെ സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിച്ചവര്‍ പിന്നീട് ഒരിക്കലും ആ ബ്രാന്‍ഡുകളിലേക്ക് തിരിഞ്ഞു നോക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇപ്പറഞ്ഞവയില്‍ ലാവയ്ക്ക് മാത്രമാണ് 5ജി ഫോണുകള്‍ ഉള്ളത്. 12,000 രൂപയ്ക്ക് താഴെ പോക്കോ 5ജി ഫോണ്‍ വില്‍ക്കുന്ന സമയമാണിതെന്ന് ഓര്‍ക്കണം. കുറഞ്ഞ വിലയില്‍ മികച്ച ഫീച്ചറുകള്‍ നല്‍കുന്ന ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ ഇല്ല.
ഇനി മുകേഷ് അംബാനിയും ഗൂഗിളുമായി ചേര്‍ന്ന് ഒരു ഫോണ്‍ അവതരിപ്പിച്ചാലും, ജിയോ ഉപഭോക്താക്കള്‍ക്കായി മാത്രമെത്തുന്ന അവയ്ക്ക് വലിയ ചലനമുണ്ടാക്കാന്‍ സാധിക്കില്ല. സാംസംഗും നോക്കിയയും പോലും ബജറ്റ് സെഗ്മെന്റിലെ ഫീച്ചേഴ്‌സിന്റെ കാര്യത്തില്‍ റിയല്‍മി, ഷവോമി, പോക്കോ തുടങ്ങിയ ചൈനീസ് ബ്രാന്‍ഡുകള്‍ക്ക് പിന്നിലാണ്. കേന്ദ്രം ചൈനീസ് കമ്പനികളെ നിരോധിച്ചാല്‍ അത് ഏറ്റവും അധികം ബാധിക്കുക 10000 രൂപയില്‍ താഴെ വിലയുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങുന്ന സാധാരണക്കാരെയാവും.
കൊറിയന്‍, ഫിന്‍ലന്‍ഡ് ബ്രാന്‍ഡുകളിലേക്ക് ഇത്തരക്കാര്‍ മാറിയാലും ഇന്ത്യന്‍ ബ്രാന്‍ഡുകളിലേക്ക് എത്തുമെന്ന പ്രതീക്ഷ അസ്ഥാനത്താണ്. കൊടുക്കുന്ന വിലയ്ക്ക് മുതലാവുന്ന ഉല്‍പ്പന്നം എന്നതാണ് ഏതൊരു സാധാരണക്കാരന്റെയും യുക്തി. 1000 രൂപ കൂടി ഇട്ട് 13000 രൂപയ്ക്ക് നല്ലൊരു 5ജി ഫോണ്‍ വാങ്ങാമെന്ന് ഒരാള്‍ ചിന്തിച്ചാലും കുറ്റം പറയാനാവില്ല. 12,001 രൂപയില്‍ ചൈനീസ് കമ്പനികള്‍ക്ക് ഫോണുകളും ഇറക്കാം. വേണമെങ്കില്‍ ക്യാഷ് ബാക്ക് ഓഫറുകലിലൂടെ വില കുറയ്ക്കുകയും ചെയ്യാം.