ഓവര്‍ ഡ്രാഫ്റ്റ് എക്കൗണ്ടുകള്‍ക്ക് ഇലക്ട്രിക് കാര്‍ഡ് നല്‍കാന്‍ ബാങ്കുകള്‍

Update:2020-04-29 15:11 IST

ഓവര്‍ ഡ്രാഫ്റ്റ് എക്കൗണ്ടുടമകള്‍ക്ക് ഡെബിറ്റ് കാര്‍ഡ് മാതൃകയില്‍ ഇലക്ട്രോണിക് കാര്‍ഡ് ഏര്‍പ്പെടുത്താന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നല്‍കി. ഈ കാര്‍ഡ് ഉപയോഗിച്ച് എക്കൗണ്ട് ഉടമകള്‍ക്ക് ഓണ്‍ലൈന്‍ ഇടപാടുകളടക്കം നടത്താനാകും. എന്നാല്‍ കാഷ് ട്രാന്‍സാക്ഷന്‍ ഇതിലൂടെ സാധ്യമാകില്ല. അതേസമയം പ്രധാനമന്ത്രി ജന്‍ ധന്‍ യോജന പ്രകാരമുള്ള എക്കൗണ്ടുകളിലെ ഓവര്‍ ഡ്രാഫ്റ്റ് സൗകര്യങ്ങളില്‍ ഈ നിയന്ത്രണം ഉണ്ടാവില്ല.
വ്യക്തിഗത വായ്പകള്‍ക്ക് സമാനമായ ഒഡി എക്കൗണ്ടുകള്‍ക്കാണ് ഇത്തരത്തില്‍ കാര്‍ഡ് നല്‍കുക.

വ്യക്തിഗത വായ്പകള്‍ക്ക് ലഭിക്കില്ല. വ്യക്തിഗത വായ്പകളില്‍ നിശ്ചിത തുക നിശ്ചിത കാലത്തേക്കായി പലിശയും മാസതവണകളും നിശ്ചയിച്ച് നല്‍കുന്നവയാണ്. എന്നാല്‍ ക്രെഡിറ്റ് ലൈന്‍ വായ്പകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഓവര്‍ ഡ്രാഫ്റ്റില്‍ എത്ര തുക ഉപയോഗിക്കുന്നോ അതിനു മാത്രം പലിശ നല്‍കിയാല്‍ മതിയാകും. ഉദാഹരണത്തിന് ഒഡി പരിധി രണ്ടു ലക്ഷം ആയിരിക്കുകയും എക്കൗണ്ടുടമ അതില്‍ നിന്ന് 25,000 രൂപ മാത്രമാണ് ഉപയോഗിച്ചിരിക്കുന്നതുമെങ്കില്‍ 25,000 രൂപയ്ക്ക് മാത്രം പലിശ നല്‍കിയാല്‍ മതിയാകും. ദിവസാടിസ്ഥാനത്തിലാണ് ഇവിടെ പലിശ നിശ്ചയിക്കുന്നത്. ഓരോ മാസവും അത് അടച്ചാല്‍ മതിയാകും.

ഓവര്‍ ഡ്രാഫ്റ്റ് എക്കൗണ്ടുകള്‍ക്ക് ഇലക്ട്രോണിക് കാര്‍ഡ് നല്‍കുന്നത് ലോക്ക് ഡൗണ്‍ പോലുള്ള സാഹചര്യങ്ങളില്‍ ഏറെ ഉപകാരപ്രദമാകുമെന്നാണ് കരുതപ്പെടുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News