ബൈജൂസ് ഐപിഒ എപ്പോള്‍? 400-600 മില്യണ്‍ ഡോളറോളം സമാഹരിക്കാനൊരുങ്ങി കമ്പനി

ഫണ്ട് സമാഹരണം ശക്തമാക്കുന്നത് എഡ്‌ടെക് മേഖലയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍.;

Update:2021-09-09 17:29 IST

എട്ട് മാസങ്ങള്‍ പിന്നിടുമ്പോള്‍ 2021 ല്‍ എട്ടോളം സ്റ്റാര്‍ട്ടപ്പുകളെയാണ് ഇന്ത്യയിലെ ഏറ്റവുംവലിയ എഡ്‌ടെക് സ്ഥാപനമായ ബൈജൂസ് ഏറ്റെടുത്തത്. ഏറ്റവും ഒടുവില്‍ ഗ്രേഡ് അപ് എന്ന എക്‌സാം പ്രിപ്പറേഷന്‍ ആപ്പിനെയാണ് കമ്പനി സ്വന്തമാക്കിയത്. അതേസമയം മറ്റൊരു വശത്ത് കമ്പനിയുടെ ഫണ്ട് സമാഹരണവും ഊര്‍ജിതമായി തുടരുകയാണ്.

ഓഹരിവിപണിയില്‍ ഇനിഷ്യല്‍ പബ്ലിക്ക് ഓഫറിലൂടെ അടുത്ത വര്‍ഷം ബൈജൂസ് അരങ്ങേറ്റം കുറിക്കുകയാണെന്ന വാര്‍ത്തയും സജീവമായിരുന്നു. എന്നാല്‍ 15- 18 മാസത്തിനുശേഷമായിരിക്കും ബൈജൂസിന്റെ ഐപിഒ എന്നാണ് ഏറ്റവും ഒടുവിലത്തെ വിവരം. എഡ്യൂടെക് മേഖലയിലെ പുതു അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി ഒന്നാം സ്ഥാനം ഊട്ടിയുറപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.
ഇക്കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങളിലൂടെ പുറത്തുവന്ന റിപ്പോര്‍ട്ടനുസരിച്ച് പുതിയ ഏറ്റെടുക്കലുകള്‍ക്കായി 150 മില്യണ്‍ ഡോളറാണ് ബൈജു സമാഹരിച്ചത്. കഴിഞ്ഞ പതിനെട്ട് മാസത്തിനിടെ ഏകദേശം 1.3 ബില്യണ്‍ ഡോളര്‍ കമ്പനി സമാഹരിച്ചിരുന്നു. ആസ്മാന്‍ വെഞ്ച്വേഴ്‌സ് അടക്കം മൂന്നു നിക്ഷേപകരില്‍ നിന്നായി 1,094 കോടി രൂപ അഥവാ ഏകദേശം 150 മില്യണ്‍ ഡോളര്‍ സമാഹരിക്കുന്നതിന് കമ്പനി പ്രത്യേക പ്രമേയം പാസാക്കിയതായിട്ടായിരുന്നു റിപ്പോര്‍ട്ടുകള്‍.
ബ്ലൂംബെര്‍ഗിന്റെ പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് 400-600 മില്യണ്‍ ഡോളറോളം വീണ്ടും കമ്പനി സമാഹരിക്കാനൊരുങ്ങുന്നതായാണ്.
ചര്‍ച്ചകളില്‍ മോര്‍ഗന്‍ സ്റ്റാന്‍ലി, സിറ്റിഗ്രൂപ്പ് ഇന്‍ക്, ജെപി മോര്‍ഗന്‍ ചേസ് & കമ്പനി എന്നീ ബാങ്കുകളുള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്.
ഏകദേശം 21 ബില്യണ്‍ ഡോളര്‍ മൂല്യത്തില്‍ കമ്പനി ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പ്രീ-ഐപിഒ ഫണ്ടിംഗ് റൗണ്ട് അവസാനിപ്പിക്കാന്‍ സാധ്യതയുണ്ട്. വരുന്ന ഒരു വര്‍ഷക്കാലത്തില്‍ ഇരട്ടി മൂല്യത്തിലായിരിക്കും കമ്പനി ഐപിഒ അങ്കത്തട്ടിലേക്കിറങ്ങുക.
ബൈജൂസ് അടുത്ത വര്‍ഷം ഐപിഒയ്ക്ക് ഒരുങ്ങുകയാണെങ്കില്‍ കമ്പനിയുടെ മൂല്യം 40 ബില്യണ്‍ - 45 ബില്യണ്‍ ഡോളറാകാന്‍ ഇടയുണ്ടെന്ന് ബാങ്കുകള്‍ പ്രവചിച്ചിരുന്നു. അതേസമയം മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ നിഗമനപ്രകാരം ഇത് 50 ബില്യണ്‍ ഡോളര്‍ വരെയാകാം. ഇത് സംഭവിച്ചാല്‍ ഇന്ത്യന്‍ ഓഹരി വിപണിയിലെ ടോപ് 10 ലിസ്റ്റഡ് കമ്പനികളിലൊന്നായി ബൈജൂസ് മാറാനും സാധ്യതയുണ്ട്.


Tags:    

Similar News