കേരളത്തിലെ 4 വിമാനത്താവളങ്ങളില്‍ രണ്ടും നഷ്ടത്തില്‍

കോഴിക്കോടിന് അഖിലേന്ത്യാ തലത്തില്‍ ലാഭത്തില്‍ മൂന്നാം സ്ഥാനം

Update:2023-08-04 15:00 IST

Image : AAI, CIAL, KIAL and Canva

നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുണ്ടെന്ന പെരുമയുള്ള കേരളത്തില്‍ രണ്ട് വിമാനത്താവളങ്ങളും പ്രവര്‍ത്തിക്കുന്നത് നഷ്ടത്തില്‍. എയര്‍ പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എ.എ.ഐ/AAI) കണക്കുപ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) കൊച്ചി വിമാനത്താവളം (സിയാല്‍/CIAL) 267.17 കോടി രൂപയും കോഴിക്കോട് (കരിപ്പൂര്‍) വിമാനത്താവളം 95.38 കോടി രൂപയും ലാഭം നേടിയപ്പോള്‍ തിരുവനന്തപുരം വിമാനത്താവളം 110.15 കോടി രൂപയും കണ്ണൂര്‍ വിമാനത്താവളം 131.98 കോടി രൂപയും നഷ്ടമാണ് നേരിട്ടത്.

കോഴിക്കോട് മൂന്നാമത്
എ.എ.ഐയുടെ കീഴിലുള്ള വിമാനത്താവളങ്ങളുടെ കണക്കെടുത്താല്‍ കോഴിക്കോട് വിമാനത്താവളത്തിന് ലാഭത്തില്‍ മൂന്നാംസ്ഥാനമാണെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ജനറല്‍ വി.കെ. സിംഗ് അടുത്തിടെ ലോക്‌സഭയില്‍ വ്യക്തമാക്കിയിരുന്നു. കൊല്‍ക്കത്തയാണ് ഒന്നാമത്; ലാഭം 482.30 കോടി രൂപ. ചെന്നൈ 169.56 കോടി രൂപയുമായി രണ്ടാംസ്ഥാനവും നേടി.
പാട്ടത്തിന്റെ പട്ടികയില്‍ കോഴിക്കോടും
ദേശീയ ആസ്തി പണമാക്കല്‍ പദ്ധതിയുടെ (National Monetisation Pipeline/NMP) ഭാഗമായി കേന്ദ്രസര്‍ക്കാര്‍ 25 വിമാനത്താവളങ്ങള്‍ പാട്ടത്തിന് നല്‍കാനുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ കോഴിക്കോട് (കരിപ്പൂര്‍) വിമാനത്താവളവുമുണ്ട്. 2025നകം പാട്ടത്തിന് നല്‍കുകയാണ് ലക്ഷ്യം.
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന വിമാനത്താവളമാണ് കൊച്ചി (സിയാല്‍). തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. സംസ്ഥാന സര്‍ക്കാരിന് 32.86 ശതമാനവും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് 22.54 ശതമാനവും ഓഹരി പങ്കാളിത്തമുള്ള വിമാനത്താവളമാണ് കണ്ണൂര്‍ (കിയാല്‍/KIAL).
Tags:    

Similar News