കൊച്ചിയില്‍ മില്ലെറ്റും മീനും ഭക്ഷ്യ പ്രദര്‍ശന മേള; പ്രവേശനം സൗജന്യം
ഭക്ഷ്യവിഭവങ്ങള്‍ ആസ്വദിക്കാം, പാചകമത്സരങ്ങളിലും പങ്കെടുക്കാം
കൊച്ചിയിലെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ (CMFRI) 'മില്ലെറ്റും മീനും' ഭക്ഷ്യ പ്രദര്‍ശന മേളയ്ക്ക് തുടക്കമായി. ഡിസംബര്‍ 30 വരെ നീളുന്ന പ്രദര്‍ശനത്തില്‍ പ്രവേശനം സൗജന്യമാണ്. രാവിലെ 11 മുതല്‍ രാത്രി 8 വരെയാണ് മേള.
മീനിനൊപ്പം ചെറുധാന്യങ്ങളുടെ (Millets) രുചിക്കൂട്ടുകളും മികവുകളും പരിചയപ്പെടുത്തുകയാണ് മേളയിലൂടെ സി.എം.എഫ്.ആര്‍.ഐ. കര്‍ണാടകയിലെ ചെറുധാന്യ കര്‍ഷകസംഘങ്ങളുടെ തനത് ഭക്ഷണശാല, വനിതാ സ്വയംസഹായക സംഘങ്ങള്‍ ഒരുക്കുന്ന 'മില്ലറ്റ്മീന്‍' വിഭവങ്ങള്‍ എന്നിവ മേളയിലെ പ്രധാന ആകര്‍ഷണങ്ങളാണ്.
ചെറുധാന്യങ്ങളുടെ കുക്കറി ഷോ, കൂടുകൃഷികളില്‍ വിളവെടുത്ത ജീവനുള്ള മീനുകളുടെ വില്‍പന, ബയര്‍-സെല്ലര്‍ സംഗമം, പോഷണ ആരോഗ്യ ചര്‍ച്ചകള്‍, പാചക മത്സരം, ലക്ഷദ്വീപ് ഉല്‍പന്നങ്ങളുടെ വിപണനം തുടങ്ങിയവയും മേളയിലുണ്ട്. ചെറുധാന്യമീന്‍ വിഭവങ്ങളുടെ പാചക മത്സരം ഉച്ചയ്ക്ക് രണ്ട് മുതല്‍ നാലുവരെ നടക്കും. ചാമ, റാഗി, തിന, കമ്പ്, ചോളം, വരഗ്, പനിവരഗ്, കുതിരവാലി തുടങ്ങിയ ചെറുധാന്യങ്ങളും അവയില്‍ നിന്നുണ്ടാക്കുന്ന ഉല്‍പന്നങ്ങളും മേളയിലുണ്ട്.