ഐ.ടി വളര്‍ച്ചയ്ക്കു തടയിട്ട് കൊറോണ

Update: 2020-04-03 09:03 GMT

കൊറോണ ഭീഷണിക്കെതിരെ 'വര്‍ക്ക് ഫ്രം ഹോം ശൈലി' സ്വീകരിച്ച് പരമാവധി പ്രവര്‍ത്തനക്ഷമത ഉറപ്പാക്കുന്നതിനിടെയും ബിസിനസ് വളര്‍ച്ച കുത്തനെ ഇടിയാനുള്ള സാധ്യത മുന്നില്‍ കാണുന്നു ഇന്ത്യയിലെ ഐ.ടി സേവന കമ്പനികള്‍. ലോകമെമ്പാടുമുള്ള ലോക്ക്ഡൗണിനെത്തുടര്‍ന്ന് യു.എസിലെയും യൂറോപ്പിലെയും ക്ലയന്റുകള്‍ സാങ്കേതിക ചെലവ് കുറയ്ക്കാന്‍ നിര്‍ബന്ധിതരാകുന്നത് തങ്ങളെ എത്രത്തോളം ബാധിക്കുമെന്ന കണക്കെടുത്തു തുടങ്ങിയിട്ടുണ്ട് ഈ കമ്പനികള്‍.

ഇന്ത്യയിലെ ഐടി മേഖല ഈ സാമ്പത്തിക വര്‍ഷത്തില്‍ ഗണ്യമായ മാന്ദ്യം നേരിടുമെന്നാണ് വിശകലന വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. മികച്ച സോഫ്‌റ്റ്വെയര്‍ കയറ്റുമതിക്കാരായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ് എന്നിവ ഉള്‍പ്പെടെ എല്ലാ കമ്പനികള്‍ക്കു മുന്നിലുമുണ്ട് ഈ സങ്കീര്‍ണ്ണത. ഇന്ത്യയുടെ സോഫ്‌റ്റ്വെയര്‍, സേവന കയറ്റുമതി 2020 സാമ്പത്തിക വര്‍ഷത്തില്‍ 8.1 ശതമാനം വര്‍ധിച്ച് 147 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. ഈ പുരോഗതിയുടെ കഥയാണ് വൈറസ് മാറ്റിയെഴുതുന്നത്.

യാത്ര, ഹോസ്പിറ്റാലിറ്റി, എയര്‍ലൈന്‍സ്, റീട്ടെയില്‍, ഹൈടെക്, ഓയില്‍ ആന്‍ഡ് ഗ്യാസ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, മാനുഫാക്ചറിംഗ് തുടങ്ങിയ വ്യവസായങ്ങളെല്ലാം പ്രതിസന്ധിയിലായിരിക്കവേ അടുത്ത ആറു മാസത്തിനുള്ളില്‍ ഐടി മേഖലയുടെ വരുമാനം 2-7 ശതമാനം കുറയുമെന്ന് ബ്രോക്കറേജ് സ്ഥാപനമായ എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് ചൂണ്ടിക്കാട്ടുന്നു. ചെലവഴിക്കലുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാന്‍ എളുപ്പമല്ലാത്ത സാഹചര്യമാകും ക്ലയന്റുകള്‍ തല്‍ക്കാലം നേരിടുക. ഇന്ത്യന്‍ ഐടി സ്ഥാപനമായ ആക്‌സെഞ്ചര്‍ മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്ന 6-8 ശതമാനം വളര്‍ച്ചാ ലക്ഷ്യം കോവിഡ് -19 മൂലമുള്ള ബിസിനസ്സ് ആഘാതം കാരണം 3-6 ശതമാനമാക്കി കുറച്ചിരുന്നു.

നിലവിലുള്ള കരാറുകളുടെ കാര്യത്തിലുള്ള അനിശ്ചിതത്വം ഇതിനകം തന്നെ തലവേദനയാകുന്നുണ്ട്. കരാറുകളുടെ പുതുക്കല്‍, പുതിയ കരാറുകളുണ്ടാകാനുള്ള സാധ്യത, ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങള്‍ എന്നിവയെല്ലാം വെല്ലുവിളികളാവുമ്പോള്‍ മാന്ദ്യം ഏറെക്കുറെ ഉറപ്പാവുകയാണെന്ന് വിദഗ്ധര്‍ പറയുന്നു.നിലവിലുള്ള പ്രോജക്ടുകള്‍ നടപ്പാക്കാന്‍ ആഗോള യാത്രാ നിയന്ത്രണങ്ങളും സാമൂഹിക അകലം പാലിക്കലും മൂലം കാലതാമസം വരുന്നു. ചൈനയുടെ സാമ്പത്തിക മാന്ദ്യവും ഇന്ത്യന്‍ ഐടിയെ പരോക്ഷമായി ബാധിക്കുമെന്ന് അവര്‍ വിശ്വസിക്കുന്നു.

ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ രണ്ട് പാദങ്ങളിലും പ്രശ്‌നം രൂക്ഷമായിരിക്കുമെന്ന് അനലിസ്റ്റുകളായ അപര്‍വ പ്രസാദ്, അമിത് ചന്ദ്ര, വിനെഷ് വാല എന്നിവര്‍ അഭിപ്രായപ്പെട്ടു.ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ ഡയറക്ടിലെ ദേവാങ് ഭട്ടിന്റെ നിരീക്ഷണത്തില്‍ ഐടി കമ്പനികള്‍ക്ക് കനത്ത തോതിലുള്ള വിലനിര്‍ണ്ണയ സമ്മര്‍ദ്ദം സമീപഭാവിയില്‍ നേരിടേണ്ടിവരും.'സാഹചര്യങ്ങള്‍ അതിവേഗമാണ് മാറുന്നത്. ഇക്കാരണത്താല്‍ നാശനഷ്ടത്തിന്റെ വ്യാപ്തി വിലയിരുത്തുക പ്രയാസമാണ്.'-ബ്രോക്കറേജ് സ്ഥാപനമായ എംകെ ഗ്ലോബലിന്റെ അനലിസ്റ്റ് മാണിക് തനേജ പറഞ്ഞു. കൊറോണ വൈറസിന്റെ വ്യാപനം ആഗോള സമ്പദ്വ്യവസ്ഥയെ ഗുരുതര മാന്ദ്യത്തിലേക്ക് തള്ളിവിട്ടതായി ഗോള്‍ഡ്മാന്‍ സാച്ച്‌സ് കഴിഞ്ഞ ആഴ്ച അഭിപ്രായപ്പെട്ടിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News