ക്രൂഡ് വില 90 ഡോളറിലേക്ക്, പെട്രോള്‍-ഡീസല്‍ വില ഇനിയും കൂടും

രാജ്യാന്തര വിപണിയില്‍ ബ്രെന്റ് ഇനം ക്രൂഡ് ഓയ്ല്‍ വില അടുത്തുതന്നെ 90 ഡോളറിലെത്തുമെന്ന് അനുമാനം

Update:2021-09-28 11:45 IST

രാജ്യന്തര വിപണിയില്‍ എണ്ണ വില കുതിക്കുന്നു. ബ്രെന്റ് ഇനം ക്രൂഡ് ഓയ്ല്‍ വില ഡിസംബറോടെ 90 ഡോളറിലെത്തുമെന്നാണ് ഗോള്‍ഡ്മാന്‍ സാക്‌സിന്റെ നിഗമനം. ക്രൂഡ് വില 100 ഡോളര്‍ തൊടുമെന്നും ഇതിനിടെ ചില നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്.

കോവിഡ് വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതോടെ ലോകം സാധാരണ സ്ഥിതിയിലേക്ക് തിരിച്ചുപോകുന്നത് ഇന്ധന ഉപഭോഗം കൂട്ടുന്നുണ്ട്. ഇതേ തുടര്‍ന്ന് ഇക്കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി തുടര്‍ച്ചയായി ക്രൂഡ് വില ഉയര്‍ച്ചയിലാണ്.

2020 ഏപ്രില്‍ 21ന് ബ്രെന്റ് ഇനം ക്രൂഡ് ഓയ്ല്‍ ബാരലിന് 19.33 ഡോളറായിരുന്നുവെങ്കില്‍ ഇന്നലെ അത് 79.25 ഡോളറായി.

പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെയും അവയുടെ സഖ്യരാജ്യങ്ങളുടെയും സംഘടനയായ ഒപെക് പ്ലസ് ഉല്‍പ്പാദനം ഉയര്‍ത്താതും അമേരിക്കയിലെ ഉല്‍പ്പാദനം തടസ്സപ്പെടുന്നതും ഡിമാന്റിന് അനുസരിച്ച് സപ്ലെ കൂടുന്നതിന് തടസ്സമാകുന്നുണ്ട്. ക്രൂഡ് വില ഉയരുന്നതിന്റെ ഒരു കാരണം ഇതാണ്.
വിലക്കയറ്റമുണ്ടാകും
കോവിഡ് രണ്ടാംതരംഗം സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് രാജ്യം തിരിച്ചുകയറുന്നതിനിടെ ക്രൂഡ് വില വര്‍ധന വിലക്കയറ്റം കൂട്ടാനിടയാക്കും. പെട്രോള്‍ - ഡീസല്‍ വില വര്‍ധന ഇന്ത്യന്‍ കുടുംബങ്ങളുടെ ക്രയശേഷിയെ തന്നെ പ്രതികൂലമായി ബാധിക്കും. ചരക്ക് കൂലി ഉള്‍പ്പെടെ എല്ലാ രംഗത്തും വിലക്കയറ്റമുണ്ടാകും.

വരുന്ന ഉത്സവ സീസണില്‍ വിലക്കയറ്റവും ജനങ്ങളുടെ ക്രയശേഷിയിലുള്ള കുറവും എഫ് എം സി ജി കമ്പനികളെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന നിരീക്ഷണം നെസ്്‌ലെ മേധാവിയുള്‍പ്പടെയുള്ള പ്രമുഖര്‍ ഇതിനകം നടത്തിയിട്ടുണ്ട്.


Tags:    

Similar News