കുടിശ്ശിക വിഷയത്തില്‍ പിടി മുറുക്കി സര്‍ക്കാര്‍

Update: 2020-02-20 11:06 GMT

എജിആര്‍ കുടിശ്ശിക വിഷയത്തില്‍ കമ്പനികളോട് അയവില്ലാത്ത നയവുമായി ടെലികമ്യൂണിക്കേഷന്‍ വകുപ്പ്. തുക ഉടന്‍ പൂര്‍ണമായി അടച്ചുതീര്‍ക്കാന്‍ വോഡഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍, ടാറ്റ ടെലി സര്‍വീസസ് എന്നിവയ്ക്ക് ഈ ആഴ്ച പുതിയ നോട്ടീസ് നല്‍കാനാണു തയ്യാറെടുക്കുന്നത്.

ഭാരതി എയര്‍ടെല്‍ 10,000 കോടി രൂപയും വോഡഫോണ്‍ ഐഡിയ 3500 കോടി രൂപയും ആണ് ഇതുവരെ അടച്ചത്.അതേസമയം, എജിആര്‍ കുടിശ്ശികയായി 2,197 കോടി രൂപ 'ഫുള്‍ ആന്റ് ഫൈനല്‍ പേയ്മെന്റ്' എന്നവകാശപ്പെട്ട് ടാറ്റ ടെലി സര്‍വീസസ് അടച്ചത് അപ്രകാരം കണക്കാക്കാനാകില്ലെന്ന് ടെലികമ്യൂണിക്കേഷന്‍ വകുപ്പ് വ്യക്തമാക്കി. കമ്പനിയുടെ കുടിശ്ശിക 14,000 കോടി രൂപയാണ്.

2,197 കോടി രൂപ പ്രിന്‍സിപ്പല്‍ തുക മാത്രമാണ്. അതിന്റെ പലിശയും പിഴയും പിഴപ്പലിശയും ടാറ്റ ടെലി സര്‍വീസസ് അടച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.അത് അടച്ചേ പറ്റൂ എന്നതാണ് സര്‍ക്കാര്‍ നിലപാട്. എജിആര്‍ വിഷയത്തില്‍ കമ്പനികളുടെ ബാങ്ക് ഗ്യാരന്റി പിന്‍വലിക്കുന്നതുള്‍പ്പെടെയുള്ള ചോദ്യങ്ങളുമായി വീണ്ടും നിയമാഭിപ്രായം തേടുന്നുണ്ട് മന്ത്രാലയം.

കുടിശ്ശിക അടയ്ക്കുന്നതിലെ സാമ്പത്തിക ഞെരുക്കത്തിനിടയില്‍ ഭാരതി എയര്‍ടെല്‍ ചെയര്‍മാന്‍ സുനില്‍ ഭാരതി മിത്തലും വോഡഫോണ്‍ ഐഡിയ ചെയര്‍മാന്‍ കുമാര്‍ മംഗലം ബിര്‍ളയും ധനമന്ത്രി നിര്‍മ്മല സീതാരാമനുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.

അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ കുടിശ്ശിക പൂര്‍ണമായി അടയ്ക്കണം എന്ന ഒക്ടോബര്‍ 24ലെ സുപ്രീം കോടതി വിധിക്കെതിരെ എയര്‍ടെല്‍,വോഡഫോണ്‍ ഐഡിയ, ടാറ്റ ടെലിസര്‍വീസ് എന്നിവര്‍ നല്‍കിയ പുന:പരിശോധനാ ഹര്‍ജി കഴിഞ്ഞ മാസം സുപ്രീം കോടതി തള്ളിയതിനു പിന്നാലെ തുക അടയ്ക്കുന്നതില്‍ കാലതാമസം വരരുതെന്ന നിര്‍ദ്ദേശവും നല്‍കിയിരുന്നു. ഈ കമ്പനികള്‍ എല്ലാം ചേര്‍ന്ന് 1.02 ലക്ഷം കോടി രൂപയാണ് കുടിശ്ശിക നല്‍കാനുണ്ടായിരുന്നത്. എയര്‍ടെല്‍, ഐഡിയ വോഡഫോണ്‍ എന്നിവരുടേത് മാത്രം 92,000 കോടിയോളം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News