കേരളത്തിന് പ്രിയം പ്രീമിയത്തോട്, കൂട്ടിന് ഇ.എം.ഐ; ടി.വിയില്‍ ഇപ്പോള്‍ താരം 55 ഇഞ്ച്

ഓണക്കാലത്ത് 150 കോടി ലക്ഷ്യമിട്ട് സോണി

Update:2024-07-31 14:24 IST

സ്മാര്‍ട്ട്‌ഫോണോ ടിവിയോ കാറോ ആകട്ടെ കേരളത്തിന് ഇപ്പോള്‍ പ്രീമിയം ഉത്പന്നങ്ങളോടാണ് പ്രിയം എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. കഴിഞ്ഞ വര്‍ഷം വരെ ടെലിവിഷനുകളില്‍ 42 ഇഞ്ച് മോഡലിനായിരുന്നു ഡിമാന്‍ഡ്. എന്നാല്‍ ഈ വര്‍ഷം ട്രെന്‍ഡ് മാറി. 52 ഇഞ്ച് ടി.വികളാണ് വിപണി കൈയടക്കുന്നതെന്ന് സോണി ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ സുനില്‍ നയ്യാര്‍ പറയുന്നു. 

കുറഞ്ഞ പ്രതിമാസ തിരിച്ചടവില്‍ ഉത്പന്നങ്ങള്‍ സ്വന്തമാക്കാന്‍ സൗകര്യം ലഭിക്കുന്നതാണ് പ്രീമിയത്തിലേക്ക് കൂടുതല്‍ ആളുകളെ എത്തിക്കുന്നത്. മുന്‍ കാലങ്ങളില്‍ 20 ശതമാനം പേരാണ് സാധനങ്ങള്‍ വാങ്ങാന്‍ ഇ.എം.ഐ സൗകര്യം പ്രയോജനപ്പെടുത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ 80 ശതമാനം പേരും ഇതിനെ ആശ്രയിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. 

ഓണക്കാലത്ത് സോണി 50% ശതമാനം വളരും

'സിനിമ ഈസ് കംമിംഗ് ഹോം' എന്ന തീമില്‍ ബ്രാവിയ സീരീസിലെ പുതിയ മോഡലുകളുമായാണ് സോണി ഇത്തവണ ഓണവിപണിക്ക് തുടക്കമിടുന്നത്. മൂന്ന് പുതിയ മോഡലുകളാണ് ഇതില്‍ അവതരിപ്പിച്ചിരിക്കുന്നത്. 

ഈ വര്‍ഷം ഓണത്തിന് കേരള വിപണിയില്‍ 150 കോടി രൂപയുടെ കച്ചവടം സോണി ലക്ഷ്യമിടുന്നതായി സുനില്‍ നയ്യാര്‍ പറഞ്ഞു. മുന്‍ വര്‍ഷത്തേക്കാള്‍ 50 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിലെ വില്‍പ്പനയുടെ നല്ലൊരു പങ്കും ലഭിക്കുന്നത് ഓണക്കാലത്താണെന്നും സോണിയുടെ മികച്ച വിപണികളിലൊന്നാണ് കേരളമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സാമ്പത്തിക വര്‍ഷം ദേശീയ തലത്തില്‍ 30 ശതമാനം വളര്‍ച്ച ലക്ഷ്യമിടുമ്പോള്‍ കേരളത്തില്‍ 37 ശതമാനമാണ് ലക്ഷ്യം.

ടെലിവിഷനുകളാണ് കമ്പനിയുടെ വളര്‍ച്ചയിൽ മുഖ്യ പങ്കുവഹിക്കുക. ഇതുകൂടാതെ സണ്‍ബാറുകള്‍, പാര്‍ട്ടി സ്പീക്കറുകള്‍, വയര്‍ലെസ് ഹെഡ്‌ഫോണുകളും ബഡ്‌സുകളും എന്നിവ അടക്കമുള്ള ഓഡിയോ ബിസിനസും മികച്ച വളര്‍ച്ച നേടുന്നുണ്ട്.   

Tags:    

Similar News