കാര്യങ്ങള്‍ ഇങ്ങനെയെങ്കില്‍ ചൊവ്വയില്‍ പോകും മുമ്പ് ഞാന്‍ മരിക്കും: മസ്‌ക്ക്

Update: 2020-03-11 09:09 GMT

കോവിഡ് പകര്‍ച്ചവ്യാധിയും സാമ്പത്തിക മാന്ദ്യവും വിപണികളുടെ തകര്‍ച്ചയുമാണ് പൊതുവേ വ്യവസായ ലോകത്തെ നിലവില്‍  വിഷമിപ്പിക്കുന്നതെങ്കിലും എലോണ്‍ മസ്‌ക്കിന്റെ ഏറ്റവും വലിയ ആശങ്ക ഇതൊന്നുമല്ല - ചൊവ്വയിലേക്ക് മനുഷ്യനെ എത്തിക്കുകയെന്ന അടിസ്ഥാന ദൗത്യത്തില്‍ തന്റെ റോക്കറ്റ് കമ്പനിയായ സ്പേസ് എക്സ് താന്‍ മരിക്കുന്നതിനു മുമ്പ് വിജയിക്കാനിടയില്ലെന്ന ഭീതി തന്നെ.

'നമ്മുടെ പുരോഗതിയുടെ വേഗത മെച്ചപ്പെടുത്തിയില്ലെങ്കില്‍, ചൊവ്വയിലേക്ക് പോകുന്നതിനുമുമ്പ് ഞാന്‍ തീര്‍ച്ചയായും മരിച്ചുപോകും,' 48-കാരനായ  മസ്‌ക് വാഷിംഗ്ടണില്‍ കമ്പനി സംഘടിപ്പിച്ച സാറ്റലൈറ്റ് 2020 സമ്മേളനത്തില്‍ പറഞ്ഞു. 'ആദ്യത്തെ ആളുകളെ ഭ്രമണപഥത്തിലെത്തിക്കുന്നതിനുള്ള തയ്യാറെടുപ്പിന് 18 വര്‍ഷമാണെടുക്കുന്നതെങ്കില്‍ നമ്മുടെ പുരോഗതിയുടെ നിരക്ക് മെച്ചപ്പെടുത്തേണ്ടതുണ്ട്. അല്ലെങ്കില്‍  ഞാന്‍ തീര്‍ച്ചയായും ചൊവ്വാ ദൗത്യത്തിനു മുമ്പായി മരിക്കും.'

ഇപ്പോഴത്തെ വേഗതയിലാണ് കാര്യങ്ങള്‍ പോകുന്നതെങ്കില്‍, ചന്ദ്രനില്‍ ഒരു ഇടത്താവളമോ ചൊവ്വയില്‍ ഒരു നഗരമോ ഉണ്ടാകാന്‍ സാധ്യതയില്ല- മസ്‌ക് പറഞ്ഞു. 'ഇത് എന്റെ ഏറ്റവും വലിയ ആശങ്കയാണ്.' മനഷ്യ സമൂഹം ഗ്രഹാന്തര വാസത്തിനാണ് തയ്യാറെടുക്കുന്നതെന്ന് ടെസ്ല ഇങ്കിന്റെയും സ്പേസ് എക്സ്പ്ലോറേഷന്‍ ടെക്നോളജീസ് കോര്‍പ്പറേഷന്റെയും  ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മുന്‍ അഭിമുഖങ്ങളില്‍ വളരെ ഉത്സാഹഭരിതനായാണ് പറഞ്ഞിരുന്നത്. 2024 ല്‍ സ്പേസ് എക്സ് ഉപഗ്രഹത്തെ ചൊവ്വയില്‍  എത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് വരെ അദ്ദേഹം നേരത്തെ വെളിപ്പെടുത്തിയിരുന്നു.താനും ചൊവ്വയിലെത്താന്‍ 70% സാധ്യതയുണ്ടെന്ന്  മസ്‌ക് അവകാശപ്പെടുകയും ചെയ്തു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News