ബിറ്റ്‌കോയിന്‍ ഉപയോഗിച്ച് വിമാന ടിക്കറ്റ് ബുക്ക് ചെയ്യാം; സൗകര്യം ഒരുക്കാന്‍ എമിറേറ്റ്‌സ്
മെറ്റാവേഴ്‌സ് അടക്കമുള്ള സേവനങ്ങള്‍ യാത്രക്കാര്‍ക്കായി എമിറേറ്റ്‌സ് അവതരിപ്പിക്കും
യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍ലൈന്‍ സര്‍വീസ് എമിറേറ്റ്‌സ് ബിറ്റ്‌കോയിന്‍ പേയ്‌മെന്റായി സ്വീകരിക്കാന്‍ ഒരുങ്ങുന്നു. സേവനം നിലവില്‍ വരുന്നതോടെ എമിറേറ്റ്‌സ് വിമാന ടിക്കറ്റുകള്‍ ബിറ്റ്‌കോയിന്‍ ഉപയോഗിച്ച് വാങ്ങാന്‍ സാധിക്കും. ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ക്ക് പുറമെ എന്‍എഫ്ടി ട്രേഡിംഗ് പ്ലാറ്റ്‌ഫോമും എമിറേറ്റ്‌സ് ആരംഭിക്കും.
അറേബ്യന്‍ ട്രാവല്‍ മാര്‍ട്ടില്‍ കമ്പനി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ (സിഒഒ) അദേല്‍ അഹമ്മദ് അല്‍-റെദയാണ് ഇക്കാര്യം അറിയിച്ചത്. യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി മെറ്റാവേഴ്‌സ് സേവനങ്ങള്‍ അവതരിപ്പിക്കുമെന്ന് എമിറേറ്റ്‌സ് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ബിറ്റ്‌കോയിന്‍ പേയ്‌മെന്റ് സേവനം എപ്പോള്‍ മുതല്‍ ലഭ്യമാകുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
നിലവില്‍ മെറ്റാവേഴ്‌സ്, എന്‍എഫ്ടി, വെബ്3 പ്രോജക്ടുകള്‍ക്കായി ദുബായി എക്‌സ്‌പോ 2020ലെ പവിലിയന്‍ എമിറേറ്റ്‌സ് പുതുക്കുകയാണ്. ഭാവിയില്‍ ഇത്തരം പ്രോജക്ടുകള്‍ക്കുള്ള കേന്ദ്രമായി എമിറേറ്റ്‌സ് ഈ പവിലിയന്‍ ഉപയോഗിക്കും. ഈ വര്‍ഷം തന്നെ മെറ്റാവേഴ്‌സ് അടക്കമുള്ള സൗകര്യങ്ങള്‍ കമ്പനി അവതരിപ്പിക്കുമെന്നാണ് വിവരം. നിലവില്‍ അള്‍ട്ടര്‍നേറ്റീവ്എയര്‍ലൈന്‍സ്.കോം എന്ന വെബ്‌സൈറ്റ് വഴി വിമാന ടിക്കറ്റുകള്‍ ബിറ്റ്‌കോയിന്‍ ഉപയോഗിച്ച് വാങ്ങാന്‍ സാധിക്കും.