സൗദി വിമാന സര്‍വീസ് വിലക്ക് ഇന്ന് മുതല്‍ നടപ്പിലായി; പ്രവാസി മലയാളികള്‍ കുരുക്കില്‍

Update: 2020-09-24 12:20 GMT

പ്രവാസികളെ പ്രശ്‌നത്തിലാക്കിക്കൊണ്ട് ഇന്നലെയാണ് സൗദി അറേബ്യയുടെ പുതിയ തീരുമാനം പുറത്തുവന്നത്, ഇന്ത്യയില്‍ നിന്നും തിരികെ സൗദിയില്‍ നിന്ന് ഇന്ത്യയിലേക്കുമുള്ള വിമാന സര്‍വീസ് അറിയിപ്പുണ്ടാകും വരെ ഉണ്ടാകില്ല എന്ന് സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ഗാക്ക) ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുമായുള്ള വ്യോമയാനബന്ധം മാത്രമല്ല സൗദി താല്‍ക്കാലികമായി അവസാനിപ്പിച്ചിരിക്കുന്നത്. ബ്രസീല്‍, അര്‍ജന്റീന എന്നിവിടങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്കും സൗദി അറേബ്യ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.

ബുധനാഴ്ച പുറത്തുവന്ന അറിയിപ്പില്‍ എത്ര കാലം നിരോധനം തുടരുമെന്ന് വ്യക്തമാക്കിയിട്ടില്ല. സൗദിയിലെത്തുന്നതിന് 14 ദിവസങ്ങള്‍ക്ക് മുമ്പ് വരെ ഇന്ത്യ, ബ്രസീല്‍, അര്‍ജന്റീന എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയ സര്‍ക്കാര്‍ ക്ഷണമുള്ളവരൊഴികെ ആരെയും രാജ്യത്ത് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ഗാക്ക പറഞ്ഞു. എയര്‍ ഇന്ത്യ, സ്പൈസ് ജെറ്റ്, ഇന്‍ഡിഗോ എന്നിവയുള്‍പ്പെടെ മിക്ക ഇന്ത്യന്‍ എയര്‍ലൈനുകളും കഴിഞ്ഞ ഏതാനും മാസങ്ങളായി ചാര്‍ട്ടര്‍ ഫ്‌ലൈറ്റുകളും മറ്റും സൗദിയിലേക്കും സൗദിയില്‍ നിന്ന് ഇന്ത്യയിലേയ്ക്കും സര്‍വ്വീസ് നടത്തിയിരുന്നു. കേരളത്തില്‍ നിന്നും പതിനായിരത്തിലേറെ പ്രവാസികള്‍ ഈ ദിവസങ്ങളില്‍ സൗദിയിലേക്കും തിരികെയും വിമാന സര്‍വീസ് നടത്താനിരുന്നതെന്നാണ് അനോദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.

വിസകാലാവധി കഴിഞ്ഞവര്‍ക്കും സൗദി അറേബ്യയിലേക്ക് തൊഴില്‍ അവധി കഴിഞ്ഞ് പ്രവേശിക്കുന്നവര്‍ക്കും കോവിഡ് നെഗറ്റീവ് ടെസ്റ്റുമായി നാട്ടിലേക്ക് തിരികെ എത്താന്‍ കാത്തിരുന്നവരെയെല്ലാം സൗദി അറേബ്യയുടെ തീരുമാനം വലച്ചിരിക്കുകയാണ്. കോവിഡ് കേസുകളുടെ ദൈനംദിന കണക്കുകള്‍ വര്‍ധിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഏറ്റവും മുന്‍ നിരയിലാണെന്നത് തന്നെയാണ് ഇന്ത്യയെ പ്രതിസന്ധിയിലാക്കുന്നത്. നിലവില്‍ സൗദി അറേബ്യ, ദുബായ് എന്നിവിടങ്ങളിലായാണ് കേരളത്തില്‍ നിന്നുള്ള പ്രവാസി മലയാളികളിലേറെയും. സൗദി അറേബ്യ പുതിയ വിലക്ക് മാറ്റിയില്ലെങ്കില്‍ ജോലി തന്നെ നഷ്ടപ്പെടുമെന്ന സ്ഥിതിയിലാണ് പല പ്രവാസി മലയാളികളും.

സൗദിയുടെ വിലക്കില്‍ നിന്ന് വന്ദേ ഭാരത് വിമാനങ്ങളെ ഒഴിവാക്കിയെന്ന് എയര്‍ ഇന്ത്യ

സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ഏര്‍പ്പെടുത്തിയ വ്യോമയാന വിലക്കില്‍ നിന്ന് വന്ദേ ഭാരത് വിമാനങ്ങളെ ഒഴിവാക്കിയിട്ടുണ്ടെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ അറിയിപ്പ് പ്രവാസികളെ സൗദിയില്‍ നിന്ന് തിരികെ എത്തിക്കുന്നതിനുള്ള സര്‍വീസുകള്‍ പഴയ നിലയില്‍ തുടരും. ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് യാത്രക്കാരെ എത്തിക്കില്ല എന്നും സൗദിയിലേക്കുള്ള വിമാനം യാത്രക്കാരില്ലാതെയാണ് പറക്കുക എന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. എന്നാല്‍ സൗദിക്കും ഇന്ത്യയ്ക്കും ഇടയിലെ ചാര്‍ട്ടേര്‍ഡ് ഉള്‍പ്പെടെയുള്ള മറ്റ് വിമാന സര്‍വീസുകള്‍ക്ക് വിലക്ക് തുടരും.

യുഎഇ വിസകള്‍ വീണ്ടും അനുവദിച്ചു തുടങ്ങി

യുഎഇയില്‍ നിലനിന്നിരുന്ന പ്രവേശന നിയന്ത്രണങ്ങള്‍ നീക്കം ചെയ്തതായി അധികൃതര്‍ അറിയിച്ചു. വിസകള്‍ വീണ്ടും അനുവദിച്ചു തുടങ്ങി. എന്നാല്‍ അറിയിപ്പുണ്ടാകും വരെ വര്‍ക് പെര്‍മിറ്റ് അനുവദിക്കില്ലെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് (എഫ്എഐസി) അറിയിച്ചു. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തന്നെ യുഎഇ വിനോദസഞ്ചാരസാമ്പത്തിക മേഖലകളെ വീണ്ടും ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് വീണ്ടും വിസ അനുവദിച്ചു തുടങ്ങിയതെന്നു ദേശീയ മാധ്യമ ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്യുന്നു. മാര്‍ച്ച് 17നായിരുന്നു എഫ്‌ഐഎസി ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് ഒഴികെ എല്ലാ വിസകളും യുഎഇ നിര്‍ത്തലാക്കിയത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News