തുടര്‍ച്ചയായി രണ്ടാം ദിനവും വര്‍ധന: ഡല്‍ഹിയില്‍ 85 ഉം കടന്ന് പെട്രോള്‍
മുംബൈയില്‍ 92 നടുത്താണ് പെട്രോളിന്റെ ഇന്നത്തെ വില
തുടര്‍ച്ചയായ രണ്ടാം ദിനവും വില വര്‍ധിപ്പിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ പെട്രോള്‍ വില 85 കടന്നു. എണ്ണ വിപണന കമ്പനികളുടെ വില വിജ്ഞാപന പ്രകാരം പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 25 പൈസ വീതം ഉയര്‍ത്തി. ദില്ലിയിലെ പെട്രോള്‍ വില ലിറ്ററിന് 85.20 രൂപയായും മുംബൈയില്‍ 91.80 രൂപയായും ഉയര്‍ന്നു. അതേസമയം ഡീസലിന് ഡല്‍ഹിയില്‍ 75.38 രൂപയായി. മുംബൈയില്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 82.13 രൂപയിലെത്തി.
പെട്രോള്‍, ഡീസല്‍ വില തിങ്കളാഴ്ചയും ലിറ്ററിന് 25 പൈസ വര്‍ധിപ്പിച്ചിരുന്നു. മുംബൈയില്‍ പെട്രോള്‍, ഡീസല്‍ വില റെക്കോര്‍ഡ് ഉയരത്തില്‍ നില്‍ക്കുമ്പോള്‍ ദേശീയ തലസ്ഥാനത്ത് പെട്രോള്‍ വില എക്കാലത്തെയും ഉയര്‍ന്ന നിരക്കിലാണ്. 2018 ഒക്ടോബര്‍ നാലിനുണ്ടായിരുന്ന 75.45 രൂപയാണ് ഡീസലിന്റെ എക്കാലത്തെയും ഉയര്‍ന്ന നിരക്ക്.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ധന റീട്ടെയിലര്‍മാരായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഐ ഒ സി), ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബി പി സി എല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എച്ച് പി സി എല്‍) എന്നിവ ജനുവരി ആറിന് ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം ദിവസേനയുള്ള വില പരിഷ്‌കരണം പുനരാരംഭിച്ചിരുന്നു. അതിനുശേഷം പെട്രോളിന് ലിറ്ററിന് 1.49 രൂപയും ഡീസലിന് 1.51 രൂപയും ഉയര്‍ന്നു.
ഇന്ത്യയടക്കം വിവിധ രാജ്യങ്ങളില്‍ കൊറോണ വൈറസ് വാക്‌സിനുകള്‍ ലഭ്യമാക്കിയതിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര എണ്ണവില ഉയര്‍ന്നതിനെ തുടര്‍ന്നാണിത്. 2018 ഒക്ടോബര്‍ 4 ന് ഇന്ധന വില അവസാനമായി റെക്കോര്‍ഡ് ഉയരത്തിലെത്തിയപ്പോള്‍, പണപ്പെരുപ്പ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ഉപഭോക്തൃ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനുമായി പെട്രോള്‍, ഡീസല്‍ എന്നിവയുടെ എക്‌സൈസ് തീരുവ ലിറ്ററിന് 1.50 രൂപ കുറച്ചിരുന്നു. അതോടൊപ്പം, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ധന ചില്ലറ വ്യാപാരികള്‍ ലിറ്ററിന് 1 രൂപ കുറയ്ക്കുകയും പിന്നീട് അത് തിരിച്ചുപിടിക്കുകയും ചെയ്തു. എന്നാല്‍ ഇത്തവണ ഡ്യൂട്ടി വെട്ടിക്കുറച്ചതിന്റെ സൂചനകളൊന്നുമില്ല.
അന്താരാഷ്ട്ര വിലയ്ക്കും വിദേശനാണ്യ നിരക്കും അനുസരിച്ച് പെട്രോള്‍, ഡീസല്‍ വിലകള്‍ ദിവസേന പരിഷ്‌കരിക്കുന്നുണ്ട്.
അതേസമയം കേരളത്തില്‍ തിരുവനന്തരപുരത്ത് പെട്രോളിന് 87.23 രൂപയും ഡീസലിന് 81.26 രൂപയുമാണ് ഇന്നത്തെ വില.