ഇന്ത്യയില്‍ 4-5 സെമികണ്ടക്ടര്‍ നിര്‍മാണ ശാലകള്‍ തുറക്കുമെന്ന് ഫോക്‌സ്‌കോണ്‍

വേദാന്തയുമായി ചേര്‍ന്ന് സെമികണ്ടക്ടര്‍ പ്ലാന്റ് നിര്‍മിക്കാനുള്ള സംയ്കുത സംരംഭത്തില്‍ നിന്ന് പിന്മാറിയതിനു പിന്നാലെയാണ് പുതിയ നീക്കം

Update: 2023-07-12 05:35 GMT

തായ്‌വാന്‍ ടെക്‌നോളജി കമ്പനിയായ ഫോക്‌സ്‌കോണ്‍ ഇന്ത്യയില്‍ നാല്-അഞ്ച് സെമികണ്ടക്ടര്‍ ഫാബ്രിക്കേഷന്‍ നിര്‍മാണ ശാലകള്‍ തുടങ്ങുന്നു. ഇതിനായി കേന്ദ്ര സർക്കാരിന്റെ  'സെമികണ്ടക്ടര്‍ പദ്ധതി' വഴി അപേക്ഷ സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി വരികയാണെന്ന് കമ്പനി അറിയിച്ചു. ഇന്ത്യന്‍ കമ്പനിയായ വേദാന്തയുമായി ചേര്‍ന്ന് സെമികണ്ടക്ടര്‍ നിർമിക്കാനുള്ള സംയുക്ത സംരംഭത്തില്‍ നിന്ന് പിന്‍മാറിയതിനു പിന്നാലെയാണ് പുതിയ നീക്കം.

സെമികണ്ടക്ടര്‍ പദ്ധതിക്കായി രണ്ട് കമ്പനികളുമായി ധാരണാപത്രം ഒപ്പുവച്ചതിന്റെ വിവരങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ ഒരെണ്ണം ഗുജറാത്തിലായിരിക്കും. മറ്റ് സ്ഥലങ്ങളുടെ സാധ്യതകളും പരിശോധിച്ച് വരികയാണ്. രണ്ട് മാസത്തിനുള്ളില്‍ പുതിയ പദ്ധതിയുടെ പ്രഖ്യാപനമുണ്ടായേക്കും.
ജൂലൈ 10നാണ് വേദാന്ത ഗ്രൂപ്പുമായുള്ള സംയുക്ത സംരംഭത്തില്‍ നിന്ന് പിന്മാറുന്നതിനെ കുറിച്ച് ഹോന്‍ ഹായ് ടെക്‌നോളജീസ് ഗ്രൂപ്പിനു കീഴിലുള്ള ഫോക്‌സ്‌കോണ്‍ അറിയിച്ചത്. 1.54 ലക്ഷം കോടി രൂപയുടെ സംയുക്തസംരംഭത്തില്‍ 67 ശതമാനം ഓഹരികളും വേദാന്ത ഗ്രൂപ്പിനായിരുന്നു.
യൂറോപ്യന്‍ ചിപ്പ് മേക്കര്‍ എസ്.ടി മൈക്രോ ഇലക്ട്രോണിക്‌സിനെ സാങ്കേതിക പങ്കാളിയായി ഉള്‍പ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ തടസ്സപ്പെട്ടതാണ് പിന്മാറ്റത്തിനു കാരണമെന്നാണ് അറിയുന്നത്.
Tags:    

Similar News