വേദാന്തയ്ക്ക് തിരിച്ചടി: ചിപ്പ് നിര്‍മാണ പദ്ധതിയില്‍ നിന്ന് തായ്‌വാന്‍ കമ്പനി പിന്‍വാങ്ങി

ഫോക്‌സ്‌കോണിന്റെ പിന്മാറ്റം രാജ്യത്തെ സെമികണ്ടക്ടര്‍ ഫാബ്രിക്കേഷന്‍ ലക്ഷ്യങ്ങളെ ബാധിക്കില്ലെന്ന് കേന്ദ്ര ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍

Update:2023-07-11 11:12 IST

ഇന്ത്യയിലെ ചിപ്പ് നിര്‍മാണ പദ്ധതികള്‍ക്ക് കനത്ത തിരിച്ചടി. വേദാന്തയുമായി സഹകരിച്ച് രാജ്യത്ത് ചിപ്പ് നിര്‍മാണ പ്ലാന്റ് സ്ഥാപിക്കാനുള്ള പദ്ധതിയില്‍ നിന്ന് തായ്‌വാന്‍ കമ്പനിയായ ഫോക്‌സ്‌കോണ്‍ പിന്മാറി. 1,950 കോടി ഡോളറിന്റെ(ഏകദേശം 1.60 ലക്ഷം കോടി രൂപ) വന്‍കിട പദ്ധതിയാണ് ഇതോടെ ഉപേക്ഷിക്കപ്പെടുന്നത്.

 വേദാന്തയുടെ പ്രതിസന്ധി വിനയായി
വേദാന്ത നേരിടുന്ന കനത്ത സാമ്പത്തിക പ്രതിസന്ധി കാരണമാണ് പിന്മാറ്റം എന്നാണ് വിലയിരുത്തല്‍. വേദാന്തയ്ക്ക് കരകയറാന്‍ ലഭിച്ചൊരു പിടിവള്ളിയായിരുന്നു ഈ പ്ലാന്റ്. എന്നാല്‍ ഫോക്‌സ്‌കോണിന്റെ പിന്‍മാറ്റത്തോടെ  വേദാന്തയുടെ ഭാവിയും അനിശ്ചിതത്വത്തിലായി. അതേ സമയം മറ്റൊരു ഗ്രൂപ്പുമായി ചേര്‍ന്ന് സെമികണ്ടക്ടര്‍ പദ്ധതി മുന്നോട്ടുകൊണ്ടുപോകുമെന്ന് വേദാന്ത പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ സെപ്റ്റംബര്‍ 13നാണ് വേദാന്തഗ്രൂപ്പ് ഫോക്‌സ്‌കോണുമായി ചേര്‍ന്ന് ഗുജറാത്തില്‍ സെമികണ്ടക്റ്റര്‍, ഡിസ്‌പ്ലേ ഉത്പാദന കേന്ദ്രം തുടങ്ങാന്‍ കരാര്‍ ഒപ്പുവച്ചത്.
ആപ്പിളിനു വേണ്ടി ഐഫോണുകളും മറ്റ് ഉത്പന്നങ്ങളും നിര്‍മിക്കുന്ന കമ്പനിയാണ് ഫോക്‌സ്‌കോണ്‍. കൂടുതല്‍ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഫോക്‌സ്‌കോണ്‍ ചിപ്പ് നിര്‍മാണത്തിലേക്കും തിരിഞ്ഞത്. ലൈസന്‍സിംഗ് ടെക്‌നോളജിക്കായി യൂറോപ്യന്‍ ചിപ്പ് നിര്‍മാതാക്കളായ എസ്.ടി മൈക്രോയെ ബോര്‍ഡില്‍ ഉള്‍പ്പെടുത്താനായിരുന്നു വേദാന്ത-ഫോക്‌സ്‌കോണ്‍ സഖ്യത്തിന്റെ നീക്കം. എന്നാല്‍ പങ്കാളിയാകാന്‍ എസ്.ടി മൈക്രോ താത്പര്യം കാണിച്ചില്ല. ഇതോടെ പദ്ധതി അനിശ്ചിതത്തിലായി.
രാജ്യത്തിന്റെ ലക്ഷ്യങ്ങളെ ബാധിക്കില്ല
വേദാന്തയുമായുള്ള സംയ്കുത സംരംഭത്തില്‍ നിന്ന് പിന്മാറാനുള്ള ഫോക്‌സ്‌കോണിന്റെ തീരുമാനം ഇന്ത്യയുടെ സെമികണ്ടക്ടര്‍ ഫാബ്രിക്കേഷന്‍ ലക്ഷ്യങ്ങളെ ബാധിക്കില്ലെന്ന് കേന്ദ്ര ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ട്വിറ്ററില്‍ പറഞ്ഞു.
ഇന്ത്യന്‍ സെമികണ്ടക്ടര്‍ മേഖലയില്‍ നിന്ന് പൂര്‍ണമായും പിന്‍മാറുന്നില്ലെന്നും ഗവണ്‍മെന്റിന്റെ ആഭ്യന്തര ചിപ്പ് നിര്‍മാണ ശ്രമങ്ങളെ ഇപ്പോഴും പിന്തുണയ്ക്കുന്നുണ്ടെന്നും ഫോക്‌സ്‌കോണും പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ സംയുക്ത സംരംഭവുമായി കമ്പനിക്ക് ബന്ധമുണ്ടാകില്ല.
2026ഓടെ രാജ്യത്തെ സെമികണ്ടക്ടര്‍ വിപണി 6,300 കോടി ഡോളറിന്റെ (ഏകദേശം 5.20 ലക്ഷം കോടി രൂപ) വളര്‍ച്ച നേടുമെന്നാണ് കണക്കുകൂട്ടലുകള്‍. വന്‍ പദ്ധതികളാണ് ഇന്ത്യ ഇതിനായി പ്ലാന്‍ ചെയ്യുന്നത്.
Tags:    

Similar News