വീണ്ടും അദാനി, നിക്ഷേപിക്കാനൊരുങ്ങുന്നത് 70 ബില്യണ്‍ ഡോളര്‍
ഗ്രീന്‍ എനര്‍ജി, ഇന്‍ഫ്രാസ്ട്രക്ചര്‍ രംഗങ്ങളിലാണ് ഗൗതം അദാനിയുടെ പുതിയ നിക്ഷേപം
വീണ്ടും വന്‍ നിക്ഷേപവുമായി ഗൗതം അദാനി. ഗ്രീന്‍ എനര്‍ജി, ഇന്‍ഫ്രാസ്ട്രക്ചര്‍ രംഗങ്ങളില്‍ 70 ബില്യണ്‍ ഡോളറിന്റെ നിക്ഷേപത്തിനാണ് അദാനിയൊരുങ്ങുന്നത്. അദാനി എന്റര്‍പ്രൈസസിന്റെ വാര്‍ഷിക ഓഹരി ഉടമകളുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
'ഭാവിയിലുള്ള ഞങ്ങളുടെ ആത്മവിശ്വാസവും വിശ്വാസവും പ്രകടമാക്കുന്ന ഏറ്റവും മികച്ച തെളിവ് ഇന്ത്യയുടെ ഹരിത പരിവര്‍ത്തനം സുഗമമാക്കുന്നതിനുള്ള ഞങ്ങളുടെ 70 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ്. ഞങ്ങള്‍ ഇതിനകം തന്നെ ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ്ജം വികസിപ്പിച്ചവരില്‍ ഒരാളാണ്. ഗീന്‍ ഹൈഡ്രജനെ ഭാവിയുടെ ഇന്ധനമാക്കി റിന്യൂവബ്ള്‍ രംഗത്ത് ഞങ്ങളുടെ സാന്നിധ്യം വളരെയധികം ശക്തമാക്കും'' അദ്ദേഹം പറഞ്ഞു.
ഒറ്റയടിക്ക് ഞങ്ങള്‍ ഇന്ത്യയിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് ഓപ്പറേറ്ററായി മാറി. ഈ വിമാനത്താവളങ്ങള്‍ക്ക് ചുറ്റുമായി എയറോട്രോപോളിസുകള്‍ വികസിപ്പിക്കുന്നതിനും പ്രാദേശികവല്‍ക്കരിച്ച കമ്മ്യൂണിറ്റി അധിഷ്ഠിത സാമ്പത്തിക കേന്ദ്രങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള ബിസിനസുകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഞങ്ങള്‍,'' അദാനി പറഞ്ഞു.
'അദാനി വില്‍മറിന്റെ വിജയകരമായ ഐപിഒ ഞങ്ങളെ രാജ്യത്തെ ഏറ്റവും വലിയ എഫ്എംസിജി കമ്പനിയാക്കി മാറ്റുന്നു. കൂടാതെ രാജ്യത്തെ ഏറ്റവും അംഗീകൃതമായ രണ്ട് ബ്രാന്‍ഡ് നാമങ്ങള്‍ - എസിസി, അംബുജ സിമന്റ്‌സ് എന്നിവ ഉള്‍പ്പെടുന്ന ഇന്ത്യയിലെ ഹോള്‍സിമിന്റെ ആസ്തികള്‍ ഏറ്റെടുത്തതോടെ ഇന്ത്യയിലെ രണ്ടാമത്തെ വലിയ സിമന്റ് നിര്‍മാണ കമ്പനിയുമായി മാറി'' അദ്ദേഹം പറഞ്ഞു. കൂടാതെ, ഡാറ്റാ സെന്ററുകള്‍, ഡിജിറ്റല്‍ സൂപ്പര്‍ ആപ്പുകള്‍, എയ്റോസ്പേസ്, ലോഹങ്ങള്‍, സാമഗ്രികള്‍ എന്നിങ്ങനെയുള്ള മേഖലകളിലും ഞങ്ങള്‍ എന്‍ട്രികള്‍ നടത്തിയിട്ടുണ്ട് - എല്ലാം ആത്മനിര്‍ഭര്‍ ഭാരത് എന്ന ഗവണ്‍മെന്റിന്റെ കാഴ്ചപ്പാടുമായി യോജിപ്പിച്ചിരിക്കുന്നു,'' അദാനി പറഞ്ഞു.
''ഗ്രൂപ്പിന്റെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ 200 ബില്യണ്‍ യുഎസ് ഡോളറായി ഉയര്‍ന്നു, അന്താരാഷ്ട്ര വിപണികളില്‍ നിന്ന് കോടിക്കണക്കിന് ഡോളര്‍ സമാഹരിക്കാന്‍ ഗ്രൂപ്പിന് കഴിഞ്ഞു - ഇത് ഇന്ത്യയുടെയും അദാനി ഗ്രൂപ്പിന്റെയും വളര്‍ച്ചാ കഥയിലെ ആത്മവിശ്വാസത്തിന്റെ നേരിട്ടുള്ള സാധൂകരണമാണെന്നും അദ്ദേഹം പറഞ്ഞു.