നഴ്‌സിംഗ് പഠിക്കാന്‍ ജര്‍മനിയിലേക്ക് പറക്കാം, സൗജന്യമായി

ട്രിപ്പിള്‍ വിന്‍ ട്രെയിനിംഗ് പദ്ധതിയുമായി നോര്‍ക്ക് റൂട്ട്‌സ്

Update:2023-09-29 22:54 IST

Image : Canva

മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ജര്‍മനിയില്‍ സൗജന്യ നഴ്‌സിംഗ് പഠനത്തിന് അവസരമൊരുങ്ങുന്നു. സയന്‍സ് വിഷയത്തില്‍ പ്ലസ്ടുവും ജര്‍മന്‍ ഭാഷാപ്രാവീണ്യവും നേടിയിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം.

ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സി, ജര്‍മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ എന്നിവരുമായി ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നു വരുന്നതായി നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി ധനം ഓണ്‍ലൈന്‍.കോമിനോട് പറഞ്ഞു.
നോര്‍ക്ക റൂട്ട്‌സ് നടത്തി വരുന്ന ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ തുടര്‍ച്ചയാണിത്. ആദ്യഘട്ടമെന്ന നിലയില്‍ ജര്‍മന്‍ ഭാഷ പഠിക്കുന്ന പ്ലസ്ടു കഴിഞ്ഞ 100 വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി സെപ്റ്റംബര്‍ 28ന് വര്‍ക്‌ഷോപ്പ് സംഘടിപ്പിച്ചു. ജര്‍മന്‍ പ്രതിനിധികള്‍ കുട്ടികളുമായി സംവദിക്കുകയും ചെയ്തു.
സ്‌റ്റൈപ്പന്‍ഡും ജോലിയും

പൂര്‍ണമായും സൗജന്യമായാണ് പഠനം സാധ്യമാകുന്നത്. പ്ലസ്ടുവും ജര്‍മന്‍ ഭാഷയില്‍ എ1, എ2, ബി1 പരീക്ഷയും  പാസാകണം. ജര്‍മനയില്‍ ചെന്ന് ബി2 പാസായ ശേഷം ഇവര്‍ക്ക് നഴ്‌സുമാരായി രജസ്‌ട്രേഷന്‍ ലഭിക്കും. ഡിഗ്രിയും നഴ്‌സിംഗ് ട്രെയിനിംഗുമാണ് പദ്ധതിയുടെ ഭാഗമായുണ്ടാകുക. പഠനത്തോടൊപ്പം സ്റ്റൈപ്പന്‍ഡും ലഭിക്കും. പഠന ശേഷം ആശുപത്രികള്‍, നഴ്‌സിംഗ് ഹോമുകള്‍, പുനരധിവാസകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിയമനവും ലഭ്യമാക്കും.

മൂന്ന് വര്‍ഷമാണ് ജര്‍മനിയില്‍ നഴ്‌സിംഗ് കോഴ്‌സ് കാലാവധി. ജര്‍മന്‍ ഭാഷയില്‍ ബി1, ബി2 സര്‍ട്ടിഫിക്കറ്റ് വേണമെന്നത് മാത്രമാണ് നിബന്ധന.

പഠിക്കുമ്പോള്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് ജര്‍മനിയിലെ അവസരങ്ങളെ കുറിച്ചും അവിടുത്തെ സാഹചര്യങ്ങളെ കുറിച്ചും മനസിലാക്കാന്‍ സാധിക്കുമെന്നതാണ് പദ്ധതിയുടെ ഗുണം. കുടിയേറ്റത്തിനുള്ള സമയം പരമാവധി കുറച്ച് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഹരികൃഷ്ണന്‍ നമ്പൂതിരി പറഞ്ഞു.

നോർക്ക വഴി ജർമനിക്ക് 
കേരളത്തില്‍ നിന്നുളള നഴ്‌സുമാര്‍ക്ക് ജര്‍മ്മനിയില്‍ അവസരമൊരുക്കുന്ന നോർക്കയുടെ ട്രിപ്പിള്‍ വിന്‍ പദ്ധതി നാലാം ഘട്ടത്തിൽ എത്തി നിൽക്കുകയാണ്.  ഇതുവരെ 107 നഴ്‌സുമാര്‍ പദ്ധതിയുടെ ഭാഗമായി ജര്‍മ്മനിയിലെത്തിയതായി കെ. ഹരികൃഷ്ണന്‍ നമ്പൂതിരി പറഞ്ഞു. ജര്‍മ്മനിയിലെ 27 ഇടങ്ങളിലായി 33 സ്ഥാപനങ്ങളിലാണ് കേരളത്തില്‍ നിന്നുളള നഴ്‌സുമാര്‍ ജോലി ചെയ്യുന്നത്. ഇതുകൂടാതെ നാല് ഘട്ടങ്ങളിലായി നടന്ന അഭിമുഖങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട 1,100 പേരുടെ ജര്‍മ്മന്‍ ഭാഷാ പഠനം പുരോഗമിക്കുകയുമാണ്. 250-300 പേര്‍ക്ക് വീതം നാല് തവണകളായി ജര്‍മനയിലേക്ക് പോകാനാകും.

നഴ്‌സിംഗ് മേഖലയില്‍ വേണ്ടത്ര ജീവനക്കാരെ ലഭിക്കാത്തതുമൂലം പ്രതിസന്ധിയിലാണ് ജര്‍മനി. 65 വയസുകഴിഞ്ഞ ആളുകളാണ് ജര്‍മന്‍ ജനംസഖ്യയുടെ മുഖ്യഭാഗവും എന്നതാണ് പ്രധാന വെല്ലുവിളി. ഇതിനൊരു പരിഹാരമായാണ് കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ സൗജന്യമായി പഠിപ്പിച്ച് ജോലി നൽകാൻ ഒരുങ്ങുന്നത്.

Tags:    

Similar News