പരാതികള്‍ കൂടുന്നു; പരിഹാരം നിര്‍ദ്ദേശിക്കാന്‍ ഓണ്‍ലൈന്‍ ഫുഡ് കമ്പനികളോട് സര്‍ക്കാര്‍
സ്വിഗ്ഗി, സൊമാറ്റോ അടക്കമുള്ള കമ്പനികള്‍ക്കെതിരെ പരാതികള്‍ വര്‍ധിക്കുന്നുവെന്നും സര്‍ക്കാര്‍
ഉപഭോക്താക്കളുടെ പരാതി പരിഹരിക്കുന്നതിനുള്ള സംവിധാനം എങ്ങനെ മെച്ചപ്പെടുത്താമെന്നതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ 15 ദിവസത്തിനകം സമര്‍പ്പിക്കാന്‍ സ്വിഗ്ഗി, സൊമാറ്റോ അടക്കമുള്ള ഓണ്‍ലൈന്‍ ഫുഡ് ബിസിനസ് ഓപ്പറേറ്റര്‍മാരോട് സര്‍ക്കാര്‍ ഉത്തരവിട്ടു. ഉപഭോക്താക്കളില്‍ നിന്ന് പരാതി കൂടുതലായി ഉയര്‍ന്നു വരുന്ന സാഹചര്യത്തിലാണിത്.
ഉപഭോക്താക്കളോട് ഓരോ ഓര്‍ഡറിലെയും ചെലവ് വെവ്വേറെ കാണിച്ചിരിക്കണമെന്നും കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഡെലിവറി ചാര്‍ജ്, പാക്കേജിംഗ് ചാര്‍ജ്, നികുതികള്‍, തുടങ്ങിയവയെല്ലാം അതില്‍ വെവ്വേറെ കാണിച്ചിരിക്കണം.
നിലവിലുള്ള ഉപഭോക്തൃ തര്‍ക്ക പരിഹാര സംവിധാനം മെച്ചപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ 15 ദിവസത്തിനകം സമര്‍പ്പിക്കണമെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 3631 പരാതികളാണ് നാഷണല്‍ കണ്‍സ്യൂമര്‍ ഹെല്‍പ്പ് ലൈനില്‍ സ്വിഗ്ഗിക്കെതിരെ മാത്രം ലഭിച്ചതെന്ന് വകുപ്പില്‍ നിന്ന് അറിയിച്ചു. സൊമാറ്റോയ്ക്ക് എതിരെ 2828 പരാതികളും ലഭിച്ചിട്ടുണ്ട്.