ട്വിറ്ററിൽ കൂട്ടപ്പിരിച്ചുവിടലിന് തുടക്കമിട്ട് മസ്‌ക്
കമ്പനിയിലെ 50 ശതമാനം ജീവനക്കാരെയും മസ്‌ക് പറഞ്ഞുവിട്ടേക്കും എന്നാണ് സൂചന
നേരത്തെ പ്രഖ്യാപിച്ച കൂട്ടപ്പിരിച്ചുവിടല്‍ നപടികള്‍ ആരംഭിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ട്വിറ്റര്‍ (Twitter). ഇലോണ്‍ മസ്‌ക് (Elon Musk) ട്വിറ്ററിനെ ഏറ്റെടുത്ത് ഒരാഴ്ച പിന്നിടുമ്പോഴാണ് പിരിച്ചുവിടല്‍ നടപടികള്‍ ആരംഭിച്ചത്. ജീവനക്കാരുടെ എണ്ണം കുറയ്ക്കുമെന്ന് ട്വിറ്റര്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയാവും മുമ്പ് തന്നെ മസ്‌ക് പ്രഖ്യാപിച്ചിരുന്നു. കമ്പനിയിലെ 50 ശതമാനം ജീവനക്കാരെയും മസ്‌ക് പറഞ്ഞുവിട്ടേക്കും എന്നാണ് സൂചന.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 7,500 ഓളം ജീവനക്കാരാണ് ട്വിറ്ററിനുള്ളത്. അതേ സമയം ജീവനക്കാരെ പിരിച്ചുവിടുന്ന കമ്പനിയുടെ നടപടിക്കെതിരെ സാന്‍ഫ്രാന്‍സിസ്‌കോയിലെ ഫെഡറല്‍ കോടതിയില്‍ ഒരു കേസ് ഫയല്‍ ചെയ്യപ്പെട്ടതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. പിരിച്ചുവിടലിന്റെ സൂചന നല്‍കിക്കൊണ്ട് ജീവനക്കാര്‍ക്ക് ട്വിറ്റര്‍ ഒരു സന്ദേശം അയച്ചിരുന്നു. ജീവനക്കാരോട് വീട്ടില്‍ തന്നെ തുടരാനും ഓഫീസിലേക്ക് പുറപ്പെട്ടവരോട് തിരികെ പോകാനും ഈ സന്ദേശത്തില്‍ നിര്‍ദ്ദേശമുണ്ടെന്നാണ് വിവരം.
പിരിച്ചുവിടല്‍ നടപടികള്‍ തുടങ്ങിയ ശേഷം ട്വിറ്റര്‍ ഇന്ത്യയിലെ നിരവധി ജീവനക്കാര്‍ക്ക് ഓഫീഷ്യല്‍ മെയില്‍ ഉപയോഗിക്കാന്‍ സാധിക്കുന്നില്ലെന്ന് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു. ഇന്ത്യന്‍ സമയം ഇന്ന് രാത്രി 9.30ഓടെ ട്വിറ്ററിലെ ജോലി നഷ്ടമായോ എന്നത് സംബന്ധിച്ച ഇമെയില്‍ ജീവനക്കാര്‍ക്ക് ലഭിക്കും. ജോലി നഷ്ടമാവുന്നവര്‍ക്ക് സ്വകാര്യ ഇമെയിലിലും അല്ലാത്തവര്‍ക്ക് കമ്പനി വിലാസത്തിലും ആയിരിക്കും ട്വിറ്റര്‍ സന്ദേശം അയക്കുക.