പ്രവാസികള്‍ക്ക് പ്രയോജനകരം; പ്രധാന നിയന്ത്രണങ്ങള്‍ നീക്കം ചെയ്യാന്‍ ഒരുങ്ങി സൗദി അറേബ്യ

Update: 2020-11-07 13:27 GMT

തൊഴില്‍ മേഖലയില്‍ ദുരിതമനുഭവിക്കുന്ന മലയാളികളടക്കമുള്ള ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് ആശ്വാസമായി സൗദി അറേബ്യയുടെ പുതിയ ഇളവുകള്‍. കുറഞ്ഞ ശമ്പളം ലഭിക്കുന്ന കുടിയേറ്റ തൊഴിലാളികളെ അവരുടെ തൊഴിലുടമകളുമായി ബന്ധിപ്പിക്കുന്ന ചില പ്രധാന നിയന്ത്രണങ്ങള്‍ ഇല്ലാതാക്കുകയും പരിഷ്‌കരിക്കുകയും ചെയ്യുമെന്ന് സൗദി അറേബ്യ പ്രഖ്യാപിച്ചു.

വിദേശ തൊഴിലാളികള്‍ക്ക് അതാത് തൊഴിലുടമയില്‍ നിന്ന് മറ്റൊരാളിലേയ്ക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറാനും നിലവിലെ ജോലിയില്‍ നിന്ന് മറ്റൊരു ജോലിയിലേയ്ക്ക് മാറാനുമുള്ള അവകാശം അനുവദിക്കുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. നിലവില്‍ നിശ്ചിത തൊഴിലിനായി കേരളത്തില്‍ നിന്നും എത്തി, പുതിയ തൊഴിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ തടസ്സം നേരിടുന്ന നിരവധി മലയാളികള്‍ക്ക് ഈ തീരുമാനം ആശ്വാസകരമാണ്.

ലേബര്‍ റിലേഷന്‍ ഇനീഷ്യേറ്റീവ് എന്ന പേരില്‍ പുതിയ നിയമങ്ങള്‍ 2021 മാര്‍ച്ചില്‍ പ്രാബല്യത്തില്‍ വരുമെന്ന് ഉപമന്ത്രി അബ്ദുല്ല ബിന്‍ നാസര്‍ അബുത്നെയ്ന്‍ അറിയിച്ചു. സൗദി അറേബ്യയിലെ മൊത്തം ജനസംഖ്യയുടെ മൂന്നിലൊന്ന് അല്ലെങ്കില്‍ രാജ്യത്തിലെ ഏകദേശം 10 മില്യണ്‍ വിദേശ തൊഴിലാളികളെ ബാധിക്കുന്ന നിയമമാണിത്.

കൂടാതെ നിലവിലുള്ള 'കഫാല സ്‌പോണ്‍സര്‍ഷിപ്പ്' സംവിധാനത്തിന്റെ ചില ഘടകങ്ങള്‍ നീക്കം ചെയ്യുന്നുണ്ടെന്നാണ് വിവരമെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ഗവേഷകനായ റോത്ന ബീഗം പറഞ്ഞു. കുടിയേറ്റ തൊഴിലാളികളുടെ അവസ്ഥ മെച്ചപ്പെടുത്താന്‍ കഴിയുന്ന സുപ്രധാന നടപടികളാണ് സൗദി നിയമത്തിലെ പുതിയ മാറ്റങ്ങള്‍. അതേസമയം കുടിയേറ്റ തൊഴിലാളികള്‍ക്ക് രാജ്യത്തേക്ക് വരാന്‍ സ്‌പോണ്‍സര്‍ ചെയ്യുന്നതിന് ഇപ്പോഴും ഒരു തൊഴിലുടമ ആവശ്യമാണെന്നും തൊഴിലുടമകള്‍ക്ക് അവരുടെ റെസിഡന്‍സി നിലയില്‍ ഇപ്പോഴും നിയന്ത്രണമുണ്ടാകാമെന്നും അധികൃതര്‍ വ്യക്തമാക്കി. 

Tags:    

Similar News