''ആ കടുത്ത പ്രതിസന്ധിയാണ് വി-ഗാര്‍ഡിന്റെ വളര്‍ച്ചയ്ക്ക് വഴിത്തിരിവായത്'' കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി എഴുതുന്നു

Update: 2020-05-27 06:48 GMT

വി-ഗാര്‍ഡ് തുടങ്ങി ആറ് വര്‍ഷം കഴിഞ്ഞപ്പോള്‍ രാഷ്ട്രീയപ്രേരിതമായി യൂണിയന്‍ വരുകയും അത് സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെ കടുത്ത പ്രതിസന്ധിയിലാഴ്ത്തുകയും ചെയ്തു. വി-ഗാര്‍ഡിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയില്‍ വളരെ ഡിമാന്റുണ്ടായിരുന്ന കാലത്താണ് സമരം കാരണം പ്രവര്‍ത്തനം മുടങ്ങിയതെന്നോര്‍ക്കണം. അങ്ങനെയാണ് മാറി ചിന്തിച്ച് സബ്‌കോണ്‍ട്രാക്റ്റിംഗ് നല്‍കാനുള്ള തീരുമാനം ഉണ്ടാകുന്നത്. അത് വി-ഗാര്‍ഡിന്റെ വളര്‍ച്ചയില്‍ നാഴികക്കല്ലായി. പലപ്പോഴും പ്രതിസന്ധികളാണ് എന്റെ സംരംഭകജീവിതത്തില്‍ വളര്‍ച്ചയ്ക്ക് നിര്‍ണ്ണായകമായത്. കേരളത്തില്‍ മാത്രം സുഖകരമായി പ്രവര്‍ത്തിച്ചിരുന്ന കാലഘട്ടത്തിലുണ്ടായ പ്രതിസന്ധികളാണ് ദക്ഷിണേന്ത്യയിലേക്ക് കടക്കാനും പിന്നീട് രാജ്യം മുഴുവന്‍ നിറയുവാനും ഇടയാക്കിയത്. പ്രതിസന്ധികള്‍ വരുമ്പോള്‍ ഉല്‍പ്പാദനം കുറയ്ക്കാതെ, ജീവനക്കാരെ വെട്ടിച്ചുരുക്കാതെ എങ്ങനെ നിലനില്‍ക്കാം എന്ന ചിന്തയാണ് പുതിയ വിപണികളിലേക്ക് കടന്നുചെന്ന് വ്യാപിപ്പിക്കാന്‍ കാരണമായത്.

കസേരയ്ക്ക് തീപിടിക്കുമ്പോള്‍...

അതുകൊണ്ടുതന്നെ, പ്രതിസന്ധികള്‍ എനിക്കിഷ്ടമാണ്! പതുപതുത്ത സോഫയിലിരിക്കാന്‍ നല്ല സുഖമാണ്. എന്നാല്‍ ആ കംഫര്‍ട്ട് നിങ്ങളെ ഒരിക്കലും വളര്‍ത്തില്ല. കസേരയ്ക്ക് തീപിടിച്ച് ഇരിക്കുന്നിടത്തുനിന്ന് എഴുന്നേല്‍ക്കണം. അപ്പോഴേ മാറി ചിന്തിക്കൂ. പുതിയ ഉയരങ്ങളിലെത്തൂ. പ്രതിസന്ധികളില്‍ കൂടിയാണ് നാം പാഠങ്ങള്‍ പഠിക്കുകയുള്ളുവെന്ന് പണ്ടേ മഹാന്മാര്‍ പറഞ്ഞിട്ടുള്ളതാണ്.

എപ്പോഴും വിജയം മാത്രം, വളര്‍ച്ചയും ലാഭവും മാത്രം... ഇതാണ് അവസ്ഥയെങ്കില്‍ നാം മാറി ചിന്തിക്കില്ല. അതേസമയം തളര്‍ച്ചയുണ്ടാകുമ്പോള്‍ എവിടെ, എന്തൊക്കെ ചെയ്യാന്‍ പറ്റും, എവിടെ ചെലവ് കുറയ്ക്കാനാകും, വിപണി പിടിക്കാന്‍ എന്ത് പുതുമ കൊണ്ടുവരണം, മാര്‍ക്കറ്റിംഗില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തണം, ചെലവു കുറച്ച് കൂടുതല്‍ ഗുണമേന്മ ആവിഷ്ടകരിക്കുന്നതെങ്ങനെ, എങ്ങനെ നിലനില്‍ക്കാം തുടങ്ങിയ കാര്യങ്ങളിലേക്ക് കണ്ണുതുറക്കുന്നത് ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിലാണ്. അത് എന്റെ മാത്രം കാര്യമാണെന്ന് തോന്നുന്നില്ല. എല്ലാവരും അങ്ങനെ തന്നെയാണ്. അതേസമയം നല്ല വളര്‍ച്ചയുള്ളപ്പോള്‍ ഞാന്‍ ചെയ്യുന്നതാണ് ശരിയെന്നുവിചാരിച്ച് നാം മുന്നോട്ടുപോകും.

ഇതുപോലുള്ള തിരിച്ചടികള്‍ നല്ലതാണെന്ന് ഞാന്‍ മാനേജര്‍മാരോട് പറയാറുണ്ട്. നമ്മുടെ പ്രവര്‍ത്തനരീതികള്‍ പുനപരിശോധിക്കാനുള്ള അവസരമാണിത്. ഈ സമയത്ത് അനാവശ്യചെലവുകള്‍ കുറയ്ക്കാം. വിഭവങ്ങള്‍ വേണ്ട രീതിയില്‍ ഉപയോഗിക്കാം. വേണ്ടത്ര കെട്ടുറപ്പില്ലാത്ത സ്ഥാപനങ്ങള്‍ ഇത്തരം പ്രതിസന്ധികളില്‍ അപ്രത്യക്ഷമാകുമെന്നതാണ് യാഥാര്‍ത്ഥ്യം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News