റഷ്യന്‍ എണ്ണയോട് മുഖംതിരിച്ച് ഇന്ത്യയും; ഇനി വാങ്ങുക അമേരിക്കയുടെ ക്രൂഡോയില്‍

വരുന്നൂ മൂന്ന് വമ്പന്‍ എണ്ണക്കപ്പലുകള്‍; അമേരിക്കന്‍ എണ്ണ ഏപ്രില്‍ മുതല്‍ എത്തിത്തുടങ്ങും

Update:2024-03-27 10:26 IST

Image : Canva

നിരന്തരം വിലക്ക് നേരിടുന്ന റഷ്യന്‍ ക്രൂഡോയിലിനോട് ഒടുവില്‍ ഇന്ത്യയും മുഖംതിരിക്കുന്നു. റഷ്യന്‍ എണ്ണയ്ക്ക് ബദലായി ഇനി അമേരിക്കയുടെ ക്രൂഡോയില്‍ വാങ്ങാനാണ് ഇന്ത്യന്‍ എണ്ണക്കമ്പനികളുടെ നീക്കം.
പ്രതിദിനം 2.50 ലക്ഷം ബാരല്‍ വീതം അമേരിക്കന്‍ ക്രൂഡോയില്‍ അടുത്തമാസം മുതല്‍ ഇന്ത്യയില്‍ എത്തിത്തുടങ്ങും. റഷ്യന്‍ എണ്ണക്കമ്പനികള്‍ക്കുമേല്‍ അമേരിക്ക ഉപരോധം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് അമേരിക്കന്‍ എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ നീക്കം. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ അമേരിക്കയില്‍ നിന്ന് ഇന്ത്യ ഇത്രയധികം എണ്ണ വാങ്ങുന്നത് ആദ്യമാണ്.
ഇന്ത്യയും റഷ്യയും
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും റഷ്യന്‍ എണ്ണയ്ക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. പ്രധാന ഉപഭോക്തൃ രാജ്യങ്ങളെ നഷ്ടപ്പെട്ട റഷ്യ ഇതോടെ ഇന്ത്യയെയും ചൈനയെയും സമീപിക്കുകയായിരുന്നു.
ഇന്ത്യക്ക് റഷ്യന്‍ കമ്പനികള്‍ വന്‍തോതില്‍ ഡിസ്‌കൗണ്ടും വാദ്ഗാനം ചെയ്തു. റഷ്യന്‍ എണ്ണ വാങ്ങരുതെന്ന് അമേരിക്കയടക്കം ആവശ്യപ്പെട്ടിട്ടും ഇന്ത്യ വഴങ്ങിയില്ല. കുറഞ്ഞവിലയുള്ള റഷ്യന്‍ എണ്ണ ഇന്ത്യന്‍ കമ്പനികള്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടി. ഫലത്തില്‍, ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡോയില്‍ സ്രോതസ്സായി റഷ്യ മാറി. റഷ്യന്‍ എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താവായി ഇന്ത്യയും മാറി.
ഉപഭോഗത്തിനുള്ള ക്രൂഡോയിലിന്റെ 85-90 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യ, ലോകത്തെ മൂന്നാമത്തെ വലിയ ക്രൂഡോയില്‍ ഇറക്കുമതി രാജ്യവുമാണ്.
വരുന്നത് മൂന്ന് വമ്പന്‍ എണ്ണക്കപ്പലുകള്‍
ഏതാണ്ട് 76 ലക്ഷം ബാരല്‍ അമേരിക്കന്‍ ക്രൂഡോയിലുമായി (അതായത് പ്രതിദിനം 2.56 ലക്ഷം ബാരല്‍ വീതത്തിന് തുല്യം) മൂന്ന് വമ്പന്‍ എണ്ണക്കപ്പലുകള്‍ ഇന്ത്യയിലേക്ക് പുറപ്പെട്ടതായി ഷിപ്പ് ട്രാക്കിംഗ് കമ്പനിയായ കെപ്ലര്‍ വ്യക്തമാക്കി.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, വിറ്റോള്‍, ഇക്വിനോര്‍, സിനോകോര്‍ എന്നീ കമ്പനികള്‍ നല്‍കിയ ഓര്‍ഡര്‍ പ്രകാരമാണ് അമേരിക്കന്‍ എണ്ണയുമായി കപ്പലുകള്‍ ഇന്ത്യയിലേക്ക് എത്തുന്നത്.
Tags:    

Similar News