കല്യാണ്‍ ജുവലേഴ്‌സ് ഈ മാസം 11 പുതിയ ഷോറൂമുകള്‍ തുറക്കും; 200-ാമത്‌ ഷോറൂം ജമ്മുവില്‍

ദക്ഷിണേന്ത്യയ്ക്ക് പുറത്തേക്കും സാന്നിധ്യം വിപുലപ്പെടുത്താനാണ് ലക്ഷ്യം

Update:2023-08-04 22:38 IST

ടി.എസ് കല്യാണരാമന്‍/ Photo Credit : kalyanjewellers.net

കേരളത്തില്‍ നിന്നുള്ള പ്രമുഖ ജുവലറി ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജുവലേഴ്‌സ് റീറ്റെയ്ല്‍ മേഖലയില്‍ സാന്നിധ്യം വിപുലപ്പെടുത്തുന്നു. ഈ മാസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 11 പുതിയ ഷോറൂമുകള്‍ തുറക്കുന്നതായാണ് ഓഗസ്റ്റ് 3ന്  സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിനു നല്‍കിയ റിപ്പോര്‍ട്ടില്‍ കല്യാണ്‍ സൂചിപ്പിച്ചിരിക്കുന്നത്.

200ലധികം ഷോറൂമുകള്‍

ദക്ഷിണേന്ത്യയ്ക്ക് പുറത്തേക്കും വിപണി വിപുലീകരിക്കുകയാണ് കല്യാണിന്റെ ലക്ഷ്യം. ബീഹാറിലെ പാറ്റ്‌ന, നവദ, സീതാമാരി, ആരാ(Arrah) എന്നിവിടങ്ങളിലും ഹരിയാനയിലെ ഫരീദാബാദ്, പാനിപത്ത്, ഗുജാറാത്തിലെ ആനന്ദ്, ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍, മദ്ധ്യപ്രദേശിലെ ജബല്‍പൂര്‍, മുംബൈയിലെ ചെമ്പൂര്‍ എന്നിവിടങ്ങളിലുമാണ് പുതിയ ഷോറൂമുകള്‍ തുറക്കുന്നത്. ഇതുകൂടാതെ ജമ്മുവിലേക്കും പ്രവേശിച്ചുകൊണ്ട് രണ്ടാം നിര, മൂന്നാം നിര വിപണികളിലേക്കും കടക്കാന്‍ കല്യാണ്‍ ലക്ഷ്യമിടുന്നു.

പുതിയ ഷോറൂമുകള്‍ തുറക്കുന്നതോടെ കല്യാണിന്റെ മൊത്തം ഷോറൂമുകളുടെ എണ്ണം ആഗോളതലത്തില്‍ 200 കടക്കും. നിലവില്‍ 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും നാല് ഗള്‍ഫ് രാജ്യങ്ങളിലും കല്യാണ്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ മാത്രം കല്യാണിന് 76 ഷോറൂമുകളുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ 33 ഷോറൂമുകളും. നടപ്പു സാമ്പത്തിക വര്‍ഷം മൊത്തം 52 ഷോറൂമുകള്‍ തുറക്കാന്‍ ലക്ഷ്യമിടുന്നതായി കല്യാണ്‍ ജുവലേഴ്‌സ് കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.

ഓഹരിയില്‍ ഉയര്‍ച്ച

കഴിഞ്ഞ അഞ്ച് ദിവസമായി താഴ്ചയിലായിരുന്ന കല്യാണ്‍ ഓഹരി ഇന്ന് എന്‍.എസ്.ഇയില്‍ നേരിയ വര്‍ധനയോടെ 171 രൂപയിലെത്തി. 2023 ല്‍ ഇതു വരെ 37.01% നേട്ടമാണ് കല്യാണ്‍ ജുവലേഴ്‌സ് ഓഹരി നിക്ഷേപകര്‍ക്ക് നല്‍കിയത്. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവിലെ നേട്ടം 140.73ശതമാനവും.

കഴിഞ്ഞ മാസം എക്സ്ചേഞ്ചുകളിൽ ഫയൽ ചെയ്ത ആദ്യ പാദ ബിസിനസ് അപ്‌ഡേറ്റിൽ വരുമാനം 31% വർദ്ധിച്ചതായി കമ്പനി റിപ്പോർട്ട് ചെയ്തതിന് ശേഷം, ഓഹരി 52 ആഴ്ചയിലെ ഉയർന്ന നിലവാരം തൊട്ടിരുന്നു.

Tags:    

Similar News