ടൂറിസത്തെ കരകയറ്റാന്‍ അവര്‍ കൂട്ടമായെത്തി, പക്ഷെ...

Update: 2018-12-14 08:59 GMT

പ്രളയത്തില്‍ നിന്ന് ഇനിയും കരകയറിയിട്ടില്ലാത്ത കേരളത്തിലെ ടൂറിസം മേഖലയ്ക്ക് ഇതൊരു വലിയ കുതിച്ചുചാട്ടമായേനെ. പക്ഷെ ആഡംബര കപ്പലില്‍ കൊച്ചിന്‍ പോര്‍ട്ടിലെത്തിയ 1720 വിദേശ ടൂറിസ്റ്റുകളും മൂന്ന് ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റുകളിലായി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ 900ഓളം വിദേശ ടൂറിസ്റ്റുകളും കൊച്ചിയില്‍ കുടുങ്ങിക്കിടക്കുന്നു.

നാട് കാണുന്നതിനും ഷോപ്പിംഗിനുമായാണ് ഇവര്‍ കൂട്ടമായി കേരളത്തിലെത്തിയത്. പ്രളയശേഷം ഇത്രത്തോളം വിദേശവിനോദസഞ്ചാരികള്‍ ഒരുമിച്ചുവരുന്നത് ഇതാദ്യമായാണ്.

കേരളത്തിലെ വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്ക് എട്ട് വ്യത്യസ്തമായ ടൂറുകള്‍ക്കാണ് ഓപ്പറേറ്റര്‍മാര്‍ പദ്ധതിയിട്ടത്. എന്നാല്‍ പെട്ടെന്ന് തീരുമാനിച്ച ഹര്‍ത്താല്‍ ഇവരുടെ പദ്ധതികള്‍ അനിശ്ചിതത്വത്തിലാക്കി. എത്തിയിരിക്കുന്ന വിദേശികള്‍ക്ക് കേരളത്തെക്കുറിച്ച് നെഗറ്റീവ് ഇമേജ് ഉണ്ടായാല്‍ അത് കേരളത്തിന്റെ ടൂറിസം മേഖലയെ പ്രതികൂലമായി ബാധിച്ചേക്കും എന്ന ഭയത്തിലാണ് ഈ മേഖലയിലുള്ളവര്‍.

''കേരളത്തിലെ വിനോദസഞ്ചാരമേഖല ഇനിയും ഉയര്‍ത്തെഴുന്നേറ്റിട്ടില്ല. ഈ സാമ്പത്തിക വര്‍ഷം വലിയ പ്രതീക്ഷയില്ല. അടുത്ത വര്‍ഷത്തോടെ കാര്യങ്ങള്‍ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. അതിന് പക്ഷെ ശക്തമായ നടപടികളാണ് ആവശ്യം. ഹര്‍ത്താല്‍ നടത്താന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവകാശമുണ്ട്. പക്ഷെ അതൊരിക്കലും ജനജീവിതം സ്തംഭിക്കുന്നതാകരുത്. ഹര്‍ത്താലിനും ബന്ദിനും എതികായ നാല് കോടതിവിധികള്‍ നിലവിലുണ്ട്. സര്‍ക്കാര്‍ അത് നടപ്പിലാക്കിയാല്‍ മാത്രം മതി.'' മൂന്ന് ദശകമായി ഈ മേഖലയിലുള്ള ഇന്റര്‍സൈറ്റ് ഹോളിഡേയ്‌സിന്റെ സാരഥി ജോണി ഏബ്രഹാം പറയുന്നു. വിനോസഞ്ചാരമേഖലയെ ഒരു രീതിയിലും ഹര്‍ത്താല്‍ ബാധിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ആവശ്യപ്പെടുന്നു.

കൂടുതൽ വായിക്കാം: വിദേശ ടൂറിസ്റ്റുകളുടെ വളര്‍ച്ചാ നിരക്ക് കുത്തനെ താഴേക്ക്

ഇപ്പോള്‍ യു.കെയില്‍ നിന്ന് എത്തിയിരിക്കുന്ന ടൂറിസ്റ്റുകള്‍ കൊച്ചിയില്‍ രണ്ട് ദിവസങ്ങളാണ് ചെലവഴിക്കുന്നത്. കൊച്ചിയില്‍ ബോട്ട് യാത്ര കൂടാതെ ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, മറൈന്‍ ഡ്രൈവ്, വൈക്കം, കുമ്പളങ്ങി എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. കൊച്ചി മുസിരീസ് ബിനാലെയും സന്ദര്‍ശിക്കും. ആലപ്പുഴ ഹൗസ്‌ബോട്ട് യാത്രയും പദ്ധതിയിലുണ്ട്.

ആഡംബര കപ്പലില്‍ നിരവധി ടൂറിസ്റ്റുകള്‍ വരും നാളുകളില്‍ കൊച്ചിയിലെത്താന്‍ പദ്ധതിയിടുന്നുണ്ട്. കൊച്ചി മുസിരിസ് ബിനാലെയും നിരവധി ടൂറിസ്റ്റുകളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു.

Similar News