ലോക ബാങ്കിന്റെ ഉപസ്ഥാപനം കിഫ്ബിക്ക് നല്‍കുന്നത് 1100 കോടി രൂപയുടെ വായ്പ

Update: 2020-07-01 12:29 GMT

കിഫ്ബി പദ്ധതികള്‍ക്കായി ലോക ബാങ്കിന്റെ ഉപസ്ഥാപനമായ ഇന്റര്‍ നാഷണല്‍ ഫിനാന്‍സ് കോര്‍പറേഷനില്‍ (ഐഎഫ്‌സി) നിന്ന് 1100 കോടി രൂപയുടെ വായ്പയെടുക്കുന്നു. നിലവില്‍ കിഫ്ബിക്ക് ലഭിക്കുന്ന ഫണ്ടിന് നല്‍കുന്ന പലിശയിലും കുറഞ്ഞ നിരക്കില്‍ വായ്പ ഉറപ്പാക്കാനാകുമെന്ന് കിഫ്ബി വൈസ് ചെയര്‍മാന്‍ കൂടിയായ ധനമന്ത്രി ടി എം തോമസ് ഐസക് വ്യക്തമാക്കി.

സര്‍ക്കാരുകള്‍ക്കു മാത്രമാണ് ലോക ബാങ്ക് വായ്പ നല്‍കുന്നത്.പരിസ്ഥിതി സൗഹൃദ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായാണ് ഐഎഫ്‌സി വായ്പ ലഭ്യമാകുക.  ഏഷ്യന്‍ വികസന ബാങ്ക്, ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ- ഓപ്പറേഷന്‍ ഏജന്‍സി (ജൈക്ക) തുടങ്ങിയ രാജ്യാന്തര ധനസ്ഥാപനങ്ങളുമായി സഹകരിക്കാനുള്ള സാഹചര്യവും ഇതിലൂടെ ഒരുങ്ങുമെന്ന് ഐസക് പറഞ്ഞു.

വയനാട് ജില്ലയ്ക്കായി പ്രഖ്യാപിച്ച കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതിക്കും ജലപാത വികസനം തുടങ്ങിയ പദ്ധതികള്‍ക്കും ഐഎഫ്സി വായ്പ ഉപയോഗിക്കാനാകും. പൊതു- സ്വകാര്യ പങ്കാളിത്തമുള്ള (പിപിപി) പദ്ധതികള്‍ കിഫ്ബിയിലൂടെ നടപ്പാക്കുമ്പോള്‍ ഐഎഫ്‌സിയുടെ സാങ്കേതിക സഹായം സ്വീകരിക്കുന്നതിനും കിഫ്ബിക്ക് കഴിയും. ഇതിനും കിഫ്ബി യോഗം അംഗീകാരം നല്‍കി.

കേരള പുനര്‍നിര്‍മാണ സംരംഭ (റീബില്‍ഡ് കേരള ഇന്‍ഷ്യേറ്റീവ്) പദ്ധതികള്‍ക്കുള്ള 2000 കോടി രൂപയുടെ ഫണ്ട് കിഫ്ബിവഴി  കണ്ടെത്താന്‍ ഡയസ്പോറ ബോണ്ട് ഇറക്കുമെന്നും പ്രവാസികള്‍ക്ക് ഇത് മികച്ച നിക്ഷേപ അവസരമൊരുക്കുമെന്നും കിഫ്ബി സിഇഒ ഡോ. കെ എം എബ്രഹാം പറഞ്ഞു. ചെറുകിട നിക്ഷേപകര്‍ക്കും വ്യക്തികള്‍ക്കും ബോണ്ട് വാങ്ങാനാകും. മസാല ബോണ്ടില്‍ നിക്ഷേപ സ്ഥാപനങ്ങള്‍ക്കു മാത്രമായിരുന്നു അവസരം.

സംസ്ഥാന വികസന വായ്പാ (എസ്ഡിഎല്‍) വിതരണത്തിലൂടെ വിപണിയില്‍ നിന്ന് കേരളം 1000 കോടി രൂപ കഴിഞ്ഞ ദിവസം സമാഹരിച്ചിരുന്നു. റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ടത്തില്‍ നടന്ന ലേലത്തില്‍ ലക്ഷ്യമിട്ടതിന്റെ ഇരട്ടി തുകയാണ് നിരക്കുകള്‍ താഴ്ന്നു നിന്നതിനാല്‍ സംസ്ഥാനം സമാഹരിച്ചത്.

അഞ്ചു വര്‍ഷത്തെ എസ്ഡിഎല്‍ ആണ് 5.53 ശതമാനം നിരക്കില്‍ കേരളം വിതരണം ചെയ്തത്.ആദ്യം, 500 കോടി രൂപയുടെ എസ്ഡിഎല്ലുകള്‍ മാത്രമേ നല്‍കൂ എന്ന് കേരളം അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് 500 കോടി രൂപ കൂടി സമാഹരിക്കാന്‍ തീരുമാനിച്ചു. ഏപ്രില്‍ 7 ന് നടന്ന ആദ്യ ലേലത്തില്‍ നിക്ഷേപകര്‍ 8.96 ശതമാനം വരെ ഉയര്‍ന്ന നിരക്കാണ് ആവശ്യപ്പെട്ടത്.

കഴിഞ്ഞ തവണത്തെ ലേലത്തില്‍ 150 ബിപിഎസ് ആയിരുന്ന നിരക്ക് ഇത്തവണ 55-65 ബിപിഎസ് ആയി കുറഞ്ഞതു മൂലം എസ്ഡിഎല്‍ ലേലത്തില്‍ പങ്കെടുത്ത ഏഴ് സംസ്ഥാനങ്ങളില്‍, കേരളം ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളും വായ്പയെടുക്കാന്‍ മുന്‍കൂട്ടി അറിയിച്ച തുകയില്‍ നിന്നും കൂടുതല്‍ സ്വീകരിച്ചു.ഗുജറാത്ത് 500 കോടി രൂപ അധികമായി സ്വീകരിച്ചപ്പോള്‍ മഹാരാഷ്ട്ര 1000 കോടി രൂപ അധികമായി സ്വീകരിച്ചു. രാജസ്ഥാനും തമിഴ്‌നാടും ഇത്തവണ വിവിധ എസ്ഡിഎലുകളിലൂടെ 500 രൂപ വീതം അധികമായി സ്വീകരിച്ചു. അതോടെ തുടക്കത്തില്‍ അറിയിച്ച 9000 രൂപയില്‍ നിന്ന് സംസ്ഥാനങ്ങള്‍ സമാഹരിച്ച മൊത്തം തുക 12,000 കോടി രൂപയിലെത്തി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News