ഓഹരി വിപണിയിലെ ഇപ്പോളത്തെ കുതിപ്പ് അടുത്ത വര്‍ഷം ഉണ്ടാകില്ല: കൊട്ടക് സെക്യൂരിറ്റീസ്

ഓഹരി വിപണിയില്‍ ഇപ്പോള്‍ കാണുന്ന വന്‍ കുതിപ്പ് അടുത്ത വര്‍ഷത്തില്‍ തുടര്‍ന്നേക്കില്ലെന്ന് മുന്നറിയിപ്പ്

Update:2020-12-17 10:54 IST

ഓഹരി വിപണിയില്‍ ഇപ്പോള്‍ കാണുന്ന വന്‍ കുതിപ്പ് അടുത്ത വര്‍ഷത്തില്‍ തുടരാനുള്ള സാധ്യത ഇല്ലെന്നും നിഫ്റ്റി ഫ്‌ളാറ്റ് ആയി കാണപ്പെടാനുമാണ് സാധ്യതയെന്നും ഇന്ത്യയിലെ പ്രമുഖ ബ്രോക്കറേജ് കമ്പനികളില്‍ ഒന്നായ കൊട്ടക് സെക്യൂരിറ്റീസ് അഭിപ്രായപ്പെട്ടു.

ബിഎസ്ഇ ബെഞ്ച്മാര്‍ക്ക് സെന്‍സെക്‌സ് 2021 അവസാനത്തോടെ 46,000 പോയിന്റിലെത്തുമെന്ന് കൊട്ടക് സെക്യൂരിറ്റീസ് പറഞ്ഞു. ബുധനാഴ്ച വിപണി അവസാനിച്ചത് 46,666 പോയിന്റ് എന്ന നിലയിലാണ്. ലോകത്തെ പ്രധാനപ്പെട്ട സെന്‍ട്രല്‍ ബാങ്കുകളുടെ നിലപാടിലുള്ള മാറ്റമാണ് ഇതിനുള്ള പ്രധാന കാരണമായി കൊട്ടക് ചൂണ്ടിക്കാണിക്കുന്നത്.

അടുത്ത വര്‍ഷം കോവിഡ് വാക്‌സിന്‍ എത്തുകയും അണുബാധകള്‍ കുറയുകയും ചെയ്താല്‍ സാമ്പത്തിക ഉത്തേജന നടപടികള്‍ സെന്‍ട്രല്‍ ബാങ്കുകള്‍ നിര്‍ത്തി വെക്കും. അതോടെ ലിക്യുഡിറ്റിയിലുള്ള വര്‍ദ്ധനവുമായി ബന്ധപെട്ടു നടക്കുന്ന ഇപ്പോഴത്തെ റാലി കുറയാനുള്ള സാധ്യതയാണ് ബ്രോക്കറേജ് കാണുന്നത്.

പകര്‍ച്ചവ്യാധി വന്നതിനു തൊട്ടുപിന്നാലെ ഓഹരി വിപണി 40 ശതമാനം നഷ്ടം നേരിട്ടതായും മാര്‍ച്ച് അവസാനത്തോടെ അതിന്റെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതായും വിശകലന വിദഗ്ധര്‍ പറഞ്ഞു. എന്നാല്‍ വിദേശ നിക്ഷേപകരുടെ പിന്‍ബലത്തില്‍ പിന്നീട് 80 ശതമാനം നേട്ടം കൈവരിച്ചു.
കഴിഞ്ഞ ഒന്‍പത് മാസത്തിനിടെ നിഫ്റ്റിയില്‍ 80 ശതമാനം മുന്നേറ്റം നടന്നതിന്റെ അടിസ്ഥാനത്തില്‍ ആണ് നിഫ്റ്റി ഫ്‌ലാറ്റ് ആയിരിക്കും അടുത്ത വര്‍ഷത്തില്‍ എന്ന് പ്രതീക്ഷിക്കുന്നതായി ബ്രോക്കറേജിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവുമായ ജയ്ദീപ് ഹന്‍സ്രാജ് പറഞ്ഞു.

ബജറ്റ് ആയി ബന്ധപെട്ടു അടുത്ത വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ചില നേട്ടങ്ങള്‍ ഉണ്ടാകുമെങ്കിലും തുടര്‍ന്ന് സെന്‍ട്രല്‍ ബാങ്കുകള്‍ ഉത്തേജന നടപടികള്‍ മരവിപ്പിക്കുമ്പോള്‍ സ്‌റ്റോക്ക് മാര്‍ക്കറ്റ് ഒരു കറക്ഷന് വിധേയമാകുമെന്നാണ് ഗവേഷണ വിദഗ്ധന്‍ റുസ്മിക് ഓസ പറയുന്നത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഓഹരി വിപണി നേട്ടമുണ്ടാക്കിയപ്പോള്‍ പല നിരീക്ഷകരും വിപണികളും യഥാര്‍ത്ഥ സാമ്പത്തിക പ്രവര്‍ത്തനങ്ങളും തമ്മിലുള്ള ബന്ധമില്ലായ്മയില്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഈ വര്‍ഷത്തില്‍ 7 ശതമാനത്തിലധികം സാമ്പത്തിക വളര്‍ച്ച ചുരുങ്ങുന്ന സാഹചര്യത്തില്‍ ഉള്ള സ്‌റ്റോക്ക് മാര്‍ക്കറ്റ് ഉയര്‍ച്ച ആണവര്‍ ചൂണ്ടിക്കാട്ടിയത്.

ചെറിയ കാലയളവില്‍ നോക്കുമ്പോള്‍ സ്‌റ്റോക്കുകളുടെ മൂല്യനിര്‍ണ്ണയം അധികമായി തോന്നാമെങ്കിലും ഒരു നിക്ഷേപകന്‍ രണ്ടു വര്‍ഷത്തെ കാഴ്ചപ്പാട് ആണുള്ളതെങ്കില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലായെന്നും ഓസ പറഞ്ഞു.

നിലവിലെ റാലിയില്‍ മികച്ച പത്ത് ഓഹരികള്‍ നിക്ഷേപകര്‍ വാങ്ങികൂട്ടിട്ടുണ്ടെന്നും ഭാവിയില്‍ പ്രവര്‍ത്തനങ്ങള്‍ സാധാരണമാകുന്നത് മറ്റ് പല സ്‌റ്റോക്കുകളും തിരഞ്ഞെടുക്കുന്നതിന് സഹായകരമാകുമെന്നും ഹന്‍സ്‌രാജ് പറഞ്ഞു.

കറന്‍സികളിലെ ചലനങ്ങള്‍, എണ്ണവില, കോവിഡ് വാക്‌സിന്‍, ആഭ്യന്തര പണപ്പെരുപ്പ സാഹചര്യം, പലിശ നിരക്ക് എന്നിവയാണ് ശ്രദ്ധിക്കേണ്ട മറ്റ് ഘടകങ്ങള്‍.

വിദേശ സ്ഥാപന നിക്ഷേപകര്‍ ഈ വര്‍ഷം ഇതുവരെ 19 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ട്. അടുത്ത വര്‍ഷവും ഇത് 1520 ബില്യണ്‍ ഡോളറായിരിക്കുമെന്ന് ബ്രോക്കറേജ് കണക്കുകൂട്ടുന്നു.

സാമ്പത്തിക മേഖലയിലെ സമ്മര്‍ദ്ദം, ദുര്‍ബലമായ നിക്ഷേപ ചക്രം, ലിക്യുഡിറ്റിയിലുള്ള പ്രതികൂല പ്രശ്‌നങ്ങള്‍ എന്നിവയാണ് അടുത്ത വര്‍ഷം വിപണി നേരിടാന്‍ പോകുന്ന പ്രധാന പ്രശ്‌നങ്ങള്‍. എന്നാല്‍ വന്‍ തോതിലുള്ള തിരുത്തലിനുള്ള സാധ്യത വളരെ കുറവാണെന്ന് ഹന്‍സ്‌രാജ് ചൂണ്ടികാണിച്ചു.

തിരഞ്ഞെടുത്ത ബാങ്കിംഗ് ഓഹരികള്‍, ക്യാപിറ്റല്‍ ഗുഡ്‌സ് കമ്പനികള്‍, സിമന്റ്, തിരഞ്ഞെടുത്ത ഉപഭോക്തൃ ഉല്‍പ്പന്ന കമ്പനികള്‍, എണ്ണ, വാതകം, യൂട്ടിലിറ്റികള്‍, ലോഹങ്ങള്‍, ഖനന മേഖലയിലെ ഓഹരികള്‍ എന്നിവക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്ന് ബ്രോക്കറേജ് പറഞ്ഞു.

കൊറോണ സമയത്ത് പ്രതിമാസം 10 ലക്ഷത്തിലെത്തിയ പുതിയ ഡിമാറ്റ് അക്കൗണ്ട് ഓപ്പണിംഗ് 2021ലും തുടരുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് ഹന്‍സ്രാജ് കൂട്ടിച്ചേര്‍ത്തു.


Tags:    

Similar News