മാന്ദ്യം മറികടക്കാനോ ലുലു ഗ്രൂപ്പിന്റെ തന്ത്രപരമായ ഓഹരി വിൽപ്പന ?

Update: 2020-04-23 04:58 GMT

ലോകത്തെ വമ്പന്‍ കമ്പനികളായ റിലയന്‍സും ഫേസ്ബുക്കും ഇന്ത്യയില്‍ ദൂരവ്യാപക ഫലങ്ങളുളവാക്കുന്ന കൂട്ടുക്കെട്ട് ഉണ്ടാക്കിയതിന് തൊട്ടുപിന്നാലെ ഗള്‍ഫ് മേഖലയില്‍ നിന്ന് സമാനമായ മറ്റൊരു പങ്കാളിത്ത വാര്‍ത്ത കൂടി. പ്രമുഖ പ്രവാസി മലയാളി വ്യവസായി എം എ യൂസഫലി സാരഥ്യം നല്‍കുന്ന ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ 20 ശതമാനം ഓഹരികള്‍ അബുദാബി രാജകുടുംബാംഗം വാങ്ങിയിരിക്കുകയാണ്. 

സമീപകാലത്ത് യുഎഇയില്‍ നടന്ന ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നാണിത്. റോയല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കൂടിയായ ഷെയ്ഖ് താനൂന്‍ ബിന്‍ സെയ്ദ് അല്‍ നഹ്യാനാണ് 100 കോടി ഡോളറിന്റെ നിക്ഷേപം, അതായത് ഏകദേശം 7600 കോടി രൂപ, ലുലു ഗ്രൂപ്പില്‍ നടത്തിയിരിക്കുന്നത്. 

യുഎഇയിലെ ഏറ്റവും വലിയ ബാങ്കായ ഫസ്റ്റ് അബുദാബി ബാങ്കിന്റെ (എഫ് എബി) ചെയര്‍മാന്‍ കൂടിയാണ് ഷെയ്ഖ് താനൂന്‍. എന്നാല്‍ ഇതേ കുറിച്ച് ലുലു ഗ്രൂപ്പ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 

ഇരുകൂട്ടര്‍ക്കും ഗുണകരമാകുന്ന പങ്കാളിത്തം

ലുലു ഗ്രൂപ്പിനും അബുദാബി രാജകുടുംബത്തിനും ഒരു പോലെ ഗുണകരമാകുന്ന കൂട്ടുകെട്ടാകും ഇതെന്ന് നിരീക്ഷകര്‍ പറയുന്നു. ഗള്‍ഫ് മേഖലയില്‍ ഓയ്ല്‍ ബൂം വരുന്നതിന് മുമ്പേ റീറ്റെയ്ല്‍ രംഗത്ത് കാലുറപ്പിച്ച പ്രവാസി മലയാളിയാണ് എം എ യൂസഫലി. ഗള്‍ഫ് യുദ്ധകാലത്തും ആ രാജ്യത്തെ വിട്ടുപോകാതിരുന്ന യൂസഫലി പിന്നീട് ലോകമെമ്പാടും പടര്‍ന്നു പന്തലിച്ച റീറ്റെയ്ല്‍ ബിസിനസ് കെട്ടിപ്പടുക്കുകയായിരുന്നു.

ഹോസ്പിറ്റാലിറ്റി, റിയല്‍ എസ്റ്റേറ്റ് മേഖലകളില്‍ ഇതിനകം ശക്തമായ സാന്നിധ്യമായി ലുലു ഗ്രൂപ്പ് മാറിയിട്ടുണ്ട്. 

അബുദാബി രാജകുടുംബത്തെ സംബന്ധിച്ചാണെങ്കില്‍ എണ്ണ ഇതര മേഖലയില്‍ കൂടുതല്‍ പ്രാധാന്യം നല്‍കേണ്ട സാഹചര്യമാണിപ്പോള്‍. അന്താരാഷ്ട്ര തലത്തിലെ എണ്ണ വില ഇടിവും കോവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക മാന്ദ്യവും എല്ലാ ബിസിനസുകളെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. എണ്ണ ഇതര മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായാണ് അബുദാബി രാജകുടുംബം ലുലു ഗ്രൂപ്പില്‍ ഇപ്പോള്‍ നിക്ഷേപം നടത്തിയിരിക്കുന്നത്. 

യുഎഇ രാജകുടുബത്തിന്റെ ഓഹരി പങ്കാളിത്തം ലുലു ഗ്രൂപ്പിന് ഗള്‍ഫ് മേഖലയിലും ലോകത്തിന്റെ ഇതര ഭാഗത്തും ഇനിയും പ്രവര്‍ത്തനം ശക്തമാക്കാന്‍ സാധിക്കും. രാജകുടുംബത്തിന്റെ ഓഹരി പങ്കാളിത്തം കൂടി വരുന്നതോടെ ലുലു ഗ്രൂപ്പിന് കരുത്തേറും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News