സിഎന്‍ജി വാഹന വില്‍പ്പനയിലും ഈ നിര്‍മാതാക്കാള്‍ തന്നെ മുന്നില്‍

2021 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് 1.57 ലക്ഷം യൂണിറ്റുകളാണ് ഈ വിഭാഗത്തില്‍ വിറ്റഴിച്ചത്

Update: 2021-04-15 03:15 GMT

രാജ്യത്തെ സിഎന്‍ജി വാഹന വില്‍പ്പനയില്‍ എക്കാലത്തെയും ഉയര്‍ന്ന നേട്ടവുമായി മാരുതി സുസുകി ഇന്ത്യ. 2021 സാമ്പത്തിക വര്‍ഷത്തില്‍ 1.57 ലക്ഷം യൂണിറ്റ് സിഎന്‍ജി വാഹനങ്ങളാണ് മാരുതി സുസുകി ഇന്ത്യയില്‍ വിറ്റഴിച്ചത്. രാജ്യത്തെ ജനപ്രിയ വാഹന നിര്‍മാതാക്കള്‍ 2019-20 സാമ്പത്തിക വര്‍ഷത്തിലെ സിഎന്‍ജി യൂണിറ്റുകളുടെ വില്‍പ്പന 1,06,444 ആയിരുന്നു.

ആള്‍ട്ടോ, സെലെറിയോ, വാഗണ്‍ആര്‍, എസ്‌പ്രെസ്സോ, ഇക്കോ, എര്‍ട്ടിഗ, ടൂര്‍ എസ്, സൂപ്പര്‍ കാരി തുടങ്ങിയവയാണ് മാരുതി സുസുകിയുടെ സിഎന്‍ജി വാഹനങ്ങള്‍.
'പെട്രോളിന്റെയും ഡീസലിന്റെയും ഉയര്‍ന്ന വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ സിഎന്‍ജി ഏറ്റവും ഇഷ്ടപ്പെടുന്ന ഇതര ഇന്ധനങ്ങളിലൊന്നായി മാറുന്നു. സിഎന്‍ജി പവര്‍ വാഹനങ്ങളുടെ വിശാലമായ ഓപ്ഷനുകള്‍ മാരുതി സുസുകി ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.' മാരുതി സുസുകി ഇന്ത്യ എക്‌സിക്യുട്ടീവ് ഡയറക്റ്റര്‍ (മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയ്ല്‍സ്) ശശങ്ക് ശ്രീവാസ്തവ പറഞ്ഞു.
രാജ്യത്ത് സിഎന്‍ജി ഔട്ട്‌ലെറ്റുകള്‍ വ്യാപിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ വ്യക്തമായ ശ്രദ്ധ കേന്ദ്രീകരിക്കുന്നതോടെ, സിഎന്‍ജി വാഹനങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കുമെന്ന് കമ്പനിക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തെ മൊത്തം എനര്‍ജിയിലെ പ്രകൃതിവാതകത്തിന്റെ വിഹിതം ഇപ്പോഴുള്ള 6.2 ശതമാനത്തില്‍ നിന്ന് 2030 ഓടെ 15 ശതമാനമായി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
രാജ്യത്തൊട്ടാകെയുള്ള സിഎന്‍ജി സ്‌റ്റേഷനുകളുടെ വ്യാപനത്തിനായി പെട്രോളിയം പ്രകൃതി വാതക മന്ത്രാലയവും ഗ്യാസ് വ്യവസായവും ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 700 ലധികം സ്‌റ്റേഷനുകളാണ് പുതുതായി തുടങ്ങിയത്. 50 ശതമാനത്തിലധികം വളര്‍ച്ചയാണിതെന്ന് മാരുതി സുസുകി ഇന്ത്യ പറഞ്ഞു.
നിലവില്‍ രാജ്യത്തുടനീളം 2,800 സിഎന്‍ജി സ്‌റ്റേഷനുകളാണുള്ളത്. അടുത്ത എട്ട് വര്‍ഷത്തിനുള്ളില്‍ ഇവയുടെ എണ്ണം 10,000 എണ്ണം കടക്കാന്‍ സാധ്യതയുണ്ട്.


Tags:    

Similar News