ആദ്യത്തെ ഇന്ത്യൻ ഗെയിമിംഗ് ടെക്നോളജി ഐപിഓ ആയി ജുൻജുൻവാലയുടെ പിന്തുണയുള്ള നസറ വരുന്നു

ജുജുൻ‌വാലയ്‌ക്ക് പുറമേ പ്ലൂട്ടസ് വെൽത്ത് മാനേജ്‌മെന്റ്, ഐ‌ഐ‌എഫ്‌എൽ സ്പെഷ്യൽ ഓപ്പർച്യുണിറ്റിസ് ഫണ്ട്, ആമ എന്റർ‌ടൈൻ‌മെന്റ് എന്നിവരാണ് മറ്റ് പ്രധാന നിക്ഷേപകർ.

Update: 2021-01-18 11:20 GMT

പ്രമുഖ നിക്ഷേപകനായ രാകേഷ് ജുൻജുൻവാലയുടെ പിന്തുണയുള്ള നസറ ടെക്നോളജീസ് ഇനിഷ്യൽ പബ്ലിക്ക് ഓഫറുമായി (ഐപിഓ) എത്തുന്ന ആദ്യത്തെ ഇന്ത്യൻ ഗെയിമിംഗ് ടെക്നോളജി കമ്പനിയായി. മുംബൈ ആസ്ഥാനമായുള്ള മൊബൈൽ ഗെയിമിംഗ് കമ്പനി അവരുടെ ഐപിഓ രേഖകൾ മാർക്കറ്റ് റെഗുലേറ്റർക്ക് വെള്ളിയാഴ്ച ഫയൽ ചെയ്തു.

ഗെയിമർ നിതീഷ് മിറ്റെർസെയ്ൻ 2000-ൽ സ്ഥാപിച്ച നസറ ഇന്ത്യയിലെ ഏറ്റവും വലിയ ഇന്റർആക്റ്റീവ് ഗെയിമിംഗ്, സ്പോർട്സ് മീഡിയ കമ്പനികളിൽ ഒന്നാണ്.
ലോക ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്, ഛോട്ടാ ഭീം, മോട്ടു പട്‌ലു സീരീസുകളിലെ ഗെയിമുകൾ വഴി പ്രസിദ്ധി ആർജിച്ചതാണ് നസറ.
നാസറായുടെ അനുബന്ധ കമ്പനിയായ നോഡ്വിൻ ഗെയിമിംഗ് രാജ്യത്തുടനീളം നിരവധി ഗെയിമിംഗ് ഇനങ്ങൾ നടത്തുന്നു.
ഇന്ത്യ, ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, സൗത്ത് ഈസ്റ്റ് ഏഷ്യ, ലാറ്റിൻ അമേരിക്ക എന്നിവയുൾപ്പെടെ വളർന്നുവരുന്ന വിപണികളിലായി 60-ലധികം രാജ്യങ്ങളിൽ ഇവർ പ്രവർത്തിക്കുന്നു.
കമ്പനിയുടെ പ്ലാറ്റ്ഫോം സബ്സ്ക്രിപ്ഷൻ ബിസിനസ്, ഫ്രീമിയം ബിസിനസ്, എസ്പോർട്സ് ബിസിനസ് എന്നിവ ഉൾപ്പെടുന്ന നിരവധി വിഭാഗങ്ങൾ കൈകാര്യം ചെയ്യുന്നു. സ്മാർട്ട്‌ഫോൺ ഗെയിമിംഗിലെ കുതിച്ചുചാട്ടം മൂലം നസറ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ദശലക്ഷക്കണക്കിന് വരിക്കാരുടെ ശക്തമായ ഒരു ശൃംഖല കെട്ടിപ്പടുത്തു.
ഗെയിമിംഗ്, സ്‌പോർട്‌സ് മീഡിയ മേഖലയിലെ തങ്ങളുടെ സ്വാധീനം ശക്തിപ്പെടുത്തുന്നതിനായി നസറ വിവിധ ഗെയിമിംഗ് വിഭാഗങ്ങളിൽ നിക്ഷേപങ്ങളും ഏറ്റെടുക്കലുകളും വര്ഷങ്ങളായി നടത്തി വരുന്നു. 
അങ്ങനെ നടത്തിയ നിക്ഷേപങ്ങളിൽ ചിലത് എസ്‌പോർട്ടുകൾ, എഡ്യൂടൈൻമെന്റ്, ഇൻഫോടെയ്ൻമെന്റ്, ഫാന്റസി സ്പോർട്സ്, മൾട്ടിപ്ലെയർ ഗെയിമുകൾ, കാരം, മൊബൈൽ ക്രിക്കറ്റ് ഗെയിമുകൾ എന്നി മേഖലകളിലാണ്.
മൊബൈൽ ഗെയിമുകളിൽ ഡബ്ല്യു.സി.സി, കരോംക്ലാഷ്, ഗാമിഫൈഡ് ആദ്യകാല പഠനത്തിലെ കിഡോപ്പിയ, എസ്‌പോർട്‌സ് ആന്റ് സ്‌പോർട്‌സ് മീഡിയയിലെ നോഡ്‌വിൻ, സ്‌പോർട്‌സ്കീഡ, നൈപുണ്യം അടിസ്ഥാനമാക്കിയുള്ള, ഫാന്റസി, ട്രിവിയ ഗെയിമുകളിൽ ഹാലാപ്ലേ, ഖുനാമി എന്നിവയുൾപ്പെടെയുള്ള ഐപികൾ കമ്പനി സ്വന്തമാക്കി.
ജുജുൻ‌വാലയ്‌ക്ക് പുറമേ പ്ലൂട്ടസ് വെൽത്ത് മാനേജ്‌മെന്റ്, ഐ‌ഐ‌എഫ്‌എൽ സ്പെഷ്യൽ ഓപ്പർച്യുണിറ്റിസ് ഫണ്ട്, ആമ എന്റർ‌ടൈൻ‌മെന്റ് എന്നിവരാണ് മറ്റ് പ്രധാന നിക്ഷേപകർ.
പ്രാരംഭ പബ്ലിക് ഓഫറിംഗിനായി കമ്പനിക്ക് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ നിന്ന് അനുമതി ലഭിച്ചത് 2018-ലായിരുന്നു.
നസറ ടെക്നോളജീസ് 2019 സാമ്പത്തിക വർഷത്തിൽ നേടിയ ഏകീകൃത വരുമാനം 183 കോടി ഡോളറായിരുന്നു. 2018-ൽ 180 കോടി രൂപയുടെ വരുമാനമാണ് കമ്പനി നേടിയത്.
ഇന്ത്യയിലെ ആദ്യത്തേതും ഏറ്റവും വലുതുമായ സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് ദാതാക്കളായ സ്റ്റാർ ഹെൽത്ത് ഇൻഷുറൻസും ഈ വർഷം തങ്ങളുടെ ഇനിഷ്യല്‍ പബ്ലിക് ഓഫറുമായി എത്തുമെന്ന് റിപോർട്ടുകൾ ഉണ്ടായിരുന്നു. ഈ കമ്പനിയിലും രാകേഷ് ജുൻജുൻവാലക്ക് നിക്ഷേപമുണ്ട്.
2018 ഓഗസ്റ്റിൽ വെസ്റ്റ്ബ്രിഡ്ജ് എഐഎഫ്, രാകേഷ് ജുൻജുൻവാല, മാഡിസൺ ക്യാപിറ്റൽ എന്നിവയുൾപ്പെടെയുള്ള നിക്ഷേപകരുടെ കൺസോർഷ്യമായ സേഫ്ക്രോപ്പ് ഹോൾഡിംഗ്സ് പ്രൈവറ്റ് ലിമിറ്റഡ് സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡിന്റെ ഓഹരി ഉടമകളുമായി 90 ശതമാനം ഓഹരികൾ വാങ്ങുന്നതിന് കരാർ ഒപ്പിട്ടു.
ഇന്ത്യൻ കമ്പനികൾ കഴിഞ്ഞ വര്ഷം ഐപിഓ വഴി സമാഹരിച്ച തുക ഏകദേശം 30,000 കോടി രൂപയാണ്. 2020-ൽ നിരവധി കമ്പനികളുടെ ഐപിഓ വിജയമായതോടെ കൂടുതൽ സ്ഥാപനങ്ങൾ ഈ വർഷവും ഓഹരി വിപണിയിൽ തങ്ങളുടെ ഓഫറുമായി എത്തുന്നുണ്ട്.
ഈ വർഷം ഐപിഓ ആയി രംഗത്ത് വരുമെന്ന് പ്രതീക്ഷിക്കുന്ന ചില കമ്പനികൾ ഇവയാണ്: ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ, എച്ച്ഡിബി ഫിനാൻഷ്യൽ സർവീസസ്, കല്യാൺ ജൂവലേഴ്‌സ്, ഐസ്മാൾ ഫിനാൻസ് ബാങ്ക്, സൊമാറ്റോ, ഗ്രോഫെർസ്, ബാർബിക്യൂ നേഷൻ, സ്റ്റ്ഡ്സ് ആക്‌സസറിസ്.


Tags:    

Similar News