കേരളം വിടില്ല, 600 പുതിയ നിയമനങ്ങളുമായി ബൈജൂസ്

3000 ജീവനക്കാരാണ് കേരളത്തില്‍ ബൈജൂസിനുള്ളത്

Update: 2022-10-31 04:31 GMT

കേരളം വിടില്ലെന്ന് പ്രമുഖ എഡ്‌ടെക്ക് പ്ലാറ്റ്‌ഫോമായ ബൈജൂസ് (Byju's- Think& Learn Pvt). കേരളത്തില്‍ 600 പുതിയ നിയമനങ്ങള്‍ നടത്തുമെന്നും കമ്പനി വ്യക്തമാക്കി. തിരുവനന്തപുരത്തെ ഓഫീസ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിനെ തുടര്‍ന്ന്, കമ്പനി കേരളം വിടുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് വിശദീകരണവുമായി ബൈജൂസ് എത്തിയത്.

ട്യൂഷന്‍ സെന്ററുകളും ഓഫീസുകളുമായി 14 കേന്ദ്രങ്ങളാണ് ബൈജൂസിന് കേരളത്തിലുള്ളത്. 3,000 ജീവനക്കാരും കമ്പനിക്ക് കേരളത്തിലുണ്ട്. സംസ്ഥാനത്ത് മൂന്ന് പുതിയ കേന്ദ്രങ്ങള്‍ കൂടി ആരംഭിക്കുമെന്നും ബൈജൂസ് വ്യക്തമാക്കി. ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ്‌ ബൈജൂസ് തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ഓഫീസിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ്.

തിരുവനന്തപുരം ഓഫീസിലെ ജീവനക്കാരോട് ബംഗളൂരുവിലേക്ക് മാറാനാണ് ജൈബൂസ് ആവശ്യപ്പെട്ടത്. അല്ലാത്തവര്‍ക്ക് ജോലി നഷ്ടമാവും. കമ്പനിയുടെ നടപടിയില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്തെ ജീവനക്കാര്‍ മന്ത്രി വി ശിവന്‍കുട്ടിക്ക് പരാതി നല്‍കിയിരുന്നു. 2023 മാര്‍ച്ചോടെ ലാഭത്തിലാവുക എന്ന ലക്ഷ്യത്തോടെയാണ് ബൈജൂസ് ചെലവുചുരുക്കല്‍ നടപടികള്‍ കടുപ്പിച്ചത്.

2020-21 സാമ്പത്തിക വര്‍ഷം 4,500 കോടി രൂപയായിരുന്നു കമ്പനിയുടെ നഷ്ടം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വരുമാനം 83 കോടി രൂപ കുറഞ്ഞ് 2,428 കോടി രൂപയിലെത്തി. 2021-22 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടുമില്ല. ആറുമാസത്തിനുള്ളില്‍ 2500 ജീവനക്കാരെ കൂടി പറഞ്ഞുവിടുമെന്ന് ഈ മാസം ആദ്യം ബൈജൂസ് അറിയിച്ചിരുന്നു. ഏകദേശം 50000 ജീവനക്കാരാണ് ബൈജ്യൂസിലുള്ളത്. നിലവില്‍ ജീവനക്കാരെ പുനര്‍വിന്യസിക്കുകയാണ് കമ്പനി.

Tags:    

Similar News