ഓല ഐ.പി.ഒ ഓഗസ്റ്റ് 2ന്, ഇലക്ട്രിക് കാര്‍ നിര്‍മാണത്തില്‍ നിന്ന് തല്‍ക്കാലം പിന്‍വാങ്ങുന്നതായി സൂചന

ഓഫര്‍ ഫോര്‍ സെയില്‍ വഴി 5,000 കോടി രൂപയാണ് സമാഹരിക്കുന്നത്

Update:2024-07-27 13:21 IST

മുന്‍നിര ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ഓല ഇലക്ട്രിക്കിന്റെ പ്രാരംഭ ഓഹരി വില്‍പ്പന (IPO) ഓഗസ്റ്റ് രണ്ടിന്. കമ്പനി സ്റ്റോക്ക്  എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയതനുസരിച്ച് 420-440 കോടി ഡോളര്‍ മൂല്യം കണക്കാക്കിയാണ് ഓഹരിവില്‍പ്പന. ഓഗസ്റ്റ് ആറിന് ഐ.പി.ഒ അവസാനിക്കും. ഓഗസ്റ്റ് 9നാണ് ലിസ്റ്റിംഗ് പ്രതീക്ഷിക്കുന്നത്. ഇതോടെ ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുന്ന ആദ്യ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായി ഓല മാറും.

ഇലക്ട്രിക് കാറുകള്‍ അവതരിപ്പിക്കാനും ഓല ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ ഐ.പി.ഒയുടെ പശ്ചാത്തലത്തില്‍ അതില്‍ നിന്ന് തല്‍ക്കാലം പിന്‍വാങ്ങുന്നതായി ഓലയുമായി ബന്ധപ്പെട്ട വൃത്തങ്ങളെ അധികരിച്ച് സി.എന്‍.ബി.സി റിപ്പോര്‍ട്ട് ചെയ്തു.
 5,500 കോടി രൂപ സമാഹരിക്കും 
പുതിയ ഓഹരികളിറക്കി 5,500 കോടി രൂപയാണ് പ്രാഥമിക വിപണിയില്‍ നിന്ന് ഓല ഇലക്ട്രിക് സമാഹരിക്കുക. 2023 ഡിസംബറിലാണ് കമ്പനി ഐ.പി.ഒയ്ക്കുള്ള രേഖകള്‍ (DRHP) സമര്‍പ്പിച്ചത്. പത്തു രൂപ മുഖവിലയുള്ള 9.52 കോടി ഓഹരികളാണ് നിലവിലെ നിക്ഷേപകരുടെ ഓഹരികള്‍ വിറ്റഴിക്കുന്ന ഓഫര്‍ ഫോര്‍ സെയില്‍ (OFS) വഴി ലഭ്യമാക്കുക. ഇതില്‍ ഓല ഇലക്ട്രിക് സ്ഥാപകന്‍ ഭവിഷ് അഗര്‍വാള്‍ 3.79 കോടി ഓഹരികള്‍ വിറ്റഴിക്കും. കമ്പനിയുടെ മറ്റ് നിക്ഷേപകരായ ആല്‍ഫ വേവ്, ഡി.ഐ.ജി ഇന്‍വെസ്റ്റ്‌മെന്റ്, മെട്രിക് പാര്‍ട്‌ണേഴ്‌സ് എന്നിവരും ഒ.എഫ്.എസില്‍ പങ്കെടുക്കുന്നുണ്ട്.
കമ്പനിയുടെ മൂലധന ആവശ്യങ്ങള്‍ക്കും കടം തിരിച്ചടയ്ക്കാനും ഗവേഷണ വികസന (R&D) പ്രവര്‍ത്തനങ്ങള്‍ക്കായുമാകും ഐ.പി.ഒ വഴി സമാഹരിക്കുന്ന പണം വിനിയോഗിക്കുക. ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് ഐ.പി.യ്ക്ക് മുമ്പായി 1,100 കോടി രൂപ സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ഐ.പി.ഒ വഴി സമാഹരിക്കുന്ന തുകയില്‍ കുറവ് വരും.
46% വിപണി വിഹിതം
ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ ടി.വി.എസ് മോട്ടോഴ്‌സ്, ബജാജ് ഓട്ടോ, ഏഥര്‍ എനര്‍ജി എന്നിവയാണ് ഓലയുടെ മുഖ്യ എതിരാളികള്‍. 2024-25 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ ഓലയുടെ വിപണി വിഹിതം 46 ശതമാനമാണ്. നിലവിലെ കപ്പാസിറ്റി അനുസരിച്ച് 10 ലക്ഷം വാഹനങ്ങളാണ് കമ്പനിയുടെ ഉത്പാദന ശേഷി.
കഴിഞ്ഞ സെപ്റ്റംബറില്‍ സംഗപ്പൂര്‍ സ്ഥാപനമായ ടെസ്മാക് നിക്ഷേപം നടത്തിയപ്പോള്‍ കണക്കാക്കിയിരുന്ന 540 കോടി ഡോളറിനേക്കാള്‍ 22 ശതമാനം വരെ താഴെയാണ് നിലവിലെ മൂല്യം കണക്കാക്കിയിരിക്കുന്നത്. സോഫറ്റ് ബാങ്കിന് അടക്കം നിക്ഷേപമുള്ള കമ്പനിയാണ് ഓല ഇലക്ട്രിക്.
Tags:    

Similar News