സാറ്റലൈറ്റ് ബ്രോഡ്ബാന്റ് ലഭ്യമാക്കാന്‍ ഇന്ത്യന്‍ കമ്പനിയും

2022 ഓടെ ലോകത്തിന്റെ വിദൂര പ്രദേശങ്ങളില്‍ പോലും ബ്രോഡ്ബാന്റ് സേവനം ലഭ്യമാക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനത്തിന് ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ പിന്തുണയും

Update:2020-11-23 15:53 IST

ലോകത്തിന്റെ മുക്കിലും മൂലയിലും ബ്രാഡ്ബാന്‍ഡ് സേവനം ലഭ്യമാക്കാന്‍ ഇന്ത്യന്‍ കമ്പനിയും. സുനില്‍ മിത്തലിന്റെ നേതൃത്വത്തിലുള്ള ഭാരതി എന്റര്‍പ്രൈസസിന്റെ ആഗോള രൂപമായ ഭാരതി ഗ്ലോബലാണ് സാറ്റലൈറ്റുകളുടെ സഹായത്തോടെ പര്‍വത പ്രദേശങ്ങളിലും നിലവില്‍ മൊബീല്‍ ഡാറ്റ സേവനം ലഭ്യമാകാത്ത ഇടങ്ങളില്‍ പോലും ബ്രോഡ്ബാന്‍ഡ് സേവനം ലഭ്യമാക്കാന്‍ ഒരുങ്ങുന്നത്. യുകെ ഗവണ്‍മന്റുമായി ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യവും ഇതിനായി രൂപീകരിച്ചിട്ടുണ്ട്. സുനില്‍ മിത്തലാണ് അതിന്റെ എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍. 2022 ഓടെ പ്രവര്‍ത്തനം തുടങ്ങാനാവുമെന്നാണ് സുനില്‍ മിത്തല്‍ ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ഇതിന്റെ ഭാഗമായി അടുത്തിടെ കടക്കെണിയിലകപ്പെട്ട് പാപ്പരായ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ സ്ഥാപനമായ വണ്‍വെബിനെ ഏറ്റെടുത്തിട്ടുണ്ട്.

നിലവില്‍ 74 ലോ എര്‍ത്ത് ഓര്‍ബിറ്റ് സാറ്റലൈറ്റുകള്‍ വണ്‍വെബിന്റേതായി ഉണ്ട്. അടുത്തമാസം 34 എണ്ണം കൂടി വിക്ഷേപിക്കാന്‍ ഒരുങ്ങുകയാണ്. പൂര്‍ണ സേവനം ലഭ്യമാക്കാന്‍ 648 സാറ്റലൈറ്റുകള്‍ വേണ്ടി വരുമെന്നാണ് കണക്കുകൂട്ടല്‍.

രണ്ട് ബില്യണ്‍ ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 500 മില്യണ്‍ ഡോളര്‍ വീതം ഭാരതി ഗ്ലോബലും ബ്രിട്ടീഷ് സര്‍ക്കാരും വഹിക്കും. പദ്ധതിയില്‍ പങ്കാളികളാന്‍ സോഫ്റ്റ്ബാങ്ക് അടക്കമുള്ള നിരവധി സ്ഥാപനങ്ങള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അതു കൊണ്ട് ബാക്കി തുക കണ്ടെത്തുക പ്രയാസമാകില്ലെന്നുമാണ് സുനില്‍ മിത്തലിന്റെ അഭിപ്രായം.

സാങ്കേതിക സഹായത്തിനായി ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) അടക്കമുള്ള സ്ഥാപനങ്ങളുമായി ചര്‍ച്ച നടത്തി വരികയാണ്. 6-8 മാസത്തിനുള്ളില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സേവനം ലഭ്യമാക്കും. അടുത്ത വര്‍ഷം ഒക്ടോബറോടെ യുകെ, നോര്‍ത്ത് യൂറോപ്പ്, അലാസ്‌ക, റഷ്യയുടെ വടക്കന്‍ ഭാഗങ്ങളില്‍ എന്നിവിടങ്ങളില്‍ ആദ്യഘട്ടത്തില്‍ സേവനം ലഭ്യമാക്കും.

സേവനം ലഭ്യമാക്കുന്നതിന് അനുമതി ആവശ്യമുള്ള 30 രാജ്യങ്ങളില്‍ ഭൂരിഭാഗവും അനുമതി നല്‍കിയിട്ടുണ്ടെന്നും ഇന്ത്യയുടെ അനുമതി ഉടന്‍ ലഭിക്കുമെന്നുമാണ് പ്രതീക്ഷയെന്നും സുനില്‍ മിത്തല്‍ പറയുന്നു.

രാജ്യാന്തര തലത്തില്‍ സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് മേഖലയില്‍ സ്‌പേസ് എക്‌സിന്റെ കീഴിലുള്ള സ്റ്റാര്‍ലിങ്കില്‍ നിന്ന് കടുത്ത മത്സരമാകും കമ്പനിക്ക് നേരിടേണ്ടി വരിക.

Tags:    

Similar News