എച്ച്ഡിഎഫ്‌സിയിലെ ഓഹരി ചൈനീസ് ബാങ്ക് വിറ്റു

Update: 2020-07-10 13:56 GMT

രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഒരു നിക്ഷേപത്തില്‍ നിന്ന് പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന പിന്മാറി. രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക സ്ഥാപനങ്ങളില്‍ ഒന്നായ എച്ച്ഡിഎഫ്‌സിയില്‍ കോവിഡ് പ്രതിസന്ധിയില്‍ ഇന്ത്യന്‍ ഓഹരി വിപണി കുത്തനെ ഇടിഞ്ഞപ്പോള്‍ ഒരു ശതമാനത്തിലേറെ ഓഹരി പങ്കാളിത്തം പിബിഒസി ഉയര്‍ത്തിയത് വലിയ വിവാദമായിരുന്നു. എന്നാല്‍ ജൂണില്‍ അവസാനിച്ച സാമ്പത്തിക പാദത്തിലെ എച്ച്ഡിഎഫ്‌സി പുറത്തുവിട്ട ഷെയര്‍ഹോള്‍ഡിംഗ് വിവരരേഖയില്‍ പിബിഒസിയില്ല.

ചൈനീസ് ബാങ്ക് എച്ച്ഡിഎഫ്‌സിയിലെ ഓഹരികള്‍ പൂര്‍ണമായും വിറ്റോ അതോ ഓഹരി പങ്കാളിത്തം ഒരു ശതമാനത്തില്‍ താഴെ ആക്കിയതാണോ എന്നത് വ്യക്തമല്ല. ഒരു ശതമാനത്തില്‍ കൂടുതല്‍ ഓഹരികളുടെ വിവരങ്ങള്‍ മാത്രമേ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഷെയര്‍ഹോള്‍ഡിംഗ് രേഖകള്‍ പ്രകാരം പുറത്തുവിടേണ്ടതായുള്ളൂ. അതില്‍ താഴെയാണെങ്കില്‍ ഇത്തരം വെളിപ്പെടുത്തലില്‍ ഉള്‍പ്പെടുത്തേണ്ടതില്ല.

എന്തുതന്നെയായാലും ചൈനീസ് കേന്ദ്ര ബാങ്ക് എച്ച് ഡി എഫ് സിയിലെ ഓഹരികള്‍ വില്‍പ്പന നടത്തി നേട്ടമുണ്ടാക്കിയിട്ടുണ്ട്. കാരണം, മാര്‍ച്ച് മാസത്തില്‍ അവസാനിച്ച സാമ്പത്തിക പാദത്തില്‍ എച്ച് ഡിഎഫ്‌സി ഓഹരികളുടെ വില 40 ശതമാനത്തോളം ഇടിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഏപ്രിലില്‍ 30 ശതമാനം കുതിച്ചുയര്‍ന്നു. 2020ലെ ഏറ്റവും താഴ്ന്ന തലത്തില്‍ നിന്ന് 30 ശതമാനത്തോളം ഉയര്‍ന്ന വിലയിലാണ് എച്ച്ഡിഎഫ്‌സി ഓഹരികള്‍ ഇപ്പോഴുള്ളത്. പിബിഒസി, എച്ച് ഡി എഫ് സി ഓഹരികള്‍ വാങ്ങിയ വിലയും വിറ്റ വിലയും പുറത്ത് വ്യക്തമായി അറിയില്ല.

പൊതുസമൂഹം അറിയാതിരിക്കാന്‍ ചൈനീസ് ബാങ്ക് എച്ച്ഡിഎഫ്‌സിയിലെ ഓഹരി പങ്കാളിത്തം കുറച്ചിരിക്കാനാണ് സാധ്യത ഏറെ. നിലവില്‍ എല്‍ഐസിയാണ് എച്ച്ഡിഎഫ്‌സിയിലെ ഏറ്റവും വലിയ ഓഹരി പങ്കാളിത്തമുള്ള കമ്പനി.

ചൈനീസ് ബാങ്ക് എച്ച്ഡിഎഫ്‌സിയില്‍ നിക്ഷേപം ഉയര്‍ത്തിയത് ദേശീയതലത്തില്‍ തന്നെ പല നിയമ മാറ്റങ്ങള്‍ക്കും വഴി വെച്ചിരുന്നു. കോവിഡ് പ്രതിസന്ധിയില്‍ മൂല്യമിടിഞ്ഞ കമ്പനികളില്‍ വന്‍തോതില്‍ നിക്ഷേപം നടത്തി അവയെ സ്വന്തമാക്കാനുള്ള ചൈനയുടെ ശ്രമങ്ങളെ പരാജയപ്പെടുത്താന്‍ അയല്‍രാജ്യങ്ങളില്‍ നിന്ന് രാജ്യത്തെ കമ്പനികളില്‍ ഓട്ടോമാറ്റിക് റൂട്ടിലൂടെ വിദേശ നിക്ഷേപം വരുന്ന ചട്ടം വരെ ഇന്ത്യ പരിഷ്‌കരിച്ചിരുന്നു.

ആഗോളതലത്തിലെ പല രാജ്യങ്ങളും ഇത്തരം ചട്ടഭേദഗതികള്‍ സ്വന്തം കമ്പനികളെ രക്ഷിക്കാന്‍ സ്വീകരിച്ചിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News