കാലാവസ്ഥ വ്യതിയാനം തോട്ടം മേഖലയ്ക്ക് കനത്ത വെല്ലുവിളി
തോട്ടം മേഖലയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗരേഖയൊരുക്കി പ്ലാന്റേഷന്‍ എക്സ്പോ
കേരളത്തിലെ തോട്ടം ഉല്‍പന്നങ്ങളുടെ ആഗോള ബ്രാന്‍ഡ് ഉയര്‍ത്തുന്നതിനും സുപ്രധാന മേഖലകളെ ശക്തിപ്പെടുത്തുന്നതിനുമുള്ള കാഴ്ചപ്പാട് പങ്കുവച്ച് പ്ലാന്റേഷന്‍ ഡയറക്ടറേറ്റ് സംഘടിപ്പിച്ച നാലുദിവസത്തെ പ്ലാന്റേഷന്‍ എക്സ്പോയ്ക്ക് ഞായറാഴ്ച സമാപിച്ചു. സംസ്ഥാനത്തുടനീളമുള്ള എസ്റ്റേറ്റുകളില്‍ നിന്നുള്ള നൂറുകണക്കിന് വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളാണ് എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചത്.
തോട്ടം മേഖലയിലേക്കും ആനുകൂല്യങ്ങള്‍
സംസ്ഥാനത്തെ വ്യവസായ മേഖലയിലെ എംഎസ്എംഇകള്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും തോട്ടം മേഖലയിലേക്കും വ്യാപിപ്പിക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് എക്സ്പോ ഉദ്ഘാടന വേളയില്‍ പ്രഖ്യാപിച്ചു. എക്സ്പോയുടെ ഭാഗമായി അക്കാദമിക് വിദഗ്ധരും ആസൂത്രകരും പ്ലാന്റര്‍മാരും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത സെമിനാറുകളില്‍ തോട്ടം മേഖല നേരിടുന്ന വെല്ലുവിളികളും വളര്‍ച്ചാ സാധ്യതകളും ചര്‍ച്ചചെയ്തു.
വൈവിധ്യമാര്‍ന്ന തോട്ടം ഉല്‍പന്നങ്ങള്‍
തേയില, കാപ്പി, സുഗന്ധവ്യഞ്ജനങ്ങള്‍, കശുവണ്ടി, കയറുല്‍പ്പന്നങ്ങള്‍, പാചകവിഭവങ്ങള്‍, മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന തോട്ടം ഉല്‍പന്നങ്ങള്‍ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചു. കനകക്കുന്ന് സൂര്യകാന്തി എക്സിബിഷന്‍ ഗ്രൗണ്ടില്‍ സംസ്ഥാനത്ത് ആദ്യമായി നടന്ന പ്ലാന്റേഷന്‍ എക്സ്പോയില്‍ ഓരോ ദിവസവും ആയിരക്കണക്കിനു പേരാണ് സന്ദര്‍ശകരായി എത്തിയത്. തോട്ടവിപണിയിലെ വൈവിധ്യങ്ങള്‍ നേരിട്ടറിയുന്നതിനും ഉത്പന്നങ്ങള്‍ വാങ്ങുന്നതിനും എക്സ്പോ അവസരമൊരുക്കി.
രാജ്യത്തെ പ്ലാന്റേഷന്‍ മേഖലയുടെ 42 ശതമാനം കേരളത്തിലാണെങ്കിലും നിലവില്‍ മേഖല പ്രതിസന്ധി നേരിടുന്നുണ്ടെന്നും ഇതിന് മാറ്റമുണ്ടാക്കാനാകണമെന്നും മന്ത്രി ചൂണ്ടിക്കാണിച്ചത് സെമിനാറുകളുടെ ചര്‍ച്ചകള്‍ക്ക് പശ്ചാത്തലമൊരുക്കി. രാജ്യത്തെയും പൊതുവെ കേരളത്തിലെയും തോട്ടം മേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളില്‍ സെമിനാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
വിദഗ്ധര്‍ പറഞ്ഞത്
കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന കടുത്ത വെല്ലുവിളി നേരിടാന്‍ സുസ്ഥിരമായ കൃഷിരീതികള്‍ സ്വീകരിക്കുക, പ്ലാന്റേഷന്‍ മേഖല കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി വിളകളുടെ സംഭരണം മെച്ചപ്പെടുത്തുക, വിപണിയില്‍ മരത്തടി ഉല്‍പന്നങ്ങള്‍ക്ക് ആവശ്യമേറിയ പ്രവണത തിരിച്ചറിഞ്ഞ് വൃക്ഷത്തോട്ടങ്ങളുടെ ഉല്‍പാദനത്തില്‍ തോട്ടം മേഖല ശ്രദ്ധിക്കുക, ആഭ്യന്തര ആഗോള വിപണികളുടെ ആകര്‍ഷണത്തിനായി ഉല്‍പന്നങ്ങളുടെ മൂല്യവര്‍ധനയില്‍ ശ്രദ്ധിക്കുക തുടങ്ങിയ സുപ്രധാന ആശയങ്ങള്‍ സെമിനാറില്‍ വിദഗ്ധരില്‍ നിന്ന് ഉയര്‍ന്നുവന്നു.
വ്യവസായ വാണിജ്യ വകുപ്പിന്റെ ഭാഗമായി പ്ലാന്റേഷന്‍ ഡയറക്ടറേറ്റ് രൂപീകരിച്ചതിന് സംസ്ഥാന സര്‍ക്കാരിനെ വിദഗ്ധര്‍ അഭിനന്ദിച്ചു. പ്ലാന്റേഷന്‍ ഡയറക്ടറേറ്റിന്റെ വെബ്സൈറ്റും എക്സ്പോ ഉദ്ഘാടന ചടങ്ങില്‍ പുറത്തിറക്കി. തോട്ടം മേഖല നേരിടുന്ന വെല്ലുവിളികള്‍ മറികടന്ന് മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ പ്ലാന്റേഷന്‍ ഡയറക്ടറേറ്റിന്റെ പ്രവര്‍ത്തനത്തിലൂടെ സാധിക്കുമെന്ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെ തോട്ടം മേഖലയെ പ്രതികൂലമായി ബാധിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതിന്റേയും കൂടുതല്‍ പേരെ മേഖലയിലേക്ക് ആകര്‍ഷിക്കേണ്ടതിന്റേയും പ്രാധാന്യത്തെക്കുറിച്ച് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് ചൂണ്ടിക്കാട്ടി.
പങ്കെടുത്തവര്‍ ഏറെ
സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത തോട്ടങ്ങള്‍, തോട്ടം മേഖലയിലെ സഹകരണ സംഘങ്ങള്‍, തോട്ടം മേഖലയുമായി ബന്ധമുള്ള വ്യാപാരികള്‍, വിതരണക്കാര്‍, സേവന ഉപകരണ ദാതാക്കള്‍ എന്നിവരാണ് എക്സ്പോയില്‍ പങ്കെടുത്തത്. ഈ മേഖലയിലെ കേന്ദ്രസംസ്ഥാന സ്ഥാപനങ്ങളുടെ ഇന്‍ഫര്‍മേഷന്‍ കൗണ്ടറുകളും എക്സ്പോയില്‍ ഉണ്ടായിരുന്നു. സൂര്യകാന്തി എക്സിബിഷന്‍ ഗ്രൗണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ 100 സ്റ്റാളുകളിലാണ് എക്സ്പോ ഒരുക്കിയത്. പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമായിരുന്നു.