രത്തന്‍ ടാറ്റയുടെ തുണയോടെ മൊബൈല്‍ പെട്രോള്‍ പമ്പ് നിര്‍മ്മിച്ചു നല്‍കാന്‍ സ്റ്റാര്‍ട്ടപ്പ്

Update: 2020-05-25 05:38 GMT

വ്യവസായി രത്തന്‍ ടാറ്റയുടെ പിന്തുണയോടെ പ്രവര്‍ത്തനക്ഷമമാക്കിയ പദ്ധതി പ്രകാരം മൊബൈല്‍ പെട്രോള്‍, ഡീസല്‍ പമ്പുകള്‍ രാജ്യത്തു വ്യാപകമാക്കാന്‍ പൂനെയിലെ സ്റ്റാര്‍ട്ടപ്പ്. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 3,200 മൊബൈല്‍ പെട്രോള്‍ പമ്പുകള്‍ നിര്‍മ്മിച്ച് വില്‍ക്കാനാണു പദ്ധതിയെന്ന് ഊര്‍ജ്ജ വിതരണ സ്റ്റാര്‍ട്ടപ്പ് ആയ  റെപോസ് എനര്‍ജി അറിയിച്ചു.

തുടക്കമെന്ന നിലയില്‍ സ്റ്റാര്‍ട്ടപ്പിന് സ്വന്തമായുള്ള 320 വാഹനങ്ങളില്‍ നൂറിലധികം എണ്ണം പൂര്‍ണ്ണമായും മൊബൈല്‍ പെട്രോള്‍ പമ്പ് ആയി പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ട്.ലോക്ഡൗണ്‍ വന്നതോടെ ഇവയിലൂടെയുള്ള ബിസിനസ്് കൂടി. 90 നഗരങ്ങളിലായാണ് ഇവ ഓടുന്നത്.

നിലവില്‍  രാജ്യത്താകമാനമായുള്ളത് 55,000 ഇന്ധന സ്റ്റേഷനുകളാണ്.  ഒരു ലക്ഷത്തിലധികമാണ് ആവശ്യമുള്ളത്. പക്ഷേ, ഭൂമിയുടെ ലഭ്യതയും വലിയ ചെലവുകളും കാരണം ഇത് പ്രായോഗികമല്ല- റെപോസ് എനര്‍ജിയുടെ സഹസ്ഥാപകന്‍ ചേതന്‍ വാലുഞ്ച് പറഞ്ഞു. ലളിതമായ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഉപഭോക്താക്കള്‍ക്ക് ഇന്ധനം സുരക്ഷിതമായും സൗകര്യപ്രദമായും എത്തിക്കാന്‍ നിര്‍മ്മിത ബുദ്ധിയുടെ സഹായം ഉപയോഗിക്കും. തത്സമയ അപ്ഡേറ്റുകള്‍ ലഭിക്കുന്നതിന് ക്ലൗഡ് സാങ്കേതികവിദ്യയുമായി ഇത് സംയോജിപ്പിച്ചിട്ടുണ്ട്.

എടിജി എന്ന അത്യാധുനിക സെന്‍സിറ്റീവ് സെന്‍സറുകള്‍ ഡീസലിന്റെയും പെട്രോളിന്റെയും കൃത്യമായ ഗുണനിലവാരവും അളവും ഉറപ്പാക്കും. ജിപിഎസും ജിയോ ഫെന്‍സിംഗും ഉപയോഗിച്ച് പ്രവര്‍ത്തനക്ഷമമാക്കിയ ഈ മൊബൈല്‍ പെട്രോള്‍ പമ്പ് തത്സമയം നിരീക്ഷിക്കാനും പരമാവധി സുതാര്യത ഉറപ്പാക്കാനും സംവിധാനങ്ങളുണ്ടാകും.സ്ഥാപനങ്ങള്‍ ആയിരിക്കും മൊബൈല്‍ ഇന്ധന പമ്പുകളുടെ മുഖ്യ ഉപഭോക്താക്കളെന്നാണ് സ്റ്റാര്‍ട്ടപ്പ് കരുതുന്നത്. വീടുകളിലെയും സ്ഥാപനങ്ങളിലെയും വൈദ്യുത ജനറേറ്ററുകള്‍ക്ക് ഇന്ധനം എത്തിക്കുന്നതിന് വലിയ ബുദ്ധിമുട്ടാണ് പൊതുവേയുള്ളത്. ടാറ്റാ മോട്ടോഴ്സിനൊപ്പം ഉപദേഷ്ടാവായി എത്തിയ രത്തന്‍ ടാറ്റ റെപോസ് മൊബൈല്‍ പെട്രോള്‍ പമ്പുകള്‍ സുരക്ഷിതവും കാര്യക്ഷമവുമാക്കാന്‍ ഏറെ സഹായിച്ചതായി ചേതന്‍ വാലുഞ്ച് പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News