റിയൽ എസ്റ്റേറ്റ് മേഖലയിലെ 8 ടെക്  ഡിസ്‌റപ്‌ഷനുകൾ

Update: 2018-11-13 08:56 GMT

വ്യവസായരംഗത്തെ കൺസർവേറ്റുകളായാണ് കൺസ്ട്രക്ഷൻ മേഖല പണ്ടേ അറിയപ്പെടുന്നത്. റീറ്റെയ്ൽ, ഓട്ടോ രംഗങ്ങൾ പോലെ അത്രപെട്ടെന്ന് മാറ്റങ്ങളെ ഉൾക്കൊള്ളാറില്ല എന്ന് പൊതുവെ ഒരു ആക്ഷേപം നിർമ്മാണ മേഖലയെപ്പറ്റിയുണ്ട്. അതിനിപ്പോൾ മാറ്റം വന്നിരിക്കുന്നു.

ടെക്നോളജി രംഗത്തെ വിപ്ലവകരമായ മാറ്റങ്ങൾ ഉപയോഗിച്ച് പ്രോജക്റ്റുകൾ സമയബന്ധിതമായി തീർക്കാനും ചെലവുകൾ കുറക്കാനും തെറ്റുകൾ ഒഴിവാക്കാനും എല്ലാത്തിനുമുപരി ഉപഭോക്തൃ സേവനങ്ങൾ മെച്ചപ്പെടുത്താനും റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാർ പ്രത്യേക ശ്രദ്ധ കൊടുക്കുന്ന കാലമാണിത്.

2018-ൽ ഏറ്റവും കൂടുതൽ ജനശ്രദ്ധയാകർഷിച്ച ടെക്നോളോജിക്കൽ ഡിസ്‌റപ്‌ഷനുകൾ ഇവയാണ്.

വെർച്വൽ റിയാലിറ്റി

ഒരു കാലത്ത് ഗെയിമിംഗിൽ മാത്രം ഒതുങ്ങിനിന്നിരുന്ന സാങ്കേതിക വിദ്യയായിരുന്നു വെർച്വൽ റിയാലിറ്റി. ഇപ്പോഴത്, കൂടുതൽ ജനകീയമായിരിക്കുകയാണ്. കേരളത്തിലെ റിയൽ എസ്റ്റേറ്റ് കമ്പനികൾ വളരെ മുൻപേ തന്നെ ഈ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയിരുന്നു. 4ഡി വെർച്വൽ റിയാലിറ്റി ഇപ്പോൾ കൺസ്ട്രക്ഷൻ മേഖലയിൽ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.

നിർമ്മാണത്തിന്റെ പ്ലാനിംഗ്, ഡിസൈൻ ഘട്ടങ്ങൾ മുതൽ നിക്ഷേപകർക്കും നിലവിലെ പ്രോപ്പർട്ടി ഉടമകൾക്കും പ്രോജക്ടിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കി കൊടുക്കാൻ 4ഡി വെർച്വൽ റിയാലിറ്റി സഹായിക്കുന്നു. പ്രൊജക്റ്റ് സൈറ്റ് സന്ദർശിക്കേണ്ട ആവശ്യമില്ല. മാത്രമല്ല നിർമ്മാണത്തിന്റെ വളരെ സൂക്ഷ്‌മമായ കാര്യങ്ങൾ വരെ പഠിച്ച് കാര്യക്ഷമമായും സുരക്ഷിതമായും നിർമ്മാണം പൂർത്തിയാക്കാൻ ഡെവലപ്പർമാരെ സഹായിക്കുന്ന ഒരു ടൂൾ ആണിത്.

ഓഗ്മെന്റഡ് റിയാലിറ്റി

3ഡി, 4ഡി വെർച്വൽ റിയാലിറ്റി ടെക്നോളജികൾ ഉപയോക്താക്കളെ ഒരു സ്ഥലത്ത് നിന്നുകൊണ്ട് തന്നെ പ്രൊജക്റ്റ് പ്ലാനുകൾ നോക്കിക്കാണാൻ സഹായിക്കുമ്പോൾ, ഓഗ്മെന്റഡ് റിയാലിറ്റി നമ്മെ 3ഡി എൻവിയോണ്മെന്റിലൂടെ നടന്ന് കാര്യങ്ങൾ മനസിലാക്കാൻ സഹായിക്കുന്നു.

ബിൽഡിംഗ് ഇൻഫോർമേഷൻ മോഡലിംഗ് (BIM)

നമ്മൾ കണ്ടിട്ടുള്ള ബിൽഡിംഗ് ഡിസൈനുകളെല്ലാം 2D പേപ്പർ ഡ്രോയിങ്ങുകളോ 3D മോഡലുകളോ ആണ്. എന്നാൽ ബിൽഡിംഗ് ഇൻഫോർമേഷൻ മോഡലിംഗ് ഒരു പടികൂടി കടന്ന് 5D യിലാണ് ഡിസൈൻ ചെയ്യുന്നത്. നാലാമത്തെ ഡൈമെൻഷൻ സമയവും അഞ്ചാമത്തേത് പ്രോജക്ടിന്റെ ചെലവുമാണ്.

നിർമ്മാണം തുടങ്ങുമ്പോഴേ പിഴവുകൾ കണ്ടെത്താനും പരിഹരിക്കാനും കഴിയുമെന്നതാണ് ഇതിന്റെ മെച്ചം.

റോബോട്ടിക്‌സ്

വമ്പൻ റോബോട്ടുകൾ വലിയ വലിയ കെട്ടിടങ്ങൾ ഇടിച്ചു തകർത്ത് നിലംപരിശാക്കുന്നത് ഹോളിവുഡ് സിനിമകളിൽ മാത്രമല്ല, യഥാർത്ഥ ലോകത്തിലുമുണ്ട്. ഡെമോളിഷൻ റോബോട്ടുകൾ എന്നാണിവ അറിയപ്പെടുന്നത്. കെട്ടിടം പണിയുന്നതുപോലെതന്നെ ശ്രമകരമായ ജോലിയാണ് കെട്ടിടം പൊളിക്കുക എന്നതും. അതുകൊണ്ട്, ഈ റോബോട്ടുകൾ സമയവും അധ്വാനവും ലാഭിക്കും.

ചില കമ്പനികൾ ഇപ്പോൾ കെട്ടിടം പണിയുന്ന ഓട്ടോമേറ്റഡ് റോബോട്ടുകൾ വികസിപ്പിക്കുന്നതിനുള്ള പണിപ്പുരയിലാണ്. കൺസ്ട്രക്ഷൻ റോബോട്ടുകൾ ഈ മേഖലയിൽ വൻ മാറ്റങ്ങളായിരിക്കും സൃഷ്ടിക്കുക.

ഡ്രോണുകൾ

റിമോട്ടോ കമ്പ്യൂട്ടർ പ്രോഗ്രാമോ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന ചെറു ആളില്ലാ വിമാനങ്ങൾ അഥവാ അൺ-മാൻഡ് ഏരിയൽ വെഹിക്കിൾസി (UAV) നെ കുറിച്ച് അറിയാത്തവർ ചുരുക്കമാണ്. ഇപ്പോൾ അവയെ കൺസ്ട്രക്ഷൻ മേഖലയിലും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. പ്രൊജക്റ്റ് സൈറ്റിന്റെ ഏരിയൽ സർവെ നടത്തി ഫോട്ടോഗ്രാഫുകളോ 3D ചിത്രങ്ങളോ എടുക്കാൻ ഇവ ഉപയോഗിക്കും.

കണക്ടഡ് കൺസ്ട്രക്ഷൻ സൈറ്റ്സ്‌

നിർമ്മാണം നടക്കുന്ന സ്ഥലവും, പ്രൊജക്റ്റ് ഓഫീസും, ഡിസൈൻ ഓഫീസും മിക്കവാറും പല ഇടങ്ങളിലായിരിക്കും. തമ്മിലുള്ള ആശയവിനിമയം എളുപ്പത്തിലാക്കാൻ സൈറ്റ് കണക്ടിവിറ്റി ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. സ്മാർട്ട്ഫോണുകളുടെ കാലത്ത് ഇത് കൂടുതൽ എളുപ്പമായിരിക്കുകയാണ്.

3ഡി പ്രിന്റിംഗ്

2015ൽ ചൈനയിലെ ഒരു കമ്പനി വെറും 45 ദിവസങ്ങൾ കൊണ്ട് ഒരു രണ്ട് നില വീട് നിര്‍മ്മിച്ചത് വലിയ വാർത്തയായിരുന്നു. പ്ലംബിങ്ങും വയറിംഗും ഉള്‍പ്പടെ സമ്പൂര്‍ണമായ വീടാണ് നിര്‍മ്മിച്ചത്. 3ഡി പ്രിന്റ്റിംഗ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് വീടിന്റെ ഭാഗങ്ങള്‍ പ്രിന്റ് ചെയ്തതിനു ശേഷം ക്രെയിന്‍ ഉപയോഗിച്ച് അവയെ യോജിപ്പിക്കുകയായിരുന്നു. വളരെ ചെലവു കുറഞ്ഞതും എന്നാൽ ഈടു നിൽക്കുന്നതുമായ വസ്തുക്കൾ കൊണ്ട് നിർമ്മിച്ച ഈ വീട് റിച്ചർ സ്കെയിലിൽ 8 വരെ രേഖപ്പെടുത്തുന്ന ഭൂകമ്പങ്ങളെ അതിജീവിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇന്ന് കൺസ്ട്രക്ഷൻ മേഖലയിൽ ഇത് ഒരു ട്രെൻഡായി മാറിക്കൊണ്ടിരിക്കുകയാണ്.

പ്രീഫാബ്രിക്കേഷൻ

പ്രീഫാബ്രിക്കേഷൻ ഒരു പുതിയ സാങ്കേതിക വിദ്യയല്ല. ദശകങ്ങളായി നിമ്മാണക്കമ്പനികൾ ഇതുപയോഗിക്കുന്നുണ്ട്. എന്നാൽ ബിൽഡിംഗ് ഇൻഫോർമേഷൻ മോഡലിംഗ് തുടങ്ങിയ പുതിയ ടെക്നോളജികളുടെ വരവോടെ ഇതിന്റെ സാദ്ധ്യതകൾ കൂടി.

Similar News