ലുമിനസ് പവറിന്റെ ഹോം ഇലക്ട്രിക്കല്‍ ബിസിനസ് ഏറ്റെടുത്ത് ആര്‍ആര്‍ കാബെല്‍
ആര്‍ആര്‍ കാബെലിന് ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കാനും പദ്ധതികളുണ്ട്
ഫ്രഞ്ച് എഞ്ചിനീയറിംഗ് കമ്പനിയായ ഷ്‌നൈഡറില്‍ നിന്ന് ലുമിനസ് പവറിന്റെ ഹോം ഇലക്ട്രിക്കല്‍ ബിസിനസ് (എച്ച്ഇബി) ഏറ്റെടുത്തതായി ആര്‍ആര്‍ കാബെല്‍. ഇക്വിറ്റി സ്ഥാപനമായ ടിപിജി ക്യാപിറ്റല്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന വയറുകളുടെയും കേബിളുകളുടെയും നിര്‍മാതാക്കളായ ആര്‍ആര്‍ കാബെല്‍ ബുധനാഴ്ചയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫാനുകള്‍, ലൈറ്റുകള്‍, വീട്ടുപകരണങ്ങള്‍ എന്നിവയുടെ ഒരു പോര്‍ട്ട്‌ഫോളിയോ ഉള്ള ആര്‍ആര്‍ കാബെലിന്റെ ഈ പുതിയ ഏറ്റെടുക്കല്‍ ഉപഭോക്തൃ ഇലക്ട്രിക്കല്‍ ഗുഡ്‌സ് ബിസിനസിനെ ശക്തിപ്പെടുത്തുമെന്ന് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ശ്രീഗോപാല്‍ കബ്ര വ്യക്തമാക്കി.
കൂടാതെ, ആര്‍ആര്‍ കാബെല്‍ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് തയ്യാറെടുക്കുന്നതായും 2023 അവസാന പാദത്തില്‍ വിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ പദ്ധതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലുമിനസ് പവറിന്റെ ഹോം ഇലക്ട്രിക്കല്‍ ബിസിനസ് (എച്ച്ഇബി) ഏറ്റെടുക്കുന്നത് ഈ വര്‍ഷം മെയ് മാസത്തില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, എത്ര തുകയ്ക്കാണ് പുതിയ ഏറ്റെടുക്കലെന്ന് കാബ്ര വ്യക്തമാക്കിയിട്ടില്ല. ലുമിനസിന്റെ ഹോം ഇലക്ട്രിക്കല്‍ ബിസിനസില്‍ ഫാനുകളും ലൈറ്റുകളുമാണ് ഉള്‍ക്കൊള്ളുന്നത്. ഇത് ഏറ്റെടുക്കുന്നതോടെ ഈ വിഭാഗത്തിന്റെ പ്രീമിയം സെഗ്‌മെന്റിലേക്ക് പ്രവേശിക്കാന്‍ ആര്‍ആര്‍ കാബെലിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2011ലാണ് ലുമിനസ് പവറിന്റെ 74 ശതമാനം ഓഹരികള്‍ ഷ്‌നൈഡര്‍ സ്വന്തമാക്കിയത്. പിന്നീട് 2017ല്‍ ബാക്കിയുള്ള 26 ശതമാനം ഓഹരികളും കൈവശമാക്കി. ആര്‍ആര്‍ കാബെലിന്റെ മൊത്തത്തിലുള്ള വരുമാനം ഏകദേശം 5,400 കോടി രൂപയാണെന്നും അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 10,000 കോടി രൂപയിലെത്തുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നതെന്നും കബ്ര പറഞ്ഞു.