ശ്രീപെരുംപുത്തൂരില്‍ 'നോക്കിയ' പുനര്‍ജീവിക്കും; ഏറ്റെടുക്കുന്നത് ഫിന്‍ലാന്‍ഡിലെ സാല്‍കോംപ്

Update: 2019-11-26 10:27 GMT

നോക്കിയയുടെ ശ്രീപെരുംപുത്തൂരിലെ വന്‍ നിര്‍മ്മാണശാല പുനര്‍ജീവിപ്പിക്കാന്‍ ഫിന്‍ലാന്‍ഡിലെ സാല്‍കോംപ് 2,000 കോടി ഡോളര്‍ (278.67 മില്യണ്‍ ഡോളര്‍) നിക്ഷേപം നടത്തുമെന്ന്  സാങ്കേതിക വകുപ്പു മന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു. 2014 ല്‍ നികുതിയെച്ചൊല്ലി അധികൃതരുമായുണ്ടായ തര്‍ക്കങ്ങളെത്തുടര്‍ന്ന് പൂട്ടിയ യൂണിറ്റാണ് ഐഫോണുകള്‍ക്കായി ആപ്പിളിന് ചാര്‍ജറുകള്‍ വിതരണം ചെയ്യുന്ന വന്‍ കമ്പനി ഏറ്റെടുത്തു തുറക്കുന്നത്.

മാര്‍ച്ചോടെ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നു രവിശങ്കര്‍ പ്രസാദ് പറഞ്ഞു. നോക്കിയ ഫോണ്‍ ഹാന്‍ഡ്സെറ്റുകളും ചാര്‍ജറുകളും വൈവിധ്യമാര്‍ന്ന മറ്റ് ഉപകരണങ്ങളും ഇവിടെ നിര്‍മ്മിക്കും. 10, 000 പേര്‍ക്ക് നേരിട്ടും 50,000 പേര്‍ക്ക് പരോക്ഷമായും ഇവിടെ ജോലി ലഭിക്കുമെന്ന് മന്ത്രി അറിയിച്ചു. ചൈനയിലേക്കുള്‍പ്പെടെ 70 ശതമാനം ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യും.

ആപ്പിളിന്റെ ഏറ്റവും വലിയ ഘടക ദാതാക്കളായ സാല്‍കോംപിന്റെ പുതിയ സംരംഭം 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിക്ക് വന്‍ ഉത്തജനമാകുമെന്നാണു വിലയിരുത്തപ്പെടുന്നത്. ഇന്ത്യ കേന്ദ്രീകരിച്ച് ഉല്‍പ്പാദനം ശക്തമാക്കാനുള്ള ആപ്പിളിന്റെ നീക്കത്തിന് ഇനി വേഗം കൂടും. വ്യാപാര യുദ്ധത്തിന്റെ അനുബന്ധമായി ചൈനയോടു വിട പറയാനുള്ള ആപ്പിളിന്റെ പദ്ധതിയോട് ഒത്തുപോവുന്നതാണ് സാല്‍കോംപിന്റെ നീക്കം. ശ്രീപെരുംപുത്തൂര്‍ പ്രത്യേക സാമ്പത്തിക മേഖലയില്‍ നിലവില്‍ സാല്‍കോംപിന് രണ്ട് യൂണിറ്റുകളുണ്ട്. രണ്ടിടത്തുമായി 7000 തൊഴിലാളികളാണുള്ളത്.

2006 ല്‍ പ്രവര്‍ത്തനമാരംഭിച്ച നോക്കിയ ഫാക്റ്ററി ഒരുകാലത്ത് വര്‍ഷത്തില്‍ 10 കോടി ഹാന്‍ഡ്സെറ്റുകള്‍ ഉല്‍പാദിപ്പിച്ച് ലോകത്തെ തന്നെ ഏറ്റവും വലിയ ഹാന്‍ഡ്സെറ്റ് നിര്‍മാണകേന്ദ്രമായി വളര്‍ന്നിരുന്നു. 12,000 തൊഴിലാളികളാണ് അന്നുണ്ടായിരുന്നത്. എന്നാല്‍ നികുതിയിനത്തില്‍ 2,500 കോടി രൂപ സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് കാര്യങ്ങള്‍ വഷളാവുകയായിരുന്നു. ഈ തര്‍ക്കം മൂലമാണ് 2014 ല്‍ ഫാക്റ്ററി  മൈക്രോസോഫ്റ്റ് ഏറ്റെടുക്കാനുള്ള നീക്കം പാളിയത്. ഹാന്‍ഡ്സെറ്റ് ഉല്‍പ്പാദനത്തില്‍ ഇന്ത്യ പിന്നോട്ടുപോകാനും ഇതിടയാക്കി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News