ഇനി ചെറിയ കളികളില്ല, വലിയ കളികള്‍ മാത്രം; സാംസംഗിന്റെ പുതിയ നീക്കം

സ്മാര്‍ട്ട്‌ഫോണ്‍ സെഗ്‌മെന്റ് വിപണിയില്‍ സാംസംഗിന്റെ പദ്ധതികളെന്ത്?

Update: 2022-05-25 09:08 GMT

ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ (Indian Smart Phone) വിപണിയില്‍ പുതിയ നീക്കവുമായി ദക്ഷിണ കൊറിയന്‍ നിര്‍മാതാക്കളായ സാംസംഗ് (Samsung). ഇന്ത്യയിലെ ഉയര്‍ന്ന വോളിയവും കുറഞ്ഞ മൂല്യവുമുള്ള ഫീച്ചര്‍ ഫോണ്‍ ബിസിനസില്‍ നിന്ന് പുറത്തുകടക്കാന്‍ സാംസംഗ് ഒരുങ്ങുന്നതായി ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വിഭാഗത്തിലെ അവസാന ബാച്ച് ഉല്‍പ്പന്നങ്ങള്‍ ഡിസംബറില്‍ നിര്‍മാണ കരാര്‍ പങ്കാളിയായ ഡിക്സണ്‍ നിര്‍മിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇതിലൂടെ ഉയര്‍ന്ന മൂല്യമുള്ള സ്മാര്‍ട്ട് ഫോണുകളുടെ നിര്‍മാണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് 
സാംസംഗിന്റെ
 നീക്കം. കൂടാതെ, 15000 ന് മുകളില്‍ വില വരുന്ന സ്മാര്‍ട്ട് ഫോണുകളും സാംസംഗ് പുറത്തിറക്കിയേക്കും. വിപണി ട്രാക്കര്‍ കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് പറയുന്നതനുസരിച്ച്, 2022-ന്റെ ആദ്യ പാദത്തില്‍ ഇന്ത്യയിലെ ഫീച്ചര്‍ ഫോണ്‍ കയറ്റുമതിയില്‍ വന്‍ ഇടിവാണുണ്ടായത്. വിതരണ പ്രതിസന്ധിയും ഉഉയര്‍ന്ന റീട്ടെയില്‍ പണപ്പെരുപ്പം മൂലം ഡിമാന്‍ഡ് കുറഞ്ഞതുമാണ് ഇതിന് കാരണം. ഈ സെഗ്മെന്റില്‍, കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ മുന്നിട്ടുനിന്നിരുന്ന സാംസംഗ് മൂന്നാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. 12 ശതമാനം പങ്കാളിത്തം മാത്രമാണ് സംസങ്ങിനുള്ളത്. 21 ശതമാനവുമായി Itel, 20 ശതമാനം പങ്കാളിത്തവുമായി ലാവ എന്നിവയാണ് മുന്‍നിരയിലുള്ള നിര്‍മാതാക്കള്‍.
ആഗോളതലത്തില്‍ ഫീച്ചര്‍ ഫോണുകളുടെ കയറ്റുമതിയില്‍ ഇന്ത്യ മുന്‍പന്തിയില്‍ തുടരുന്നുണ്ട്. ലാറ്റിനമേരിക്കയിലും ആഫ്രിക്കയിലുമാണ് ഈ സെഗ്മെന്റില്‍ ശക്തമായ ഡിമാന്റുള്ളത്. 2021 സാമ്പത്തിക വര്‍ഷത്തില്‍ 1,496 കോടി രൂപയുടെ കയറ്റുമതിയാണ് ഈ വിഭാഗത്തില്‍ രേഖപ്പെടുത്തിയത്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 2020നേക്കാള്‍ നിന്ന് 621 ശതമാനം വര്‍ധന.


Tags:    

Similar News